ന്യൂഡൽഹി: ജി.എസ്.ടിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച മാറ്റം നിലവിൽ വരുമ്പോൾ ഉണ്ടാവുക അടിമുടി പരിഷ്‍കാരങ്ങൾ. 12 ശതമാനമെന്ന നികുതി സ്ലാബ് പൂർണമായും ഒഴിവാക്കിയുള്ള പരിഷ്‍കാരമാവും കേന്ദ്രസർക്കാർ നടത്തുക. ഹെൽത്ത്, ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ നികുതി നിരക്ക് ഏകീകരിക്കൽ. അവശ്യവസ്തുക്കളുടെ നികുതി എന്നിവയിലാവും മാറ്റങ്ങൾ വരിക.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ജി.എസ്.ടിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് അറിയിച്ചത്. ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്കരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുമെന്നും മോദി പറഞ്ഞിരുന്നു.
79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഈ ദീപാവലിക്ക് നിങ്ങൾക്കെല്ലാവർക്കും ഒരു സമ്മാനമായി പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ കൊണ്ടുവരും. സാധാരണ വസ്തുക്കളുടെ നികുതി ഗണ്യമായി കുറയും. ഇത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വലിയ നേട്ടമാകും, നിത്യോപയോഗ വസ്തുക്കളുടെ വില കുറയും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും’ -മോദി പറഞ്ഞു.
ആണവായുധം കാട്ടി പാകിസ്താൻ ഇന്ത്യയെ വിരട്ടേണ്ടെന്നും ഓപറേഷൻ സിന്ദൂറിനുശേഷം പാകിസ്താന് ഉറക്കം നഷ്ടപ്പെട്ടെന്നും മോദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ടമറുപടി നൽകി. ഇന്ത്യൻ സേനക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. തന്ത്രവും ലക്ഷ്യവും ആക്രമണത്തിന്‍റെ സമയവും സൈന്യമാണ് തീരുമാനിച്ചത്. സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് സൈന്യം ചെയ്തത്. ശത്രുവിന്‍റെ മണ്ണിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകളോളം കടന്നുകയറി ഭീകരരുടെ ആസ്ഥാനം തകർത്തു. പാകിസ്താനിലെ നാശം വളരെ വലുതായിരുന്നുവെന്നും മോദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.