പച്ചക്കറികളിലെ കീടനാശിനി പ്രയോഗം; കരുതലാണ് പ്രധാനം

പഴങ്ങളിലും പച്ചക്കറികളിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കീടനാശിനികൾ തളിക്കുന്നുണ്ടെന്ന പേടിസ്വപ്നത്തിൽനിന്നാണ് മലയാളി ജൈവപച്ചക്കറി കൃഷിയിലേക്കിറങ്ങിയത്. അടുക്കളത്തോട്ടങ്ങളും ഇതോടെ സജീവമായി. എങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്നുവരുന്ന പഴം-പച്ചക്കറികളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറവല്ല.

കൃഷി ചെയ്ത് ഉൽപാദിപ്പിക്കാത്ത വിളകൾ കടകളിൽനിന്ന് വാങ്ങുകയാണ് ചെയ്യുക. പ്രത്യേകിച്ച് ഓണം പോലുള്ള ഉത്സവ സീസണുകളിൽ അയൽസംസ്ഥാനങ്ങൾ മാസങ്ങൾക്ക് മുമ്പുതന്നെ മലയാളികൾക്ക് ഓണസദ്യയൊരുക്കാനുള്ള കാർഷിക ഒരുക്കങ്ങൾ തുടങ്ങും.

വ​ളരെ ലളിതവും ഫലപ്രദവുമായ മാർഗങ്ങളിലൂടെ നല്ലൊരളവ് കീടനാശിനിയുടെ അംശം പഴം-പച്ചക്കറികളിൽനിന്ന് കുറക്കാനാകും. ഓരോ പച്ചക്കറിയും മാർക്കറ്റിൽനിന്നുവാങ്ങി ഉപയോഗിക്കുന്നതിന് മുമ്പായി അവയിലെ കീടനാശിനികളെ നീക്കം ചെയ്യാനുള്ള ചില മാർഗങ്ങൾ പരിചയപ്പെടാം.

കറിവേപ്പില, പച്ചമുളക്, ചീര, കാപ്സിക്കം, വള്ളിപ്പയർ, പാവക്ക, പടവലം, കോളിഫ്ലവർ, വെണ്ടക്ക, കാബേജ് എന്നീ പച്ചക്കറികളിലാണ് കീടനാശിനി വിഷാംശം കൂടുതൽ. ഇവയിലോരോന്നും ലളിതവും പ്രയോഗികവുമായ മാർഗങ്ങളിലൂടെ വിഷരഹിതമാക്കാനും സാധിക്കും. മറ്റു പച്ചക്കറികൾ ശുദ്ധജലത്തിൽ കഴുകി ഈർപ്പം മാറ്റിയെടുത്ത് ഉപയോഗിക്കാം.

പയർവർഗ പച്ചക്കറികൾ

വള്ളിപ്പയറിലാണ് കീടനാശിനിഅംശം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് സ്ക്രബറിന്റെ കഷ്ണം, ചകിരി ഇവയിലേതെങ്കിലും ഉപയോഗിച്ച് പയർ നന്നായി ഉരസി കഴുകണം. ശേഷം രണ്ടുലിറ്റർ വെള്ളത്തിൽ 40 മില്ലി വിനാഗിരി ചേർത്തുണ്ടാക്കുന്ന വിനാഗിരി ലായനിയിലോ അല്ലെങ്കിൽ 40 ഗ്രാം വാളൻപുളി രണ്ടുലിറ്റർ വെള്ളത്തിൽ പിഴിഞ്ഞ് അരിച്ചെടുത്ത തവിട്ട് ലായനി​യിലോ 15 മിനിറ്റ് മുക്കിവെക്കണം. പിന്നീട് പച്ചവെള്ളത്തിൽ കഴുകി വെള്ളം വാർന്ന ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഇലവർഗ പച്ചക്കറികൾ

ചീര

ചീരയുടെ ചുവടുഭാഗം വേരോടെ മുറിച്ചുമാറ്റി തണ്ടും ഇലകളും വെള്ളത്തിൽ പലതവണ കഴുകി വൃത്തിയാക്കണം. ശേഷം 60 ഗ്രാം പുളി മൂന്നുലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് വലിയ പാത്രത്തിലാക്കി 15 മിനിറ്റ് ചീര അതിൽ മുക്കിവെക്കണം. ശേഷം പച്ചവെള്ളത്തിൽ കഴുകി വെള്ളം വാർന്നശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

കറിവേപ്പില

വാങ്ങുന്ന കറിവേപ്പില തണ്ടിൽനിന്ന് ഊരിയെടുത്ത് വെള്ളത്തിൽ ഒരുമിനിറ്റ് നന്നായി ഉലച്ച് കഴുകിയശേഷം 15 മിനിറ്റ് പുളിവെള്ളത്തിൽ മുക്കിവെക്കണം. ശേഷം പച്ചവെള്ളത്തിൽ കഴുകിയെടുത്ത് ഈർപ്പമില്ലാതെ പ്ലാസ്റ്റിക് കണ്ടെയ്നറിലോ സ്റ്റീൽ പാത്രത്തിലോ ഫ്രിഡ്ജിൽ സൂക്ഷിച്ചുവെക്കാം.

മല്ലിയില

പാകം ചെയ്തും അല്ലാതെയും ഉപയോഗിക്കുന്ന ഇലവർഗമാണ് മല്ലിയില. അതിനാൽ വളരെയധികം മുൻകരുതൽ സ്വീകരിക്കുന്നത് നന്നാകും. മല്ലിയിലയുടെ ചുവട് മുറിച്ചു കളഞ്ഞശേഷം ടാപ്പ് വെള്ളത്തിൽ പലതവണ കഴുകണം.

വായു കടക്കാത്ത പ്ലാസ്റ്റിക് കണ്ടെയ്നറിലോ സ്റ്റീൽ പാത്രത്തിലോ മൂന്നോ നാലോ ടിഷ്യൂപേപ്പർ അടിയിലും മുകളിലുമായി നിരത്തിവെച്ചശേഷം ഈർപ്പം കളഞ്ഞ് മല്ലിത്തണ്ടുകൾ ഇവക്കിടയിൽ നിരത്തിവെക്കാം. ടിഷ്യൂപേപ്പറിനുപകരം തുണിക്കഷ്ണവും ഉപയോഗിക്കാം.

വെള്ളരിവർഗ പച്ചക്കറികൾ

പാവക്ക

പാവക്കയുടെ പുറത്തെ മുള്ളുകൾക്കിടയിൽ കീടനാശിനി ലായിനി പറ്റിപ്പിടിച്ചിരിക്കാൻ സാധ്യത കൂടുതലാണ്. പാവക്ക വാങ്ങിയാൽ ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകി വൃത്തിയാക്കണം. അധികം അമർത്താതെവേണം ഒരു മിനിറ്റോളം കഴു​കിയെടുക്കാൻ.

ശേഷം 40 മില്ലി വിനാഗിരി രണ്ടുലിറ്റർ വെള്ളത്തിൽ കലക്കി പാവക്ക 15 മിനിറ്റ് മുക്കിവെക്കണം. പിന്നീട് പച്ചവെള്ളത്തിൽ കഴുകി വെള്ളം വാർന്നുപോകാൻ പറ്റിയ സുഷിരങ്ങളുള്ള പാത്രത്തിലോ കുട്ടയിലോ ഒരു രാത്രി മുഴുവൻ വെക്കണം. അടുത്ത ദിവസം ഫ്രിഡ്ജിലേക്ക് മാറ്റാം.

പടവലം, കണിവെള്ളരി, സാലഡ് വെള്ളരി

ഇവ ഒരു ബ്രഷ് ഉപയോഗിച്ച് പച്ചവെള്ളത്തിൽ കഴുകിയെടുക്കണം. . ഈർപ്പം പോയതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. കൂടാതെ വിനാഗിരി ലായനിയിൽ 15 മിനിറ്റ് മുക്കിവെച്ചശേഷം പച്ചവെള്ളത്തിൽ നന്നായി കഴുകിയെടുത്ത് ഈർപ്പം മാറ്റി ഫ്രിഡ്ജിൽ വെക്കാം.

മുറിച്ച് കഷ്ണങ്ങളാക്കിയാണ് വാങ്ങുന്നതെങ്കിൽ തൊലി ചെത്തിമാറ്റി പൂർണമായും ഈർപ്പം പോയതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നന്നാകും.

വഴുതിന വർഗ വിളകൾ

വഴുതിന, തക്കാളി, കത്തിരി, പച്ചമുളക്, കാപ്സിക്കം എന്നിവ ഒരു മിനിറ്റ് ടാപ്പ് വെള്ളത്തിൽ കൈ​കൊണ്ട് ഉരസി കഴു​കിയെടുക്കണം. ശേഷം 15 മിനിറ്റ് വിനാഗിരി ലായനിയി​ലോ (40 മില്ലി/രണ്ടുലിറ്റർ വെള്ളം) വാളൻപുളി ലായനിയിലോ (40 ഗ്രാം/രണ്ടുലിറ്റർ വെള്ളം) മുക്കിവെക്കണം.

ശേഷം പച്ചവെള്ളത്തിൽ കഴുകി വെള്ളം വാർന്നുപോകാൻ സുഷിരങ്ങളുള്ള പാത്രത്തിലാക്കി ഒരു രാത്രി വെക്കണം. അടുത്ത ദിവസം ഞെട്ട് വേർപെടുത്തി ഈർപ്പം മാറിയതിനുശേഷം ഫ്രിഡ്ജിൽ വെക്കാം.

കിഴങ്ങുവർഗ വിളകൾ

മണ്ണിൽ വിളയുന്ന വിളകളായതിനാൽ കീടനാശിനി പ്രയോഗം വളരെ കുറവായിരിക്കും. ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ വിളവെടുത്ത ശേഷം പല സ്ഥലത്തും മണ്ണിലും വാഹനങ്ങളിലൂടെ യാത്ര ചെയ്തുമെല്ലാമാണ് കടകളിലേക്കെത്തുക. അതിനാൽ സൂക്ഷ്മാണുക്കളുടെ എണ്ണം വളരെ കൂടുതലുമായിരിക്കും.

ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക

ഇവയുടെ പുറത്തെ മണ്ണും മറ്റു മാലിന്യവും പൂർണമായി മാറ്റണം. അതിനായി ചകിരി ഉപയോഗിച്ച് തേച്ചുരച്ചു വൃത്തിയാക്കി കഴുകണം. ചേന മുറിച്ച് കഷണങ്ങളിൽനിന്ന് ഈർപ്പം ​പോയശേഷം ഇഴയകലമുള്ള തുണിസഞ്ചിയിലാക്കി ഫ്രിഡ്ജിലേക്ക് മാറ്റാം. പാചകം ചെയ്യുന്നതിനുമുമ്പ് ഇവയുടെ തൊലി ചുരണ്ടിമാറ്റണം.

മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്

ഇവ പാചകം ചെയ്യുന്നതിന് മുമ്പായി ഒന്നുരണ്ടുതവണ വെള്ളത്തിൽ നല്ലതുപോലെ ഉരച്ച് കഴുകി പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണും മറ്റു മാലിന്യവും നീക്കണം.

അതി​നുശേഷം തൊലി ചെത്തിമാറ്റി അമർത്തി ഉരസിക്കഴുകി വേണം ഉപയോഗിക്കാൻ. ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ പ്ലാസ്റ്റിക് കവറുകളിലിട്ട് വെക്കാതെ തുണിസഞ്ചിയിലാക്കി വെക്കാൻ ശ്രദ്ധിക്കണം. 

ശീതകാല പച്ചക്കറികൾ

കാബേജിന്റെ പുറത്തെ മൂന്ന് ഇതളുകളെങ്കിലും അടർത്തി മാറ്റിയ ശേഷം ടാപ്പ് വെള്ളത്തിൽ ചകിരി​​​/സ്ക്രബർ കൊണ്ടോ നന്നായി കഴുകിയെടുക്കണം. ഈർപ്പം മാറിയശേഷം തുണി സഞ്ചിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

കോളിഫ്ലവറിന്റെ ഇല നീക്കിയ ശേഷം പൂവിന്റെ ഓരോ തണ്ടുകളായി മുറിച്ച് വേർപെടുത്തി എടുക്കണം. ശേഷം വിനാഗിരി ലായനിയിൽ (40 മില്ലി/രണ്ടുലിറ്റർ വെള്ളം) 15 മിനിറ്റ് മുക്കിവെക്കണം. ശേഷം പലതവണ പച്ചവെള്ളത്തിൽ കഴുകിയെടുത്ത് പാചകത്തിനായി ഉപയോഗിക്കാം. മുറിച്ച കോളിഫ്ലവർ കഷ്ണങ്ങൾ ഒരു ദിവസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.

കീടനാശിനി പ്രയോഗം വളരെ കുറവായതിനാലും തൊലി ചുരണ്ടിക്കളഞ്ഞ് മാത്രം ഉപയോഗിക്കുന്നതിനാലും സുരക്ഷിത പച്ചക്കറികളായി കണക്കാക്കുന്നവയാണ് കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവ. തണ്ടോട് ചേർന്നിരിക്കുന്ന അറ്റം മുറിച്ചുകളഞ്ഞതിനുശേഷം തൊലി ചുരണ്ടിമാറ്റി പച്ചവെള്ളത്തിൽ പല ആവർത്തി കഴുകി വൃത്തിയാക്കി സുഷിരങ്ങളുള്ള പാത്രത്തിലാക്കി ഒരു രാത്രി വെക്കണം. അടുത്ത ദിവസം തുണിസഞ്ചിയിലോ പ്ലാസ്റ്റിക് കണ്ടെയ്നറിലോ ആക്കി ഫ്രിഡ്ജിലേക്ക് മാറ്റാം.

Tags:    
News Summary - Pesticide use on vegetables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.