രാജ്യ തലസ്ഥാനത്തെ പൊലീസിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ട്രംപ്; പകരം നാഷനൽ ഗാർഡിനെ വിന്യസിക്കും

വഷിംങ്ടൺ: രാജ്യതലസ്ഥാനമായ വാഷിംങ്ടൺ ഡി.സിയിലെ പൊലീസ് സേനയുടെ നിയന്ത്രണം പിടിച്ചെടുത്ത് പകരം നാഷനൽ ഗാർഡിനെ വിന്യസിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തലസ്ഥാനം അക്രമികളുടെ പിടിയിൽ ആണെന്നും നിയമവാഴ്ചയില്ലെന്നും ആരോപിച്ചാണ് ട്രംപിന്റെ നടപടി. എന്നാൽ, ഔദ്യോഗിക കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് തികച്ചും ഭിന്നമായ രീതിയിൽ നഗരത്തെ വിശേഷിപ്പിച്ചുകൊണ്ടാണ് ഈ നീക്കമെന്ന് ട്രംപിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നു. വാഷിങ്ടൺ-മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് കണക്കുകൾ പ്രകാരം കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇവിടുത്തെ കുറ്റകൃത്യങ്ങൾ.

വംശപരമായ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു നഗരത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു നേരെയുള്ള ‘വെറുപ്പുളവാക്കുന്നതും അപകടകരവും അവഹേളനപരവുമായ’ ആക്രമണമായി ഇതിനെ അവർ അപലപിച്ചു. ഫെഡറൽ സൈന്യത്തിന്റെ ഏറ്റെടുക്കൽ 30 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.

നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനത്തെ കുറ്റകൃത്യങ്ങൾ, രക്തച്ചൊരിച്ചിൽ, കുഴപ്പങ്ങൾ എന്നിവയിൽ നിന്ന് രക്ഷിക്കാൻ ഒരു ചരിത്രപരമായ നടപടി സ്വീകരിക്കുകയാണെന്ന് കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു. ‘ഇന്ന് ഡി.സിയുടെ വിമോചന ദിനമാണെന്നും നമ്മുടെ തലസ്ഥാനത്തെ തിരിച്ചുപിടിക്കാൻ പോകുകയാണെന്നും’ ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി.

വാഷിങ്ടൺ ഡി.സിയെ ‘ലോകത്തിലെ ഏറ്റവും അപകടകരമായ നഗരങ്ങളി’ലൊന്ന് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കുറ്റകൃത്യങ്ങൾ 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് ക​ണക്കെങ്കിലും, കൊലപാതക നിരക്ക് ബൊഗോട്ടയേക്കാളും മെക്സിക്കോ സിറ്റിയേക്കാളും കൂടുതലാണെന്നും അക്രമാസക്തമായ നിലയിലാണെന്നും യു.എസ് പ്രസിഡന്റ് അവകാശപ്പെട്ടു.

വരും ആഴ്ചയിൽ 800 നാഷനൽ ഗാർഡ് സൈനികർ വാഷിംങ്ടണിന്റെ തെരുവിലിറങ്ങുമെന്ന് ട്രംപിനൊപ്പം ഉണ്ടായിരുന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. അവർ ശക്തരായിരിക്കുമെന്നും അവരുടെ നിയമ നിർവ്വഹണ പങ്കാളികൾക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപനങ്ങൾ നേരിടുമ്പോൾ നാഷനൽ ഗാർഡിന് ഇഷ്ടമുള്ളത് ചെയ്യാൻ അനുവദിക്കുമെന്ന് ട്രംപ് തറപ്പിച്ചു പറഞ്ഞു. കുറ്റവാളികൾക്ക് മനസ്സിലാകുന്ന ഒരേയൊരു ഭാഷ അതാണ്. പൊലീസിന്റെ മുഖത്ത് തുപ്പാൻ അവർ ഇഷ്ടപ്പെടുന്നു. നിങ്ങൾ തുപ്പുമ്പോൾ ഞങ്ങൾ അവരെ ശരിക്കും അടിക്കു’മെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ, അധികാരത്തിൽ നിന്ന് പുറത്തായ വേളയിൽ 2021 ജനുവരി 6ന് വാഷിംങ്ടണിലെ യു.എസ് കാപിറ്റോൾ ആക്രമിച്ച തന്റെ അനുയായികൾക്ക് ട്രംപ് മാപ്പ് നൽകിയിരുന്നു. അതേ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ ഡെമോക്രാറ്റുകളും പൗരാവകാശ നേതാക്കളും വിമർശിച്ചു.

‘ഈ തീരുമാനം വാഷിംങ്ടൺ ഡി.സി ഹോം റൂളിനു നേർക്കുള്ള ചരിത്രപരമായ ആക്രമണമാണെന്നും ഡി.സിയുടെ സംസ്ഥാന പദവി ബിൽ പാസാക്കേണ്ടതിന്റെ അടിയന്തര ആവശ്യത്തിന്റെ കൂടുതൽ തെളിവാണെന്നും ജനപ്രതിനിധിസഭയിൽ ഡി.സിയെ പ്രതിനിധീകരിക്കുന്ന എലീനർ ഹോംസ് നോർട്ടൺ പ്രതികരിച്ചു.

Tags:    
News Summary - Trump seizes control of Washington DC police and deploys national guard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.