‘ഇതേരീതിയിൽ മുന്നോട്ടുപോയാൽ യുദ്ധം നടക്കും, ഞങ്ങൾ തല കുനിക്കില്ല’; ആസിം മുനീറിനു പിന്നാലെ ഭീഷണിയുമായി ബിലാവൽ ഭൂട്ടോ

ഇസ്‌ലാമബാദ്: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായ നിരവധി പരാമർശങ്ങളാണ് പാകിസ്താന്‍റെ ഭാഗത്തുനിന്ന് ഉയർന്നത്. ഓപറേഷൻ സിന്ദൂറും സിന്ധു നദീജല കരാർ മരവിപ്പിച്ചതുമാണ് പാക് പ്രകോപനത്തിന് പ്രേരകമായത്. സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ അത് മിസൈൽ ഉപയോഗിച്ച് തകർക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ സൈനിക മേധാവി ആസിം മുനീർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം അടങ്ങുന്നതിനു മുമ്പ്, പാകിസ്താന്‍റെ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യ വലിയ നാശനഷടങ്ങളുണ്ടാക്കിയെന്നും പാകിസ്താനികൾ പ്രധാനമന്ത്രി മോദിക്കെതിരെ ഒന്നിക്കണമെന്നും ബിലാവൽ ആവശ്യപ്പെട്ടു.

“നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ പാകിസ്താന് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മോദിക്കും പ്രകോപനങ്ങൾക്കുമെതിരെ നമ്മൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആറ് നദികളുടെയും നിയന്ത്രണം തിരിച്ചുപിടിക്കാൻ, യുദ്ധത്തിനുള്ള ശക്തി പാകിസ്താനിലെ ജനങ്ങൾക്കുണ്ട്. ഇന്ത്യ ഇതേരീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ, രാജ്യതാൽപര്യം സംരക്ഷിക്കാൻ ചിലപ്പോൾ നമുക്ക് ഏതറ്റം വരെയും പോകേണ്ടിവന്നേക്കാം. യുദ്ധം നമ്മളായിട്ട് തുടങ്ങില്ല. എന്നാൽ സിന്ദൂർ പോലുള്ള സൈനിക നീക്കങ്ങൾ നടത്തിയാൽ അത് യുദ്ധത്തിലേക്ക് നീങ്ങും. ഞങ്ങളൊരിക്കലും തല കുനിക്കില്ല” -തിങ്കളാഴ്ച സിന്ധ് സർക്കാറിന്‍റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ബിലാവൽ ഭൂട്ടോ പറഞ്ഞു.

നേരത്തെ, യു.എസ് സന്ദർശനത്തിനിടെയായിരുന്നു ആസിം മുനീർ ആണവ യുദ്ധ ഭീഷണിയുമായി രംഗത്തുവന്നത്. സിന്ധുനദി ഇന്ത്യയുടെ കുടുംബ സ്വത്തല്ല. ദൈവം സഹായിച്ച് ഞങ്ങൾക്ക് മിസൈൽ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇനിയും ഭീഷണി ഉയർന്നാൽ ആണവായുധങ്ങൾ പ്രയോഗിക്കും. ഇന്ത്യയുടെ കിഴക്ക് ഭാഗത്തു നിന്നാവും പാകിസ്താൻ ആക്രമണം തുടങ്ങുക. അവിടെയാണ് ഏറ്റവും വിലകൂടി​യ സമ്പത്തുകൾ ഉള്ളത്. അവിടെ നിന്നും പടിഞ്ഞാറൻ ഭാഗത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും ആസിം മുനീർ പറഞ്ഞു.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം യു.എസ് സന്ദർശനമാണ് പാകിസ്താൻ സൈനികമേധാവി നടത്തുന്നത്. ജൂണിൽ യു.എസിലെത്തിയ ആസിം മുനീർ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ പാക് സൈനിക മേധാവിയുമായി ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ -പാകിസ്താൻ സംഘർഷം ലഘൂകരിക്കുന്നതിൽ ആസിം മുനീറിന്‍റെ ഇടപെടൽ നിർണായകമായെന്ന് അന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പ്രത്യുപകാരമെന്നോണം ട്രംപിനെ നൊബേലിന് ശുപാർശ ചെയ്യുന്നതായി പാകിസ്താൻ പ്രഖ്യാപിച്ചു. ഇന്ത്യ -പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - After Asim Munir, Bilawal Bhutto's War Threat To India: "Won't Bow Down"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.