കാബൂൾ: അഫ്ഗാനിസ്താനിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ഒമ്പത് പേർ മരിച്ചു. പുലർച്ചെ 12.57ഓടെയാണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 160 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അഫ്ഗാൻ നാൻഗാർഹർ ആരോഗ്യവകുപ്പ് വക്താവ് നാകിബുള്ള റഹിമി ഒമ്പത് പേർ ഭൂചലനത്തിൽ മരിച്ചുവെന്നും 15 പേർക്ക് പരിക്കേറ്റുവെന്നും അറിയിച്ചു.
ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്താനിലും വടക്കേ ഇന്ത്യയിലുമുണ്ടായി. ഡൽഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്താനിൽ വീണ്ടും ഭൂചലനമുണ്ടായതായി റിപ്പോർട്ട്.അടുത്തിടെ അഫ്ഗാനിസ്താനിലും ഹിമാലയത്തിന്റെ സമീപ പ്രദേശങ്ങളിലും ഭൂചലനങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ-യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനമാണ് ഭൂചലനത്തിന് കാരണമാവുന്നതെന്നാണ് റിപ്പോർട്ട്.
നേരത്തെ ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ നേരിയ ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് രണ്ട് ഭൂചലനമുണ്ടായത്. പുലർച്ചെ 3.27നും 4.39നുമുണ്ടായ ഭൂചലനത്തിൽ റിക്ടെർ സ്‌കെയിലിൽ 4.0, 3.3 തീവ്രതകൾ രേഖപ്പെടുത്തി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസഹമാക്കി കനത്ത മഴ തുടരുന്നു. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മഴയിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം പതിനേഴായി. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. പഞ്ചാബിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം കരസേന തുടരുകയാണ്.
കഴിഞ്ഞ രാത്രി ഉണ്ടായ ശക്തമായ മഴയിൽ ജമ്മുകശ്മീരിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. റിയാസി, റാമ്പൻ എന്നീ ജില്ലകളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 11 പേരാണ് മരിച്ചത്. റിയാസിയിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്. ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് കല്ലും മണ്ണും വന്നു പതിക്കുകയായിരുന്നു. നാലു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.