മലപ്പുറം: കൃഷി നഷ്ടമല്ലെന്ന് തെളിയിക്കുകയാണ് പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശിനി വീട്ടമ്മ കൊടുവായിക്കൽ ഖദീജ. കൃഷി വകുപ്പിന്റെ സഹായമാണ് തന്റെ വളര്‍ച്ചക്ക് കാരണമെന്ന് കൃഷിയിൽ വിജയഗാഥ രചിച്ച ഖദീജ പറയുന്നു. കൊടികുത്തിമലയുടെ താഴ്്വരയിലെ ആണി മില്ലിന് സമീപമാണ് ഖദീജയുടെ തുവ ഓർഗാനിക് ഫാം സ്ഥിതി ചെയ്യുന്നത്. 18 ഏക്കറിൽ പൂര്‍ണമായും ജൈവ രീതിയിലാണ് കൃഷി.
മൂന്ന് ഏക്കര്‍ സ്ഥലത്ത് കമുകും 3.5 ഏക്കര്‍ സ്ഥലത്ത് മാവും പ്ലാവും ഒരു ഏക്കര്‍ സ്ഥലത്ത് കശുമാവും വാഴയും മറ്റു പല വൃക്ഷങ്ങളും കൃഷി ചെയ്യുന്നുണ്ട്. 10 സെന്റില്‍ ഇഞ്ചി, മഞ്ഞള്‍ എന്നിവയും 100 സ്ക്വയര്‍ മീറ്റര്‍ മഴമറയില്‍ പച്ചക്കറികളും 300 ഓളം ഓര്‍ക്കിഡുകളും ഉണ്ട്. അതിരുകളിലായി തീറ്റപ്പുല്‍ കൃഷിയും ഇവര്‍ ചെയ്യുന്നു. ഇതോടൊപ്പം മീന്‍, കോഴി, ആട്, പശു, തേനീച്ച എന്നിവയുമുണ്ട്. 2018ലെ പ്രളയത്തില്‍ ഖദീജയുടെ കൃഷിയിടത്തിന് ഏറെ നാശം സംഭവിച്ചിരുന്നു. നഷ്ടപരിഹാരത്തിന് അപേക്ഷിച്ച ഖദീജക്ക് കൃഷി വകുപ്പ് സമ്മിശ്ര കൃഷിക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്കി. അതാണ് ജീവിതത്തില്‍ വഴിത്തിരിവായത് എന്ന് ഖദീജ പറയുന്നു.
സഹായം ലഭിച്ച ഖദീജ കുളം കുഴിച്ച് മീന്‍, തേനീച്ച വളര്‍ത്തലും തുടങ്ങി. ഫാം പ്ലാന്‍ പദ്ധതിയിലൂടെ ലഭിച്ച ധനസഹായം ഉപയോഗിച്ച് കറവപ്പശുവിനെ വാങ്ങുകയും പൂര്‍ണ്ണമായും ജൈവകൃഷിയിലേക്ക് മാറുകയും ചെയ്തു. ജൈവ കൃഷി ആയതിനാല്‍ ഇവരുടെ ഉൽപന്നങ്ങള്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പാലില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങള് നിര്‍മ്മിച്ച് വിപണനം നടത്തുകയും ചെയ്യുന്നുണ്ട്.
വാഴയില്‍ നിന്ന് ബനാനടോഫി, ചിപ്സ് പൗഡര്‍, കുന്നന് കായപ്പൊടി, തേങ്ങയില്‍ നിന്നും വെര്‍ജിന്‍ ഓയില്‍, വെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, ചക്കയില്‍ നിന്നും ചിപ്സ്, ചക്ക പൗഡര്‍, തേനില്‍ നിന്നും തേന്‍ കാന്താരി, തേന്‍ വെളുത്തുള്ളി, തേന്‍ ഇഞ്ചി, ലിപ് ബാം, പെയിന്‍ബാം, സ്കിന്‍ ക്രീം, പാലില്‍ നിന്ന് നെയ്യ്, ബട്ടര്‍, മോര്, തൈര് എന്നിവ ഉൽപാദിപ്പിക്കുന്നു. തേനീച്ച വളര്‍ത്തലില്‍ കൃഷി വകുപ്പിന് വേണ്ടി പരിശീലനം നല്കുന്ന ട്രെയ്നര്‍ കൂടിയാണ് ഇവര്‍. ഭർത്താവ് നൂഹും മക്കളായ നസ്മീനും അഹമ്മദ് മുനവ്വറും ഖദീജക്ക് പിന്തുണയുമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.