കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം കൂടും

2025 ജൂലൈ മുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ മൂന്നു ശതമാനം വർധനയുണ്ടാകും. ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വില സൂചികയിൽ ജൂണിൽ, കഴിഞ്ഞ ഡിസംബറിനേക്കാൾ നാലു പോയന്റ് വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. രാജ്യത്തെ 28 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ പ്രാധാന്യമുള്ള 88 നഗരങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 317 വിപണികളിലെ 463 ഇനം സാധനങ്ങളുടേയും സേവനങ്ങളുടേയും വില മാസംതോറും താരതമ്യം ചെയ്ത് തയാറാക്കുന്ന ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുന്നത്.

ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 58 ശതമാനമായി ഉയരും. സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വർധിച്ച് 35 ആകും. (എന്നാൽ, 2022 ജൂലൈ മുതലുള്ള ആറു ഗഡു -18 ശതമാനം- നിലവിൽ കുടിശ്ശികയാണ്). സാധാരണഗതിയിൽ സെപ്റ്റംബറോടെ കേന്ദ്രം ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജനുവരി, ജൂലൈ, 2022 ജനുവരി പ്രാബല്യത്തിൽ യഥാക്രമം 2, 3, 3 ശതമാനം ക്ഷാമബത്ത 2024 ഏപ്രിൽ, ഒക്ടോബർ, 2025 ഏപ്രിൽ മുതൽ അനുവദിച്ചപ്പോൾ പ്രാബല്യതീയതി പരാമർശിക്കാതിരുന്നതിനാൽ 39 മാസം വീതം കുടിശ്ശിക അനിശ്ചിതത്വത്തിലാണ്.

ക്ഷാമബത്ത കുടിശ്ശികക്കായി ചില സംഘടനകൾ നിയമ പോരാട്ടത്തിലുമാണ്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിലവിൽ കുടിശ്ശികയുള്ള ആറ് ഗഡു ക്ഷാമബത്തയിലെ ആദ്യ ഗഡു (2022 ജൂലൈ) മൂന്ന് ശതമാനം സെപ്റ്റംബറിലെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ക്ഷാമബത്ത കുടിശ്ശിക ആറ് ഗഡുവിൽ അധികരിക്കാതിരിക്കാൻ ഇതാവശ്യവുമാണ്.

സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിലും മൂന്നു ശതമാനം വർധനയുണ്ടാകും. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചതിനാലാണിത് (2022 ജൂലൈ മുതൽ 34 ശതമാനം നിലവിൽ കുടിശ്ശികയാണ്). ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 128 ശതമാനമായി ഉയരും. സംസ്ഥാന സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്ന മുറക്ക് സഹകരണ ജീവനക്കാരുടെയും ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും.

Tags:    
News Summary - Central government employees' dearness allowance to increase by 3 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.