ബീജിങ്: ഡ്രാഗണും ആനയും കൈകോർക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യകതയെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ചൈനയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയോടനുബന്ധിച്ച് നടന്ന പ്രതിനിധി തല ചർച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ഷി ജിൻപിങ്. നല്ല അയൽക്കാരും നല്ല സുഹൃത്തുക്കളുമാവുന്നത് ഇന്ത്യക്കും ചൈനക്കും ഗുണമുണ്ടാക്കും.
‘ലോകം മാറ്റത്തിന്റെ പാതയിൽ അതിവേഗമാണ് മുന്നേറുന്നത്. പഴക്കമേറിയ രണ്ട് നാഗരികതകൾക്കപ്പുറം ലോകത്തെ വലിയ ജനസംഘ്യയുള്ള രണ്ട് രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഡ്രാഗണും ആനയും ഒരുമിച്ച് നിൽക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്’ -ഷി ജിൻപിങ് പറഞ്ഞു.
ഈ വർഷം ചൈന-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 75-ആം വാർഷികമാണെന്ന് ചൂണ്ടിക്കാട്ടിയ ഷി ജിൻപിങ്, ഇരു രാജ്യങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ നയതന്ത്രപരമായ ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നും പറഞ്ഞു.
ബഹുമുഖത, ബഹുധ്രുവ ലോകം, അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ കൂടുതൽ ജനാധിപത്യം എന്നീ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ച് ഏഷ്യയിലും ലോകമെമ്പാടുമുള്ള സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള ചരിത്രപരമായ ഉത്തരവാദിത്വത്തിലേക്ക് മുന്നേറാനും ഷി ജിൻപിങ് ആഹ്വാനം ചെയ്തു.
ടിയാൻജിനിൽ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് ചൈനയിലെത്തിയത്.
2020-ൽ കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന (എൽ.എ.സി) ഗാൽവാൻ താഴ്വരയിൽ മാരകമായ ഏറ്റുമുട്ടലിലേക്ക് നയിച്ച അതിർത്തി പ്രശ്നങ്ങളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് ശേഷം ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചക്ക് പിന്നാലെ, ഇന്ത്യയും ചൈനയും എൽ.എ.സിയിലെ സൈനിക തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ വേഗത്തിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.