പച്ചക്കറികളുമായി ഇടച്ചേരി റെസിഡന്റ്സ് അസോസിയേഷൻ
കണ്ണൂർ: സംസ്ഥാന കർഷക അവാർഡ് പ്രഖ്യാപിച്ചപ്പോൾ ജില്ലക്ക് ആറ് പുരസ്കാരങ്ങൾ. മികച്ച കൂൺ കർഷകനുള്ള 50,000 രൂപയുടെ പുരസ്കാരം ഇരിട്ടി പുന്നാട്ടെ രമ്യ നിവാസിൽ എൻ.വി. രാഹുലിന് ലഭിച്ചു. പച്ചക്കറികൾ നട്ട് മികച്ച മാതൃക കാട്ടിയതിന് പയ്യന്നൂർ സെന്റ് മേരീസ് യു.പി സ്കൂളിനും 50,000 രൂപയുടെ പുരസ്കാരം ലഭിച്ചു.
കാർഷിക മേഖലയിലെ കയറ്റുമതിക്കുള്ള പുരസ്കാരം പഴയങ്ങാടി താവം മലബാർ കൈപ്പാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും മികച്ച റെസിഡന്റ് അസോസിയേഷനുള്ള പുരസ്കാരം ചിറക്കൽ പുഴാതിയിലെ ഇടച്ചേരി റെസിഡന്റ്സ് അസോസിയേഷനും നേടി. സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള മൂന്നാം സ്ഥാനം ചെറുപുഴ കൃഷിഭവനിലെ എം.കെ. സുരേശന് ലഭിച്ചു. കൃഷിവകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പാക്കിയതിന് മാങ്ങാട്ടിടം കൃഷിഭവന് ഒരുലക്ഷം രൂപയുടെ പുരസ്കാരമാണ് ലഭിച്ചത്.
രാഹുലിന്റെ നേട്ടം മൺസൂൺ മഷ്റൂംസിൽ
വിളയിച്ച കൂണുകളുമായി രാഹുൽ
കപ്പലിൽ ജോലിയുണ്ടായിട്ടും അത് ഉപേക്ഷിച്ച് കൂൺ കൃഷിക്കിറങ്ങിയ രാഹുൽ കഴിഞ്ഞ എട്ടുവർഷമായി മൺസൂൺ മഷ്റൂംസിൽ വിജയം തീർത്ത് മുന്നേറുകയാണ്. വൈക്കോലിൽ തുടങ്ങി നിലവിൽ റബർ അറക്കപ്പൊടിയിലാണ് കൂൺ കൃഷി നടത്തുന്നത്. 10,000 കർഷകർക്കും 40 ഫാമുകൾക്കും വിത്തും വളവും നൽകുന്നത് രാഹുലാണ്. മാസം 15 ലക്ഷത്തോളം വിറ്റുവരവുണ്ട്. പിതാവ് ഗോവിന്ദൻ നമ്പ്യാരും മാതാവ് രമാദേവിയും ഭാര്യ അനുശ്രീയും മകൻ റയാലും പിന്തുണയുമായി കൂടെയുണ്ട്. 20 സ്ഥിരം തൊഴിലാളികളും കൂൺ ഫാമിലുണ്ട്.
പച്ചക്കറിയിൽ സെന്റ് മേരീസ്
പച്ചക്കറികളുമായി പയ്യന്നൂർ സെന്റ് മേരീസ് യു.പി വിദ്യാർഥികൾ
പച്ചക്കറികൾ നട്ട് മികച്ച മാതൃക കാട്ടിയതിന് പയ്യന്നൂർ സെന്റ് മേരീസ് യു.പി സ്കൂളിന് 50,000 രൂപയുടെ പുരസ്കാരമാണ് ലഭിച്ചത്. 1500 കുട്ടികൾ പഠിക്കുന്ന ഇവിടെ കുട്ടികളും അധ്യാപകരും പി.ടി.എയും ചേർന്നാണ് കൃഷിയൊരുക്കിയത്. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനും വിഷരഹിത പച്ചക്കറി ലഭ്യമാക്കാനുമാണ് 60 സെന്റോളം വരുന്ന കൃഷിയിടത്തിൽ തക്കാളി, വഴുതിന, വെണ്ട, പയർ, പച്ചമുളക്, നരമ്പൻ, വെള്ളരി, മത്തൻ, ചീനിക്കിഴങ്ങ്, പടവലം, കോവൽ, തണ്ണിമത്തൻ, ചീര, പാവക്ക എന്നിവയെല്ലാം നട്ടത്. അവാർഡ് കുട്ടികൾക്ക് കൂടുതൽ പ്രചോദനമാകുമെന്ന് അധ്യാപിക സിസ്റ്റർ ഷാന്റി ഫിലിപ്പ് പറഞ്ഞു.
കാർഷിക കയറ്റുമതിയിൽ മലബാർ ഫാർമേഴ്സ് കമ്പനി
കാർഷിക മേഖലയിലെ കയറ്റുമതിക്കുള്ള പുരസ്കാരം പഴയങ്ങാടി താവം മലബാർ കൈപ്പാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് ലഭിച്ചു. കൈപ്പാട് അരിയും അവലും പുട്ടുപൊടിയുമെല്ലാം കയറ്റി അയച്ച കമ്പനി ഇനി കൈപ്പാട് അരിയും കഞ്ഞിയും ജാപ്പനീസ് സാങ്കേതിക വിദ്യയിൽ തയാറാക്കി കയറ്റി അയക്കാനുള്ള തയാറെടുപ്പിലാണ്. അതിനിടെയാണ് പുരസ്കാരത്തിളക്കം.
ഇടച്ചേരി റെസിഡന്റ്സ് അസോസിയേഷൻ
റെസിഡന്റ്സ് അസോസിയേഷനുള്ള പുരസ്കാരം ചിറക്കൽ പുഴാതിയിലെ ഇടച്ചേരി റെസിഡന്റ്സ് അസോസിയേഷൻ നേടി. മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത്. വിഷരഹിത പച്ചക്കറി കൃഷി, ചെണ്ടുമല്ലി പൂകൃഷി തുടങ്ങിയവ അസോസിയേഷന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നു.
പള്ളിക്കുന്ന് ഹൈവേയിൽ കൃഷിഭവൻ അനുവദിച്ച ഇക്കോ ഷോപ്പ് നടത്തുന്നത് അസോസിയേഷനാണ്. പാതയോര ശുചീകരണം, പാതയോരങ്ങളിൽ വൃക്ഷത്തൈ നട്ട് സംരക്ഷിക്കൽ, മാലിന്യ കൂമ്പാരങ്ങൾ നീക്കി പൂന്തോട്ടവും അക്ഷരക്കൂടും ഒരുക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. പ്രസിഡന്റ് ജോർജ് തയ്യിലും ജനറൽ സെക്രട്ടറി ആർ. അനിൽ കുമാറുമാണ് അസോസിയേഷനെ നയിക്കുന്നത്.
സുരേഷ് കുറ്റൂർ വീണ്ടും
കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ
സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള മൂന്നാം സ്ഥാനം ചെറുപുഴ കൃഷിഭവനിലെ സുരേഷ് കുറ്റൂരിന് ലഭിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയിൽ നടത്തിയ ശ്ലാഘനീയമായ പ്രവർത്തനം മുൻനിർത്തിയാണ് അവാർഡ് നൽകിയത്. ഇത് രണ്ടാം തവണയാണ് സംസ്ഥാന അവാർഡിന് അർഹനാകുന്നത്. നൂതന കാർഷിക സാങ്കേതിക വിദ്യ കർഷകരിലെത്തിക്കുകയും കാർഷിക മേഖലയിൽ അഭൂതപൂർവമായ മാറ്റം വരുത്തുകയും ചെയ്യുന്നതിന് നടത്തിയ പ്രവർത്തനമാണ് അവാർഡിന് പരിഗണിച്ചത്. പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഓഫിസിലെ സി.പി. ജിഷയാണ് ഭാര്യ. ഗോപിക, ആരവ് എന്നിവർ മക്കൾ.
പദ്ധതി മികവിൽ മാങ്ങാട്ടിടം കൃഷിഭവൻ
കൃഷിവകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പാക്കിയതിന് മാങ്ങാട്ടിടം കൃഷിഭവന് ഒരുലക്ഷം രൂപയുടെ പുരസ്കാരം ലഭിച്ചു. കൃഷിവകുപ്പിന്റെ കൃഷി സമൃദ്ധി പഞ്ചായത്താണ് മാങ്ങാട്ടിടം. റെഡ് ചില്ലീസ്, മാങ്ങാട്ടിടം ഹണി, മാങ്ങാട്ടിടം ഗോൾഡ് മഞ്ഞൾ, മാങ്ങാട്ടിടം റൈസ് എന്നീ ഉൽപന്നങ്ങൾ കേരള അഗ്രോ ബ്രാൻഡിൽ ഇറക്കാനും ഇവർക്ക് സാധിച്ചു. തേൻ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി 400 കുടുംബങ്ങൾക്ക് തേനീച്ചപ്പെട്ടി നൽകിയും അതിൽനിന്ന് ഉൽപാദിപ്പിക്കുന്ന തേൻ മാങ്ങാട്ടിടം ഹണി എന്ന ബ്രാൻഡിൽ ഇറക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.