കോഴിക്കോട്: കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസുകാർ ക്രൂരമായി മർദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് എന്ന സിസ്റ്റത്തിന് നേതൃത്വം നൽകുന്നവർക്ക് ഇക്കാര്യത്തിൽ മറുപടി പറയാൻ ഉത്തരവാദിത്തമുണ്ട്. സത്യം മനസ്സിലായിട്ടും അത് മൂടിവെച്ച് മർദകരായ പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയായിരുന്നോ ഉന്നത പൊലീസ് നേതൃത്വമെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്‍റെ വിമർശനം. തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്താണ് ക്രൂര മർദനത്തിനിരയായത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ കമീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. തൃശൂര്‍ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് മർദിച്ചത്.
പൊലീസിലെ ക്രിമിനലുകളെ പുറത്താക്കുക, അവരെ മാതൃകാപരമായി ശിക്ഷിക്കുക, ക്രൂര പീഡനത്തിനിരയായ യുവ പൊതുപ്രവർത്തകന് നീതി നൽകുക. ആഭ്യന്തര വകുപ്പിന്റെ ചുമതലയിലുള്ളവർക്ക് ഇന്നാട്ടിലെ ജനങ്ങളോട് അൽപമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ, അൽപമെങ്കിലും മനുഷ്യപ്പറ്റുണ്ടെങ്കിൽ, അവർ അടിയന്തരമായി ചെയ്യേണ്ടത് ഇത്രയെങ്കിലുമാണെന്നും ബൽറാം കുറിപ്പിൽ പറയുന്നു.
2023ൽ നടന്ന അതിക്രൂരമായ ഈ പോലീസ് മർദ്ദനത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വരുന്നത് ഇപ്പോൾ മാത്രമാണെങ്കിലും പോലീസ് അധികാരികൾക്ക് വേണമെങ്കിൽ ഇത് നേരത്തേത്തന്നെ പരിശാധിക്കാമായിരുന്നു. കുന്നംകുളം സ്റ്റേഷനിലെ പോലീസ് മർദ്ദനത്തേക്കുറിച്ച് പരാതികളുണ്ടെന്നും അതിന്മേൽ നിയമനടപടികളാവശ്യപ്പെട്ട് ഇരയായ സുജിത്ത് മുന്നോട്ടുപോവുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവിയും റേഞ്ച് ഐജിയുമടക്കമുള്ള ഉന്നത പോലീസ് അധികാരികൾക്ക് സ്വാഭാവികമായും അറിവുള്ളതാണല്ലോ. എന്നിട്ടും എന്തേ അവർ സ്വന്തം നിലക്ക് ഈ CCTV ദൃശ്യങ്ങൾ പരിശോധിച്ച് സത്യം മനസ്സിലാക്കാൻ തയ്യാറാവാതിരുന്നത്? അതോ സത്യം മനസ്സിലായിട്ടും അത് മൂടിവച്ച് മർദ്ദകരായ പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയായിരുന്നോ ഉന്നത പോലീസ് നേതൃത്വം? ഈ പോലീസുകാരെല്ലാം ഇപ്പോഴും ഇതേ ജില്ലയിൽ ക്രമസമാധാന പാലന ഡ്യൂട്ടിയുമായി വിവിധ സ്റ്റേഷനിൽ ഉണ്ടെന്നതും കാണണം.
യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരായ ഈ ക്രൂരമർദ്ദനത്തിന്റെ ഉത്തരവാദികളെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായോ എന്നതും പുറത്തുവരേണ്ടതുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് എന്ന സിസ്റ്റത്തിന് നേതൃത്വം നൽകുന്നവർക്ക് ഇക്കാര്യത്തിൽ മറുപടി പറയാൻ ഉത്തരവാദിത്തമുണ്ട്.
പോലീസിലെ ക്രിമിനലുകളെ പുറത്താക്കുക, അവരെ മാതൃകാപരമായി ശിക്ഷിക്കുക, ക്രൂര പീഢനത്തിനിരയായ യുവ പൊതുപ്രവർത്തകന് നീതി നൽകുക. ആഭ്യന്തര വകുപ്പിന്റെ ചുമതലയിലുള്ളവർക്ക് ഇന്നാട്ടിലെ ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ, അൽപ്പമെങ്കിലും മനുഷ്യപ്പറ്റുണ്ടെങ്കിൽ, അവർ അടിയന്തരമായി ചെയ്യേണ്ടത് ഇത്രയെങ്കിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.