അഫ്ഗാനിലെ ഭൂചലനത്തിൽ നിന്ന് രക്ഷപ്പെട്ടവർ
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. അവസാനം പുറത്തുവിട്ട കണക്ക് പ്രകാരം 800 പേർ മരിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2800ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് താലിബാൻ സർക്കാർ അറിയിച്ചു.
നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ വർധിച്ചേക്കും. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
റോഡുകളും വാർത്താവിനിമയ സംവിധാനങ്ങളും തകർന്നതിനാൽ ഭൂചലനം ബാധിച്ച ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടുക ക്ലേശകരമാണ്.
തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.45ഓടെയാണ് റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തെക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ 160 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പാകിസ്താനോട് അതിർത്തി പങ്കിടുന്ന കുന്നിൻമേഖല ഉൾപ്പെടുന്ന കുനാർ പ്രവിശ്യയാണ് ഭൂചലനത്തിൽ തകർന്നടിഞ്ഞത്. നുർഗുൽ, സോകി, വാത്പുർ, മനോഗി, ചാപാ ദാരാ എന്നീ ജില്ലകളെ ഭൂചലനം പ്രതികൂലമായി ബാധിച്ചു.
ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്താന്‍റെ വിവിധ ഭാഗങ്ങളിലും വടക്കേ ഇന്ത്യയിലും അനുഭവപ്പെട്ടു. ഡൽഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്താനിൽ വീണ്ടും ഭൂചലനമുണ്ടായെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്തിടെ അഫ്ഗാനിസ്താനിലും ഹിമാലയത്തിന്റെ സമീപ പ്രദേശങ്ങളിലും ഭൂചലനങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനമാണ് ഭൂചലനത്തിന് കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.