കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബാൾ അക്കാദമിയും എം.ഇ.എസ് കെ.വി.എം സോക്കറും തമ്മിലുള്ള മത്സരം
തേഞ്ഞിപ്പലം: കോളജ് സ്പോർട്സ് ലീഗ് (സി.എസ്.എൽ) ഫുട്ബാൾ സൂപ്പർ ലീഗിൽ കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബാൾ അക്കാദമിക്ക് ഏകപക്ഷീയ വിജയം. എം.ഇ.എസ് കെ.വി.എം സോക്കറിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അത്തനേഷ്യസിന്റെ തേരോട്ടം. ഫാരിസ് ഹാട്രിക് നേടി. അൽഫാസ്, ആദിത്യ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഫാരിസാണ് പ്ലെയർ ഓഫ് ദ മാച്ച്. രണ്ടാമത്തെ മത്സരത്തിൽ മഹാരാജാസ് സ്ട്രൈക്കേഴ്സും സമോറിയൻസും 3-3ന് സമനിലയിൽ പിരിഞ്ഞു.
മഹാരാജാസിനായി നന്ദു കൃഷ്ണ, മുഹമ്മദ് ഹാരിസ്, ഹരിശങ്കർ എന്നിവർ ഗോളുകൾ നേടിയപ്പോൾ സമോറിയൻസിനായി ജസീൽ (2), അതുൽ എന്നിവർ വല ചലിപ്പിച്ചു. ജസീലാണ് പ്ലെയർ ഓഫ് ദ മാച്ച്. സൂപ്പർ ലീഗിലെ രണ്ടാം ദിനമായ ബുധനാഴ്ച ഉച്ചക്ക് സമോറിയൻസും കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബാൾ അക്കാദമിയും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് നാലിന് രണ്ടാം മത്സരത്തിൽ എം.ഇ.എസ് കെ.വി.എം സോക്കറും സമോറിയൻസും കൊമ്പുകോർക്കും. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനാണ് ആദ്യ മത്സരം. മഹാരാജാസും കോതമംഗലം മാർത്തോ നിയോസ് ഫുട്ബാൾ അക്കാദമിയും പോരിനിറങ്ങും. വൈകീട്ട് മൂന്നിനുള്ള അവസാന മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബാൾ അക്കാദമിയും കോഴിക്കോട് സമോറിയൻസും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.