മുംബൈ: മുംബൈയിലെ തന്‍റെ പ്രശസ്തമായ റെസ്റ്റോറന്റ് ബാസ്റ്റ്യൻ ബാന്ദ്ര അടച്ചുപൂട്ടുകയാണെന്ന് നടി ശിൽപ ഷെട്ടി അറിയിച്ചു. നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസ് വന്നതിന് പിന്നാലെയാണിത്. ശിൽപ ഷെട്ടി തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വിവരം അറിയിച്ചത്.
'മുംബൈയിലെ പ്രശസ്തമായ ബാസ്റ്റിയൻ ബാന്ദ്ര വ്യാഴാഴ്ച ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. എണ്ണമറ്റ ഓർമകളും മറക്കാനാവാത്ത രാത്രികളും നഗരത്തിന്റെ രാത്രിജീവിതത്തെ രൂപപ്പെടുത്തിയ നിമിഷങ്ങളും ഞങ്ങൾക്ക് സമ്മാനിച്ച ഒരു വേദി ഇപ്പോൾ അതിന്റെ അന്ത്യത്തിലേക്ക് നീങ്ങുന്നു' -എന്ന് ശിൽപ ഷെട്ടി അറിയിച്ചു. എന്നാൽ നഗരത്തിലെ തന്റെ മറ്റൊരു റെസ്റ്റോറന്റായ ബാസ്റ്റ്യൻ അറ്റ് ദി ടോപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ മുംബൈയിൽ സെലിബ്രിറ്റികൾ സ്ഥിരമായി സന്ദർശിക്കുന്ന സ്ഥലമായിരുന്നു ബാസ്റ്റ്യൻ ബാന്ദ്ര. സെപ്റ്റംബർ നാലിനാണ് റെസ്റ്റോറന്റ് പൂട്ടുക. നടി ശിൽപ ഷെട്ടിയും റെസ്റ്റോറേറ്റർ രഞ്ജിത് ബിന്ദ്രയും ചേർന്ന് 2016 ലാണ് റെസ്റ്റോറന്റ് ആരംഭിച്ചത്.
ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസ് സമയത്താണ് ഈ അടച്ചുപൂട്ടൽ. 60 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ച് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് പരാതി നല്‍കിയത്. ദമ്പതികളുടെ സ്ഥാപനമായിരുന്ന ബെസ്റ്റ് ഡീൽ ടി.വി പ്രൈവറ്റ് ലിമിറ്റഡുമായുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിപ്പെന്നാണ് ആരോപണം.
2015നും 2023നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് പരാതിയിൽ പറയുന്നത്. ലോട്ടസ് ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസിന്റെ ഡയറക്ടർ കോത്താരിയാണ് പരാതി നൽകിയത്. രാജേഷ് ആര്യ എന്ന വ്യക്തിയാണ് തനിക്ക് ദമ്പതികളെ പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം പരാതിയിൽ പറഞ്ഞു.
അന്ന് അവർ ഹോം ഷോപ്പിങ്, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടി.വി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരുന്നു. ആ സമയത്ത് കമ്പനിയുടെ 87.6% ഓഹരികളും ദമ്പതികളുടെ കൈവശമായിരുന്നു. ദമ്പതികൾ ആദ്യം 12% പലിശക്ക് 75 കോടി രൂപയുടെ വായ്പ ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ഉയർന്ന നികുതി ഒഴിവാക്കുന്നതിനായി ഒരു നിക്ഷേപമായി ഫണ്ട് ഉപയോഗിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും പ്രതിമാസ വരുമാനവും മുതലിന്റെ തിരിച്ചടവും ഉറപ്പുനൽകിയെന്നും കോത്താരി അവകാശപ്പെട്ടു.
2015 ഏപ്രിലില്‍ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. സെപ്റ്റംബറില്‍ രണ്ടാമത്തെ കരാര്‍ ഒപ്പിട്ടു. 2015 ജൂലൈ മുതല്‍ 2016 മാര്‍ച്ച് വരെ 28.54 കോടി രൂപ കൂടി കൈമാറിയതായും അദ്ദേഹം പറയുന്നു. എന്നാൽ 2016 സെപ്റ്റംബറിൽ അവർ ബെസ്റ്റ് ഡീൽ ടി.വിയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു.
രാജേഷ് ആര്യ എന്ന ഇടനിലക്കാരൻ വഴി തന്റെ പണം തിരിച്ചുപിടിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് കോത്താരി ആരോപിച്ചു. നടിയും ഭർത്താവും തന്റെ ഫണ്ട് വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി നൽകിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.