ഗസ്സയിലേക്ക് പുറപ്പെടാനായി ബാഴ്സലോണ തുറമുഖത്ത് നങ്കൂരമിട്ട ചെറുകപ്പലുകൾ
ബാഴ്സലോണ: ഇസ്രായേലിന്റെ നരനായാട്ട് തുടരുന്ന ഗസ്സയിലെ നിയമവിരുദ്ധ ഉപരോധം മറികടന്ന് ഫലസ്തീൻകാർക്ക് പിന്തുണയും സഹായവുമായി വീണ്ടും ഫ്ലോട്ടിലയെത്തുന്നു. ഇത്തവണ കൂടുതൽ കപ്പലുകളും സന്നദ്ധപ്രവർത്തകരുമായി ‘ആഗോള സുമുദ് ഫ്ലോട്ടില’യാണ് ഒരുങ്ങുന്നത്. സുമുദ് എന്നാൽ ചെറുത്തുനിൽപ് എന്നാണ് അർഥം. ഫ്ലോട്ടിലയെന്നാൽ ചെറുകപ്പലുകളുടെ കൂട്ടമെന്നും. ഇത്തവണ 50ലധികം കപ്പലുകൾ ഉണ്ടാവുമെന്നാണ് സംഘാടകർ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 44 രാജ്യങ്ങളിൽനിന്നുള്ളവർ ഫ്ലോട്ടിലയുടെ ഭാഗമായുണ്ടാവും.
ആഗസ്റ്റ് 31ന് സ്പെയിനിലെ ബാഴ്സലോണ തുറമുഖത്തുനിന്നാണ് കപ്പലുകളുടെ ആദ്യ സംഘം പുറപ്പെടുക. സെപ്റ്റംബർ നാലിന് തുനീഷ്യയിൽനിന്ന് ബാക്കി കപ്പലുകൾ ചേരും. 3000 കി.മീ. ദൂരം 7-8 ദിവസംകൊണ്ട് യാത്ര ചെയ്ത് ഫ്ലോട്ടില ഗസ്സയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു.
പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ തുൻബർഗ്, ചരിത്രകാരൻ ക്ലിയോനികി അലക്സോപൗലോ, മനുഷ്യാവകാശ പ്രവർത്തകൻ യാസ്മിൻ അസർ, പരിസ്ഥിതി പ്രവർത്തകൻ തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസർ, ശാസ്ത്രജ്ഞൻ കാരൻ മൊയ്നിഹാൻ, ഫിസിസിസ്റ്റ് മരിയ എലേന ദെലിയ, ഫലസ്തീൻ ആക്ടിവിസ്റ്റ് സൈഫ് അബൂകുഷെക്, മനുഷ്യാവകാശപ്രവർത്തകൻ മുഹമ്മദ് നാദിർ അൽനൂരി, ആക്ടിവിസ്റ്റ് മറൗൻ ബെൻ ഗ്വറ്റിയ, ആക്ടിവിസ്റ്റ് വായിൽ നവാർ, ഗവേഷക ഹൈഫ മൻസൂരി, ആക്ടിവിസ്റ്റ് തോർകിയ ചൈബി, മുൻ ബാഴ്സലോണ മേയർ അദ കോലൗ എന്നിവരടക്കമുള്ള പ്രമുഖർ ഫ്ലോട്ടിലയിലുണ്ടാവും.
‘‘ഇത് ചരിത്രത്തിലെ വലിയ ഐക്യദാർഢ്യ ദൗത്യമായിരിക്കും. കൂടുതൽ ആളുകളും കൂടുതൽ കപ്പലുകളും സംഘത്തിലുണ്ടാവും’’ -തിയാഗോ ആവില പറഞ്ഞു. ഫലസ്തീനിൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യക്ക് അന്ത്യംകുറിച്ച് മാനുഷിക ഇടനാഴി തുറക്കുകയാണ് ഫ്ലോട്ടിലയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂണിലും ജൂലൈയിലുമായി രണ്ട് ഫ്ലോട്ടിലകൾ നേരത്തേ ഗസ്സയിലേക്ക് തിരിച്ചിരുന്നു. ജൂണിൽ 12 സന്നദ്ധപ്രവർത്തകർ സഞ്ചരിച്ച ‘മദ്ലീൻ’ ഫ്ലോട്ടില ഗസ്സക്ക് 185 കി.മീ. പടിഞ്ഞാറുവെച്ച് തടഞ്ഞ ഇസ്രായേൽ ഗ്രേറ്റ തുൻബർഗ് അടക്കമുള്ളവരെ തടഞ്ഞുവെക്കുകയും ഗസ്സയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ മടക്കിയയക്കുകയും ചെയ്തിരുന്നു. ജൂലൈയിൽ 10 രാജ്യങ്ങളിൽനിന്നുള്ള 21 പേരുമായെത്തിയ ‘ഹന്ദല’ ഫ്ലോട്ടിലയും ഇസ്രായേൽ തടഞ്ഞിരുന്നു.
ഇസ്രായേൽ ലബനാനിൽ ആക്രമണം നടത്തിയതിനു പിന്നാലെ 2008ലാണ് ആദ്യമായി ഫ്ലോട്ടില തുടങ്ങിയത്. 2008നും 2016നുമിടക്ക് 31 ബോട്ടുകൾ ഗസ്സയിലേക്ക് തിരിച്ചെങ്കിലും അഞ്ചെണ്ണത്തിനു മാത്രമാണ് ഇസ്രായേൽ ഉപരോധം മറികടന്ന് തീരത്തെത്താനായത്. 2010നുശേഷം എല്ലാ ബോട്ടുകളും ഇസ്രായേൽ തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.