ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നീക്കമാണെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽനിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് പരാമർശം. ഇന്ത്യ ഇനി റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഞാൻ കേട്ടത്, അത് ശരിയാണോ അല്ലയോ എന്ന് അറിയില്ല. ശരിയാണെങ്കിൽ അതൊരു നല്ല നടപടിയാണ്. എന്ത് സംഭവിക്കുമെന്ന് കാണാമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയുടെ എണ്ണ ഇറക്കുമതി വിപണിയിലെ ചലനാത്മകതയും ദേശീയ താൽപര്യങ്ങളും അനുസരിച്ചാണെന്നും ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ ഇറക്കുമതി നിർത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. ഈ മാസം കിഴിവുകൾ കുറഞ്ഞതിനാലും യു.എസ് മുന്നറിയിപ്പ് നൽകിയതിനാലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയാണ് കടൽമാർഗമുള്ള റഷ്യൻ ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താവ്.
കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് റഷ്യൻ എണ്ണയുമായി പുറപ്പെട്ട രണ്ട് കപ്പലുകൾ യു.എസ് ഉപരോധത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനയി ലേക്കും ഈജിപ്തിലേക്കും വഴി തിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. എണ്ണക്കപ്പലുകളടക്കം ഇറാൻ ബന്ധമുള്ള കമ്പനികൾക്കും വ്യക്തികൾക്കും ഈയാഴ്ചയാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. ഉപരോധം നേരിടുന്ന മൂന്ന് കപ്പലുകളാണ് ഇന്ത്യയിലെ റിഫൈനറികളിലേക്കുള്ള എണ്ണയുമായി പുറപ്പെട്ടത്. ഒരെണ്ണം ചെന്നൈയിലും രണ്ടെണ്ണം ഗുജറാത്തിലുമാണ് എത്തേണ്ടിയിരുന്നത്. വേറൊരു കപ്പൽ റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഭാരത് പെട്രോളിയം കോർപറേഷന്റെയും നിയന്ത്രണത്തിലുള്ള ഗുജറാത്തിലെ സിക്ക തുറമുഖത്തിലേക്കുളള യാത്രയിലാണെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമില്ല.
യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇന്ത്യ റഷ്യൻ എണ്ണ വിലക്കുറവിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിന് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിമർശിച്ചിരുന്നു. ബുധനാഴ്ച, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുന്നതിന് പുറമേ, പിഴ ചുമത്താൻ യുഎസ് പ്രസിഡന്റ് തീരുമാനിച്ചു. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡ് എന്നിവ കഴിഞ്ഞ ഒരാഴ്ചക്കിടെ റഷ്യൻ ക്രൂഡ് ഓയിലിന് ഓർഡർ നൽകിയിട്ടില്ല. റഷ്യ യുക്രെയ്നുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.