ചാറ്റ് ജി.പി.ടിയുടെ സേവനം വീണ്ടും തടസപ്പെട്ടു; പരാതിയുമായി ഉപഭോക്താക്കള്‍

.ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിയുടെ സേവനം ഇന്ന് ആഗോളതലത്തില്‍ തടസപ്പെട്ടു. ഇന്ത്യൻ സമയം ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് തടസം നേരിട്ടത്. ഇതേ തുടർന്ന് ആയിരക്കണക്കിന് പരാതികളാണ് ഡൗൺഡിറ്റക്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചാറ്റ് ജി.പി.ടി ലോഗിൻ ചെയ്യാനോ മറ്റ് സേവനങ്ങൾ ഉപയോഗിക്കാനോ സാധിക്കുന്നില്ല. ഉപഭോക്താക്കള്‍ക്ക് ഭാഗികമായ തടസം മാത്രമാണ് നേരിടുന്നത് എന്നാണ് ഓപ്പൺ എ.ഐയുടെ ഭാഗത്ത് നിന്ന് വന്ന പ്രതികരണം. എന്നാൽ ഇതുവരെ പ്രശ്‌നം പരിഹരിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

എല്ലാ പ്ലാറ്റ്‌ഫോമുകളിലും ചാറ്റ് ജി.പി.ടിയുടെ സേവനം പൂർണമായും തടസപ്പെട്ടു. ഇന്ത്യക്ക് പുറമെ അമേരിക്കയിലും യു.കെയിലുമുള്ള ഉപഭോക്താക്കളും പരാതി നൽകിയിരുന്നു. ഉപയോക്താക്കളിൽ ഏകദേശം 82 ശതമാനം പേർക്കും എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും തടസം നേരിട്ടു.

ചാറ്റ് ജി.പി.ടി സേവനം മുടക്കിയതിനെ തുടർന്ന് നിരവധി മീമുകളാണ് സമൂഹമാധ്യമത്തിൽ വന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച പുലര്‍ച്ചെ 2.40നും സമാനമായി ചാറ്റ് ജി.പി.ടി സേവനം തടസപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. ജൂലൈ മാസം മാത്രം രണ്ട് തവണയാണ് ചാറ്റ് ജി.പി.ടി സേവനം മുടക്കിയത്.

അതേസമയം, കൗമാരക്കാർക്ക് ചാറ്റ്‌ബോട്ട് സേവനങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ചാറ്റ് ജി.പി.ടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ (Parental Controls) ഉൾപ്പെടുത്തുമെന്ന് ഓപ്പൺ എ.ഐ അറിയിച്ചു. കൗമാരക്കാരനായ മകനെ ആത്മഹത്യ ചെയ്യാൻ ചാറ്റ് ജി.പി.ടി പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് അമേരിക്കൻ ദമ്പതികൾ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

‘ഒരുമാസത്തിനകം ചാറ്റ് ജി.പി.ടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾക്കുള്ള സംവിധാനം നിലവിൽ വരും. ​രക്ഷിതാക്കൾക്ക് കൗമാരക്കാരുടെ അക്കൗണ്ടുകൾ തങ്ങളുടേതുമായി ലിങ്ക് ചെയ്യാനും പ്രായത്തിനനുസരിച്ച് അവരോട് ചാറ്റ് ജി.പി.റ്റി മോഡലുകൾ എങ്ങിനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാനും കഴിയും. കുട്ടികൾ മാനസിക സമ്മർദ്ദം നേരിടുകയാണെന്ന് കണ്ടെത്തിയാൽ രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിക്കും’, ഓപൺ എ.ഐ ബ്ളോഗ് പോസ്റ്റിൽ വ്യക്തമാക്കി.

ആത്മഹത്യ ചെയ്ത തങ്ങളുടെ മകൻ ആദവുമായി ചാറ്റ് ജി.പി.ടി ആഴത്തിലുള്ള വ്യക്തിബന്ധമുണ്ടാക്കുന്ന രീതിയിൽ മാസങ്ങളോളം സംവദിച്ചിരുന്നുവെന്ന് ദമ്പതികൾ കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. 2025 ഏപ്രിൽ 11-ന് ആദം ജീവനൊടുക്കുന്നതിന് മുമ്പ് നടന്ന അവസാന സംഭാഷണത്തിൽ, 16 വയസ്സുകാരനായ ആദത്തെ മാതാപിതാക്കളിൽ നിന്ന് വോഡ്ക മോഷ്ടിക്കാൻ ചാറ്റ് ജി.പി.ടി സഹായിച്ചു. തൂങ്ങിമരിക്കാൻ ലക്ഷ്യമിട്ട് ആദം തയ്യാറാക്കിയ കുരുക്കിന് ഒരാളുടെ കനം താങ്ങാനാവുമോ എന്നതടക്കം സാ​ങ്കേതിക വിവരങ്ങൾ നൽകിയെന്നും മാതാപിതാക്കൾ പരാതിയിൽ ആരോപിക്കുന്നു.

വൈകാരിക സമ്മർദ്ദവും മാനസിക ക്ളേശവുമടക്കം പ്രതിസന്ധികളെ തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള ചാറ്റ് ജി.പി.ടിയുടെ ശേഷി കൂടുതൽ മെച്ചപ്പെടുത്തിവരികയാണെന്ന് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ബ്ളോഗ് പോസ്റ്റിൽ ഓപൺ പറഞ്ഞു. അടുത്ത മൂന്നുമാസത്തിനുള്ളിൽ ഉപയോക്താക്കളുടെ സുരക്ഷ മുന്നിൽ കണ്ട് ചാറ്റ് ബോട്ടുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കാനാണ് ലക്ഷ്യമാക്കുന്നതെന്നും ഓപ്പൺ എ.ഐ വ്യക്തമാക്കി.

Tags:    
News Summary - ChatGPT Down: Thousands of Users Report Issues Accessing the AI Chatbot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.