മിഥുൻ ചക്രവർത്തി
മിഥുൻ ചക്രവർത്തിയും സംവിധായകനും തിരക്കഥാകൃത്തുമായ വിവേക് അഗ്നിഹോത്രിയും നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെക്കുറിച്ചുള്ള രാഷ്ട്രീയ ത്രില്ലർ സിനിമയായ ദി താഷ്‌കന്റ് ഫയൽസിലെ അഭിനയത്തിന് മിഥുൻ ചക്രവർത്തിക്ക് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. മിഥുൻ ചക്രവർത്തിയെ മനസിൽ വെച്ചുകൊണ്ട് അഗ്നിഹോത്രി എല്ലായ്‌പ്പോഴും ഓരോ സിനിമയിലും ഒരു കഥാപാത്രത്തെ എഴുതുന്നുണ്ട് എന്ന് പോലും സംസാരമുണ്ട്.
എനിക്ക് വേണ്ടി വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ വിവേക് അഗ്നിഹോത്രി എഴുതുന്നു. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം എന്നെ നന്നായി മനസിലാക്കുന്നു. ദി ബംഗാൾ ഫയൽസിനായി അദ്ദേഹം എന്നെ സമീപിച്ചപ്പോൾ എനിക്ക് ഭയമായിരുന്നു. വളരെ വെല്ലുവിളി നിറഞ്ഞതിനാൽ എനിക്ക് ആ കഥാപാത്രം ചെയ്യാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ചലച്ചിത്ര നിർമാതാക്കൾ സത്യം ചിത്രീകരിക്കുമ്പോൾ അത് പ്രചാരണമായി കണക്കാക്കി തള്ളിക്കളയപ്പെടുന്നതിൽ ഞാൻ അസ്വസ്ഥനാണ്.
ഫയൽസ് ത്രയത്തിലെ മൂന്നാമത്തെ ചിത്രമായ ദി ബംഗാൾ ഫയൽസ് 1946 ഓഗസ്റ്റ് 16ന് നടന്ന കൊൽക്കത്ത കലാപത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ദി താഷ്‌കന്റ് ഫയൽസ്, ദി കാശ്മീർ ഫയൽസ്, ദി ബംഗാൾ ഫയൽസ് എന്നിവയുൾപ്പെടെ അഗ്നിഹോത്രിയുടെ മിക്ക സിനിമകളിലും സ്ഥിരമായി അഭിനയിച്ചിട്ടുള്ള ചക്രവർത്തി അത്തരം സിനിമകളെ എപ്പോഴും ലക്ഷ്യം വെക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗമുണ്ടെന്നും കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ട്രെയിലർ പോലും കാണാതെ ആളുകൾ സിനിമയെ വിമർശിക്കുകയാണ്. കൊൽക്കത്തയിൽ നടന്ന ദി ബംഗാൾ ഫയൽസ് എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് പരിപാടി അട്ടിമറിക്കപ്പെട്ടുവെന്നും അവസാന നിമിഷം അവർക്ക് വേദി മാറ്റേണ്ടിവന്നുവെന്നും അഗ്നിഹോത്രി ആരോപിച്ചു.
എന്‍റെ കഥാപാത്രം എന്നെ ആവേശം കൊള്ളിക്കുന്ന സിനിമകൾ മാത്രമേ ഞാൻ ചെയ്യുകയുള്ളൂ. അല്ലാത്തപക്ഷം ഞാൻ അത് ചെയ്യില്ല മിഥുൻ ചക്രവർത്തി പറയുന്നു. ചെഗുവേരയും ഓഷോയും ആ ലിസ്റ്റിലുണ്ടെന്നും താരം പറയുന്നു. രജനീഷ് ഓഷോയെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ ഒരു സംവിധായകനുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. രാജ്കുമാർ സന്തോഷിയുടെ പീരിയഡ് ഡ്രാമയായ ലാഹോർ 1947 ൽ മൗലവിയായും മിഥുൻ ചക്രവർത്തി അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.