സ്വർണത്തിന് വീണ്ടും കുറഞ്ഞു; 10 ദിവസമായി വില താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് വീണ്ടും വിലകുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായി.

ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയിൽ എത്തിയ ശേഷം 10 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് പവൻ വില 74240 രൂപയായിരുന്നു. 16ന് ഒരുവിഭാഗം സ്വർണവ്യാപാരികൾ പവന് 40 രൂപയും മറുവിഭാഗം 80 രൂപയും കുറച്ചു. ഇതോടെ 74160 രൂപക്കാണ് വ്യാപാരം നടന്നത്. ഇതിന് ശേഷം മൂന്നുദിവസം വിലയിൽ മാറ്റമുണ്ടായില്ല.

18 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെ ഏറ്റവും കൂടിയ വിലയായ 75,760 രൂപ ആഗസ്റ്റ് എട്ടിനും ഏറ്റവും കുറഞ്ഞ വിലയായ 73,200 രൂപ ആഗസ്റ്റ് ഒന്നിനും രേഖപ്പെടുത്തി.

അതിനിടെ, ജി.എസ്.ടി സ്ലാബുകൾ പുനക്രമീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വർണ്ണ വ്യാപാരികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജിഎസ്ടി ഇനി രണ്ട് സ്ലാബുകൾ മാത്രമാക്കിയേക്കും എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ച് ശതമാനം ആക്കാൻ ആണ് നീക്കം. ജി എസ് ടി മൂന്ന് ശതമാനം ഉള്ള സ്വർണ്ണം ഇതോടെ അഞ്ച് ശതമാനം ആകുമോ എന്നുള്ളതാണ് ആശങ്ക. ഇപ്പോൾ 6% ആണ് ഇറക്കുമതി ചുങ്കം. അതിൽ മാറ്റം വരുത്തിയ ശേഷം സ്വർണ്ണത്തിനുള്ള ജിഎസ്ടി 3% ൽ നിന്ന് 5% ആക്കുമോ എന്നുള്ള ഭയമാണ് സ്വർണ വ്യാപാര മേഖലയ്ക്ക് ഉള്ളത്. ഇറക്കുമതി ചുങ്കം കുറയ്ക്കുമ്പോൾ സ്വാഭാവികമായും വില കുറയാനുള്ള സാധ്യതയുണ്ട്. പക്ഷേ ജനങ്ങൾക് 5% നികുതി കൊടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാകും. 6% ഇറക്കുമതി ചുങ്കം എടുത്തു കളയുകയോ കുറയ്ക്കുകയോ ചെയ്ത ശേഷം സ്വർണത്തിനുള്ള ജിഎസ്ടി 5% ആക്കുകയും ചെയ്താലും ഉപഭോക്താക്കൾക്ക് ബാധ്യത കൂടാൻ തന്നെയാണ് സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അഭിപ്രാ​യപ്പെട്ടു.

‘ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം ഇറക്കുമതി ചെയ്യുമ്പോൾ സീപാ കരാർ പ്രകാരം 1% ഇളവുണ്ട്. ദുബായിൽ സ്വർണ്ണത്തിന് ഇറക്കുമതി നികുതി ഇല്ല. എന്നാൽ ആഭരണങ്ങൾക്ക് അഞ്ച് ശതമാനം ആണ് ജിഎസ്ടി. ഇന്ത്യയിൽ അതേ നികുതി ഘടന സ്വർണത്തിൽ വരുത്താനാണ് ശ്രമിക്കുന്നത്. ജി എസ് ടി നിലവിൽ വരുമ്പോൾ 20,000 രൂപയായിരുന്നു ഇപ്പോഴുള്ളത്. സ്വർണ്ണത്തിന് അഞ്ച് ശതമാനം നികുതിയാക്കിയാൽ 3750 രൂപയോളം പവന് ജി.എസ്.ടി നൽകേണ്ടിവരും. പണിക്കൂലി കൂടി കൂട്ടിയാൽ നികുതി ബാധ്യത കൂടുതലാകും. സ്വർണ്ണത്തിൻറെ ജി.എസ്.ടി നിരക്ക് കുറയ്ക്കുകയാണെങ്കിൽ നികുതി വരുമാനം കൂടാനാണ് സാധ്യത. സ്വർണ്ണത്തിന് വിലവർധിച്ചത് ഉപഭോക്താക്കളുടെ വാങ്ങൽ ശക്തി കുറച്ചിട്ടുണ്ട്. ബാങ്കുകൾ സ്വർണ്ണം വാങ്ങുന്നതിന് ഇഎംഐ ഏർപ്പെടുത്തണം. മൂന്ന് ശതമാനം ജിഎസ്ടിയിൽ നിന്നും ഒരുശതമാനം ആക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രധാനമന്ത്രിക്കും ധനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT