അണ്ടർ 20 ഏഷ്യൻകപ്പ് ഫുട്ബാൾ യോഗ്യത നേടിയ ഇന്ത്യൻ വനിതാ ടീം
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന് തിരിച്ചടികളുടെ കാലമാണിത്. ആരാധകരുടെ ഇഷ്ടമായ ഐ.എസ്.എല്ലിലെ അനിശ്ചിതത്വം മുതൽ, ദേശീയ ടീമിന്റെ തോൽവിക്കഥകൾ വരെയുള്ള കഷ്ട കാലത്തിനിടെ ഫുട്ബാൾ ആരാധകർക്ക് ആശ്വസിക്കാൻ വകയുള്ള വാർത്ത സമ്മാനിക്കുന്നു ഒരു കൂട്ടം പെൺകുട്ടികൾ. രണ്ടു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനു ശേഷം അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ് ഫുട്ബാളിന് ഇന്ത്യക്ക് യോഗ്യതാ ടിക്കറ്റ് സമ്മാനിച്ച വാർത്ത പുതിയ പ്രതീക്ഷകളിലേക്കുള്ള ചവിട്ടുപടിയാണ്.
അടുത്ത വർഷം തായ്‍ലൻഡിൽ നടക്കുന്ന വൻകരയുടെ കൗമാര ഫുട്ബാളിനാണ് ശുഭാങ്കി സിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പെൺകുട്ടികൾ ഇപ്പോൾ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ മ്യാൻമറിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചായിരുന്നു ഏഷ്യൻ കപ്പ് പ്രവേശനം. 2006ലാണ് ഏഷ്യൻകപ്പ് അണ്ടർ 20 ടൂർണമെന്റിൽ ഇന്ത്യ അവസാനമായി യോഗ്യത നേടിയത്. തുവുന്ന സ്റ്റേഡിയത്തിൽ ആതിഥേയരെ പിന്തുണച്ചെത്തിയ ആരാധകർക്കു മധ്യേയായിരുന്നു കളിയുടെ 27ാം മിനിറ്റിൽ പൂജ ഇന്ത്യയുടെ വിജയ ഗോൾ കുറിച്ചത്.
ആദ്യ പകുതിയിൽകളിയിൽ മേധാവിത്വം സ്ഥാപിച്ചത് ഇന്ത്യൻ പെൺപടയായിരുന്നുവെങ്കിൽ, രണ്ടാം പകുതിയിൽ മ്യാൻമർ ശ്രദ്ധയ നീക്കങ്ങളുമായി ഇന്ത്യക്ക് വെല്ലുവിളി ഉയർത്തി. പ്രസ് ഗെയിമിലൂടെ മികച്ച മുന്നേറ്റങ്ങളുമായി സമ്മർദ്ദം ശക്തമാക്കി. ഇരുവിങ്ങുകളിലുമായി മികച്ച നീക്കങ്ങളിലൂടെ ഗോൾമുഖത്ത് ഭീതിയും വിതച്ചു. എന്നാൽ, ഒരു ഗോൾ പോലും വഴങ്ങാതെ ടൂർണമെന്റിലുടനീളം മികച്ച പ്രകടനവുമായി ഗോൾവല കാത്ത കീപ്പർ മൊണാലിസയുടെ നീക്കങ്ങൾ മ്യാൻമർ ആക്രമണങ്ങളെ കീഴടക്കാൻ ശേഷിയുള്ളതായിരുന്നു.
ആദ്യ മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെ ഗോൾ രഹിത സമനിലയും, രണ്ടാം അങ്കത്തിൽ തുർക്മെനിസ്താനെതിരെ 7-0ത്തിന്റെ ജയവും നേടിയ ഇന്ത്യ, ഒടുവിൽ മ്യാന്മറിനെയും തോൽപിച്ചാണ് യോഗ്യത ഉറപ്പിച്ചത്. 2026 ഏപ്രിലിൽ തായ്‍ലൻഡിലാണ് വൻകരയിലെ കൗമാര സംഘങ്ങൾ മാറ്റുരക്കുന്ന അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ്.
ഏഷ്യൻ കപ്പ് യോഗ്യത നേടിയ ഇന്ത്യൻ വനിതാ സംഘത്തിന് പാരിതോഷികവുമായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. ചരിത്ര വിജയം നേടിയ ടീമിന് 21.89 ലക്ഷം രൂപ (25,000ഡോളർ) സമ്മാനമായി പ്രഖ്യാപിച്ചു. ഗ്രൂപ്പ് റൗണ്ടിൽ അപരാജിത കുതിപ്പുമായാണ് ഇന്ത്യയുടെ ഏഷ്യൻ കപ്പ് പ്രവേശനം. ഒരു ഗോൾ പോലും വഴങ്ങിയില്ലെന്ന സവിശേഷതയുമുണ്ട്.
വിജയത്തിലേക്ക് എളുപ്പവഴികളില്ലെന്ന ആപ്തവാക്യം പോലെ തന്നെയാണ് ഇന്ത്യയുടെ കുതിപ്പും. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തുന്ന ആസൂത്രിത പദ്ധതിയുടെ കൂടി ഫലമാണ് മികച്ച ടീമിനെ വാർത്തെടുത്തതും ഈ വിജയം വരെയുള്ള യാത്രകളും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (സായ്) ചേർന്ന് വനിതാ ഗ്രാസ്റൂട്ട് ഫുട്ബാൾ ഡെവലപ്മെന്റ് പ്രൊജക്ടുകളിലൂടെയാണ് അടിത്തറയൊരുക്കി തുടങ്ങിയത്. അതിൽ പ്രധാനമായിരുന്നു ‘അസ്മിത- വനിതാ ഫുട്ബാൾ ലീഗ്. ഖേലോ ഇന്ത്യക്കു കീഴിലെ അസ്മിത ലീഗ് വഴി 2023 മുതൽ 2025വരെയുള്ള കാലയളവിൽ രാജ്യത്തിെൻർ വിവിധ ഭാഗങ്ങളിൽ 155 ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചു. അണ്ടർ 13, അണ്ടർ 15, അണ്ടർ 17 തുടങ്ങിയ പ്രായ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. 2023-24 എഡിഷനിൽ നടന്ന ലീഗിൽ 6305 ജൂനിയർ താരങ്ങൾ പങ്കാളികളായെങ്കിൽ, 2024-25 സീസണിൽഇത് 8658 ആയി ഉയർന്നു.
അണ്ടർ 13 പ്രായ വിഭാഗത്തിൽ മാത്രം 50 ടൂർണമെന്റുകൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചത്. 26 സംസ്ഥാനങ്ങളിൽ നിന്നായി 400ടീമുകളും 8000 താരങ്ങളും ഈ വിഭാഗത്തിൽ മാത്രം പങ്കെടുക്കുന്നു. മുൻ വർഷത്തേക്കാൾ 230 ശതമാനത്തോളമാണ് ജനകീയമാവുന്ന ജൂനിയർ തല ഫുട്ബാളിലെ പങ്കാളിത്തമെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ അണ്ടർ 20 ദേശീയ ടീം ഏഷ്യൻ കപ്പ് യോഗ്യതക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നത് ശ്രദ്ധേയമായിരുന്നു. തൂർക്കിയയിലെ പിങ്ക് ലേഡീസ് യൂത്ത് കപ്പിൽ ഹോങ്കോങ്, ജോർഡൻ ടീമുകൾക്കെതിരായ വിജയത്തോടെയായിരുന്നു തുടക്കം. സീനിയർ ടീം അഗങ്ങൾക്കൊപ്പവും പരിശീലനം ആരംഭിച്ചവർ കരുത്തരായ ഉസ്ബെകിസ്താനെതിരെ രണ്ട് സൗഹൃദ മത്സരങ്ങളും കളിച്ചു. കഴിഞ്ഞ 135 ദിവസമായി ഒന്നിച്ച് പരിശീലിച്ചും കളിച്ചും ടീമായി വളർന്നുകൊണ്ട് വലിയ വിജയത്തിലേക്ക് ഈ ചെറു സംഘം ചുവടുവെച്ച് മുന്നേറുന്നത്.
ആദ്യ ലക്ഷ്യം വിജയിച്ചതോടെ, ഇനി വൻകരയുടെ ടൂർണമെന്റിന് ടീമിനെ സജ്ജമാക്കുകയാണ് എ.ഐ.എഫ്.എഫിന്റെ ലക്ഷ്യം. ശക്തരായ എതിരാളികൾക്കെതിരെ സന്നാഹ മത്സരങ്ങൾ, വിദേശ രാജ്യങ്ങളിലെ പരിശീലനം തുടങ്ങിയ അവസരങ്ങളുമായും ടീമിനെ ഒരുക്കുമെന്ന് ഫെഡറേഷൻ അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.