പാരിസ്: യുവേഫ സൂപ്പർ കപ്പ് സ്ക്വാഡിൽനിന്ന് പുറത്തായതിനു പിന്നാലെ പാരിസ് സെന്റ് ജെർമെയ്ൻ വിടുന്നതായി പ്രഖ്യാപിച്ച് ഗോൾ കീപ്പർ ജിയാൻ ലൂയിജി ഡോണറുമ്മ. ‘‘നിർഭാഗ്യവശാൽ എനിക്ക് ഇനി ഗ്രൂപ്പിന്റെ ഭാഗമാകാനും ടീമിന്റെ വിജയത്തിന് സംഭാവന നൽകാനും കഴിയില്ലെന്ന് ആരോ തീരുമാനിച്ചു. എനിക്ക് നിരാശയും മടുപ്പുമുണ്ട്’’ -ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ 26കാരനായ ഇറ്റാലിയൻ ഗോൾ കീപ്പർ എഴുതി. താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് പോവുന്നതെന്ന് റിപ്പോർട്ടുണ്ട്.
‘‘പാർക്ക് ഡെസ് പ്രിൻസസിൽനിന്ന് ഒരിക്കൽകൂടി ആരാധകരുടെ കണ്ണുകളിലേക്ക് നോക്കാനും വേണ്ടവിധം വിടപറയാനും അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വീട്ടിലെന്നപോലെ നിങ്ങളെനിക്ക് നൽകിയ എല്ലാ വികാരങ്ങളുടെയും മാന്ത്രിക രാത്രികളുടെയും ഓർമകൾ ഞാൻ എപ്പോഴും കൂടെക്കൂട്ടും. താങ്ക് യൂ പാരിസ്’’ -ഡോണറുമ്മ തുടർന്നു.
ലില്ലിയിൽനിന്ന് ലൂകാസ് ഷെവലിയറെ കൊണ്ടുവന്നതോടെയാണ് ഡോണറുമ്മ പി.എസ്.ജി വിടുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ സൂപ്പർ കപ്പ് സംഘത്തിൽ ബാക്കപ് ഗോളിയായി പോലും ഡോണറുമ്മയെ ഉൾപ്പെടുത്തിയതുമില്ല.
അതേസമയം, ടോട്ടൻഹാമിനെതിരായ സൂപ്പർ കപ്പ് മത്സരത്തിനുമുമ്പ് ഇറ്റലിയിലെ ഉദിനെയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഷെവലിയറെ എന്തിനാണ് ഒപ്പിട്ടതെന്ന് പി.എസ്.ജി പരിശീലകൻ ലൂയിസ് എൻറിക് വിശദീകരിച്ചു. ‘‘ഇതെപ്പോഴും എടുക്കാൻ ബുദ്ധിമുട്ടുള്ള തീരുമാനങ്ങളാണെന്ന് എനിക്കറിയാം. ജിജിയോയെക്കുറിച്ച് (ഡോണറുമ്മ) എനിക്ക് നല്ല കാര്യങ്ങൾ മാത്രമേ പറയാൻ കഴിയൂ. അദ്ദേഹം തന്റെ സ്ഥാനത്തുള്ള ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. സംശയമില്ല, ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം അതിലും മികച്ചവനാണ്. ഞങ്ങൾ വ്യത്യസ്തനായ ഒരു ഗോൾകീപ്പറെ തിരയുകയായിരുന്നു. ഞാൻ ആവർത്തിക്കുന്നു, അത്തരമൊരു തീരുമാനം എടുക്കുന്നത് എല്ലായ്പോഴും ബുദ്ധിമുട്ടാണ്’’ -എൻറിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.