സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാങ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെ തന്‍റെ കരിയർ ആരംഭിച്ച നടനാണ് സുദേവ് നായർ. പിന്നീട് എം.ബി പത്മകുമാറിന്റെ മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിനുശേഷമാണ് 2015ൽ അനാർക്കലി എന്ന സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് മികച്ച നിരവധി സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴിതാ തന്‍റെ പുതിയ വെബ് സീരിസായ കമ്മട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് സുദേവ്.
പൊലീസ് വേഷത്തിലെ സുദേവ് കാണികൾക്ക് സുപരിചിതമാണ്. എന്നാൽ ഇത്തവണ ‘കമ്മട്ടം’ വെബ്സീരീസിലൂടെ ആന്റണി ജോർജ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ് സുദേവ് നായർ എത്തുന്നത്. ക്രൈം തില്ലർ വിഭാഗത്തിൽ വരുന്ന ഈ സീരീസിൽ സാമ്പത്തിക തട്ടിപ്പിന്റെ കറുത്ത വശങ്ങളെക്കുറിച്ചും അതിനെ തുടർന്ന് സംഭവിക്കുന്ന കൊലപാതകങ്ങളും അന്വേഷണവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെ ഇ ടൈംസുമായി നടത്തിയ അഭിമുഖത്തിലാണ് സീരീസിനെക്കുറിച്ചുള്ള അനുഭവങ്ങളും വിശേഷങ്ങളും താരം പങ്കുവെച്ചത്.
‘നിരവധി ക്രൈം തില്ലറുകൾ നമ്മുടെ മലയാള സിനിമയിലുണ്ട്. അത്തരമൊരു സിനിമയുടെ ഭാഗമാകുക എന്നത് എന്റെ ദീർഘകാലമായുള്ള ആഗ്രഹമാണ്. ‘കമ്മട്ടം’ വെബ് സീരീസാണെങ്കിലും മികച്ച സിനിമാനുഭവം നൽകുമെന്നും സുദേവ് പറയുന്നു. ഞാനിതുവരെ ചെയ്തതിൽ വ്യത്യസ്തമായ കഥാപാത്രമാണ് ആന്റണി ജോർജ്. പ്രായം ചെന്ന, വണ്ണമുള്ള, മദ്യപാനിയായ അതേസമയം സമർഥനായ പൊലീസ് ഉദ്യോഗസ്ഥനാണ് ആന്റണി. ഷൂട്ടിങ് ഷെഡ്യൂൾ തീവ്രമായിരുന്നു.
11 ദിവസം കൊണ്ടാണ് കമ്മട്ടത്തിന്‍റെ ആറ് എപ്പിസോഡുകളും ചിത്രീകരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കേണ്ടതുകൊണ്ട് പല ദിവസങ്ങളിലും ഉറങ്ങാൻ സാധിക്കാറില്ലായിരുന്നു. കൃത്യമായ പ്ലാനിങ്ങിലൂടെയാണ് അവർ ഷൂട്ടിങ് പൂർത്തിയാക്കിയത്. ഏറ്റവും വലിയ വെല്ലുവിളി പുലർച്ചെ നാല് മണിയായാലും ഉച്ചയ്ക്ക് 12 മണിയായാലും, മുഴുവൻ സമയവും ഒരേ ഊർജ്ജസ്വലത നിലനിർത്തുക എന്നതായിരുന്നു. പലപ്പോഴും ഞങ്ങൾക്ക് 24 മണിക്കൂർ ഷൂട്ടിങ് ഉണ്ടായിരുന്നു. സീനുകൾക്കിടയിൽ എനിക്ക് ഒരു ഉറക്കം ലഭിക്കുമെങ്കിലും അടുത്തത് തയ്യാറാക്കാൻ ടീം അക്ഷീണം പരിശ്രമിച്ചു. മലയാള സിനിമയുടെ ആത്മാവ് അതാണ്. ഇത്തരത്തിലുള്ള സമർപ്പണമാണ് ബഹുമാനം നേടുന്നതും പരിമിതമായ വിഭവങ്ങൾ ഉണ്ടായിരുന്നിട്ടും മികവ് പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതും.
സെപ്റ്റംബർ 4 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ ക്രൈം ത്രില്ലർ ഇതിനകം തന്നെ ട്രെയിലർ കൊണ്ട് വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് കമ്മട്ടം. സാമുവൽ ഉമ്മാൻ എന്ന വ്യക്തിയുടെ ദുരൂഹ മരണത്തിൽ തുടങ്ങുന്ന സീരീസ് ഒടുക്കം വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതാണ്. സീ ഫൈവിലൂടെ ഉത്രാടത്തിന് റിലീസിനെത്തുന്ന സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഷാൻ തുളസീധരനാണ്. അജയ് വാസുദേവ്, ജിയോ ബേബി, ജിൻസ്, അരുണ്‍ സോള്‍, അഖിൽ കവലയൂർ, ശ്രീരേഖ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്‍റെ നിർമാണം അർജുൻ രവീന്ദ്രനാണ് നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.