ഗസ്സ സിറ്റി: ഇസ്രായേലിന്റെ തീമഴ തുടരുന്നതിനിടെ, അമേരിക്കയുടെ പ്രത്യേക ദൂതൻ ഗസ്സയിലെത്തി. മേഖലയിൽ ഭക്ഷ്യ വിതരണ മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന സൈനികാക്രമണത്തിന്റെ നിജസ്ഥിതി അറിയുന്നതിനും മറ്റുമായാണ് സ്റ്റീവ് വിറ്റ്കോഫ് ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക് ഹുക്കാബീയുമൊത്ത് ഗസ്സയിലെത്തിയത്. കഴിഞ്ഞ 36 മണിക്കൂറിനിടെ ഗസ്സയിൽ നൂറിലധികം പേർ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച രാത്രി മുതൽ ഇസ്രായേൽ ആക്രമണം കനപ്പിച്ചിരിക്കുകയാണ്. ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന സിക്കിമിൽ ഭക്ഷ്യസഹായ വാഹനങ്ങളെ കാത്തിരുന്ന ജനക്കൂട്ടത്തിനുനേരെയാണ് ആക്രമണമുണ്ടായത്. മേഖലയിലെ അൽ സറായ ഫീൽഡ് ആശുപത്രിയിൽ നൂറിലധികം മൃതദേഹങ്ങളെത്തിയെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച റഫയിലും ഇസ്രായേൽ ആക്രമണമുണ്ടായി. ഇവിടെ 17 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയും ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾക്കുനേരെ ആക്രമണമുണ്ടായി.
ഗസ്സയിൽ യു.എസ് നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയായ ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) ആണ് ഭക്ഷ്യ സഹായവും മറ്റും ചെയ്യുന്നത്. ഇതര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ സൈന്യം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജി.എച്ച്.എഫിന്റെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ ഒത്തുചേരുന്ന ഫലസ്തീനികളെ ഇസ്രായേൽ ആക്രമിക്കുകയാണ്.
90 ദിവസത്തിനിടെ, ഭക്ഷ്യ കേന്ദ്രങ്ങൾക്കടുത്ത് മാത്രം 1800ലധികം പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിനായി ഫലസ്തീനികൾക്ക് ഒരൊറ്റ കേന്ദ്രത്തെ മാത്രമായി ആശ്രയിക്കേണ്ടിവന്നത് മേഖലയെ പട്ടിണിയിലേക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവുമൂലം മരിച്ചു. ഇക്കാര്യങ്ങളുടെയെല്ലാം വാസ്തവമറിയാനാണ് യു.എസ് ദൂതനിപ്പോൾ ഗസ്സയിലെത്തിയിരിക്കുന്നത്. ഇസ്രായേൽ സൈനികരുടെ അകമ്പടിയോടെ ഇരുവരും ഗസ്സയിലെ വിവിധ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചു.
അതിനിടെ, ജർമനി ഗസ്സയിൽ ആകാശ മാർഗം സഹായ വിതരണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 14 ടൺ സഹായ വസ്തുക്കൾ ഗസ്സയിൽ വിതരണം ചെയ്തതായി ജർമൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗസ്സക്കുള്ള സഹായതുക വർധിപ്പിക്കുമെന്നും ജർമനി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.