തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തുന്നവർ 

അഫ്ഗാൻ ഭൂചലനം: മരണം 600 കടന്നു, 1,500ലേറെ പേർക്ക് പരിക്ക്; തകർന്നടിഞ്ഞ് കെട്ടിടങ്ങൾ

കാബൂൾ: അഫ്ഗാനിസ്താന്‍റെ കിഴക്കൻ മേഖലയിലുണ്ടായ ഭൂചലനത്തിൽ മരണം 622 ആയി. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ 1,500ലേറെ പേർക്ക് പരിക്കേറ്റെന്നും താലിബാൻ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.45ഓടെയാണ് ഭൂചലനമുണ്ടായത്. തെക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ 160 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്താനിലും വടക്കേ ഇന്ത്യയിലുമുണ്ടായി. ഡൽഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്താനിൽ വീണ്ടും ഭൂചലനമുണ്ടായതായെന്ന് റിപ്പോർട്ടിൽ പറയുന്നു.

അടുത്തിടെ അഫ്ഗാനിസ്താനിലും ഹിമാലയത്തിന്റെ സമീപ പ്രദേശങ്ങളിലും ഭൂചലനങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനമാണ് ഭൂചലനത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസഹമാക്കി കനത്ത മഴ തുടരുകയാണ്. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മഴയിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം പതിനേഴായി. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. പഞ്ചാബിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം കരസേന തുടരുകയാണ്.

കഴിഞ്ഞ രാത്രി ഉണ്ടായ ശക്തമായ മഴയിൽ ജമ്മുകശ്മീരിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. റിയാസി, റാമ്പൻ എന്നീ ജില്ലകളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 11 പേരാണ് മരിച്ചത്. റിയാസിയിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്. ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് കല്ലും മണ്ണും വന്നു പതിക്കുകയായിരുന്നു. നാലു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്. 

Tags:    
News Summary - At least 250 killed, 400 injured in a 6.0-magnitude earthquake in Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.