കഴിഞ്ഞ രണ്ടുലേഖനങ്ങളിൽ സാമ്പത്തികമായി ഭദ്രതയുണ്ടാക്കാനുള്ള കാര്യങ്ങളെപ്പറ്റി വിശദീകരിച്ചിരുന്നു. അതിൽ പറഞ്ഞപോലെ ഒരു വ്യക്തിയുടെ പ്രായം, വരുമാനം, റിസ്ക് എടുക്കാനുള്ള കഴിവ്, സമ്പാദ്യ ഉദ്ദേശ്യം, കാലാവധി എന്നിങ്ങനെ നിരവധി കാര്യങ്ങൾ എവിടെ, എപ്പോൾ എങ്ങനെ നിക്ഷേപിക്കണം എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരാൾ അഗ്രസിവ് ഇൻവെസ്റ്റ്മെന്റ് വേണോ അതോ മോഡറേറ്റ് അല്ലെങ്കിൽ കോൺസെർവറ്റിവ് വേണമോ എന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിച്ചിരുന്നു. ഇനി ചില അടിസ്ഥാന കാര്യങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. അത് പ്രധാനമായും താഴെ പറയുന്നു.
യഥാർഥത്തിൽ സമ്പാദ്യം ചെറിയ പ്രായത്തിൽതന്നെ തുടങ്ങണം. തുക എത്ര ചെറുതുമായിക്കോട്ടെ ‘പലതുള്ളി പെരുവെള്ളം’ എന്നതല്ലേ പ്രമാണം. കഴിവതും ഒരു ചെറിയ തുക ദീർഘകാലത്തേക്ക് ഇൻവെസ്റ്റ് ചെയ്യുന്നത് നിങളുടെ ഭാവി സുരക്ഷിതമാക്കും. ഇതിന് ഏറ്റവും നല്ല ഉദാഹരണം ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ബാരൻ ബുഫട് ആണ്. അദ്ദേഹം പതിനൊന്നാം വയസ്സിൽ സമ്പാദ്യം തുടങ്ങിയെങ്കിലും ശരിക്കും നിക്ഷേപങ്ങൾ തുടങ്ങുന്നത് അമ്പതുവയസ്സു കഴിഞ്ഞാണ്.
ഇന്ന് അദ്ദേഹത്തിന് 94 വയസ്സുണ്ട്. അദ്ദേഹത്തിന്റെ ആസ്തി 146 ബില്യൺ ഡോളർ ആണ്. ലോകത്തുള്ള എല്ലാ ഇന്ത്യക്കാരും കൂടി ഒരു വർഷം ഇന്ത്യയിലേക്ക് അയക്കുന്നത് ഏകദേശം 125 ബില്യൺ ഡോളർ ആണെന്നോർക്കുക. അദ്ദേഹം 50 വയസ്സിനുപകരം 40 വയസ്സിൽ കാര്യമായി നിക്ഷപം ആരംഭിച്ചിരുന്നെങ്കിലോ അല്ലെങ്കിൽ 60 വയസ്സിൽ നിക്ഷേപം നിർത്തി വിശ്രമിച്ചിരുന്നെങ്കിലോ കഥ മാറിയേനെ. അതുകൊണ്ട് സമ്പാദ്യം തുടങ്ങാൻ താമസിച്ചവർ വിഷമിക്കേണ്ട, ഉടനെ തുടങ്ങുക.
ഇതിനൊരു കൃത്യമായ ഉത്തരം പ്രയാസമാണ്. ഇന്ന് നിരവധി സമ്പാദ്യപദ്ധതികൾ ലഭ്യമാണ്. ബാങ്ക് റെക്കറിങ് അക്കൗണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരി നിക്ഷേപം, കടപ്പത്രങ്ങൾ, ഡിജിറ്റൽ ആയി സ്വർണം, വെള്ളി, ദീർഘകാല ചിട്ടികൾ, ക്രിപ്റ്റോ എന്നിങ്ങനെ നിരവധി അവസരങ്ങൾ ഉണ്ട്. നിങ്ങളുടെ കഴിവ് അനുസരിച്ച് ചെറിയ തുകകൾ ഒന്നിലധികം പദ്ധതികളിൽ നിക്ഷേപിക്കുക. ഉദാഹരണമായി മാസം 5000 രൂപയാണ് ഇതിനുവേണ്ടി മാറ്റിവെക്കുന്നതെകിൽ, നിങ്ങളുടെ പ്രായം ഒരു 30 ആണെങ്കിൽ 4000 രൂപ ഒരു നല്ല ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടിൽ ഇടാം.
ഒരു 12 ശതമാനം (CAGR)ആദായം കിട്ടിയാൽ തന്നെ നിങ്ങൾക്ക് 60 വയസ്സ് എത്തുമ്പോൾ ഏകദേശം 1,23,23,893 കിട്ടാം. നിങ്ങൾ 30 വർഷം ഇൻവെസ്റ്റ് ചെയ്യുന്നത് കേവലം 14,40,000 രൂപ ആണെന്ന് ഓർക്കുക. ബാക്കി 1000 രൂപ ഒരു 10 വർഷ ബാങ്ക് റെക്കറിങ് ഡെപ്പോസിറ്റ് ചെയ്യുക. (10 വർഷം കഴിയുമ്പോൾ ഇതിന്റെ മുതലും ആനുകൂല്യവും ചേർത്ത് വീണ്ടും ഡെപ്പോസിറ്റ് ചെയ്യുന്നതോടൊപ്പം ഒരു പുതിയ ആർ.ടി കൂടി 1000 രൂപക്ക് 10 വർഷത്തേക്ക് തുടങ്ങുക. ബാങ്കുകളിൽ സാധാരണ പരമാവധി നിക്ഷേപ കാലാവധി പത്തുവർഷമായതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്.
ഇനി ഏതെങ്കിലും ആപദ്ഘട്ടത്തിൽ വേണമെങ്കിൽ ഒരു ലോൺ മേൽപറഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റിൽ എടുത്ത് ആവശ്യം നിറവേറ്റാം. ഇനി ആളുടെ പ്രായം 55 വയസ്സിനുമുകളിലാണെങ്കിൽ കൂടുൽ തുക അതായത് ഒരു മൂവായിരമെങ്കിലും സ്ഥിരവരുമാനം തരുന്ന ബാങ്ക് അല്ലെങ്കിൽ ബാങ്കിതര നിക്ഷേപങ്ങളിൽ നടത്തുക. ബാക്കി തുക മ്യൂച്വൽ ഫണ്ടിലോ അല്ലെങ്കിൽ ഓഹരിയിലോ നിക്ഷേപിക്കുക. ഒരു 10 ശതമാനം തുക ഡിജിറ്റൽ സ്വർണം, ഡിജിറ്റൽ വെള്ളി എന്നിവയിലും നടത്താം. ഇതിനെപ്പറ്റി അടുത്ത ലക്കങ്ങളിൽ വിശദമായി എഴുതാം.
നിക്ഷേപത്തിന്റെ ബാലപാഠമാണിത്. ചെറിയ തുക ദീർഘകാലത്തേക്ക് ചെയ്യുമ്പോൾ അത് വളർന്നുവലുതായി നിങ്ങൾ പ്രതീഷിക്കുന്നതിനപ്പുറം വരുമാനം തരുന്നു. ഈ പ്രതിഭാസത്തിനു സ്നൗ ബോൾ എഫക്ട് (snow ball effect) എന്നുപറയും. അതായത് ഒരു മഞ്ഞുമലയുടെ മുകളിൽനിന്നും ഒരു ചെറിയ മഞ്ഞുകഷണം ഉരുണ്ടുവന്നാൽ അത് ഏറ്റവും അടിയിൽ വരുമ്പോൾ അതി ഭീമാകാരമായ ഒരു മഞ്ഞുകട്ടയായി മാറും.
അതുതന്നെയാണ് തെറിയ തുകകൾ ദീർഘകാലത്തേക്ക് ഇൻവെസ്റ്റ് ചെയ്യുമ്പോൾ സംഭവിക്കുന്നതും. പ്രത്യക്ഷത്തിൽ ഇത് പ്രയാസമാണ് എന്ന് തോന്നാം. കോമ്പൗണ്ടിങ്ങിന്റെ മാജിക്ക് കാണിക്കുന്ന മുകളിൽ പറഞ്ഞ ഉദാഹരണം ഇത് ശരിവെക്കുന്നു. ബാങ്ക് റെക്കറിങ് ഡെപ്പോസിറ്റ് ആണെങ്കിലും മ്യൂച്വൽ ഫണ്ടിന്റെ സിപ് (SIP) ആണെങ്കിലും മുടക്കം കൂടാതെ അടക്കാൻ ബാങ്കിൽ ഒരു സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ (SI) രജിസ്റ്റർ ചെയ്താൽ മതി. കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ അക്കൗണ്ടിൽനിന്ന് തുക മേൽപറഞ്ഞ പദ്ധതികളിൽ പോയിക്കൊണ്ടേയിരിക്കും. ബാങ്ക് അക്കൗണ്ടിൽ തുക ഉണ്ടെന്ന് ഉറപ്പുവരുത്തിയാൽ മതി. ഇടവേളകളിൽ ഏത് നിക്ഷേപമായാലും അതിന്റെ സ്റ്റേറ്റ്മെന്റ് വാങ്ങി എല്ലാക്കാര്യങ്ങളും പരിശോധിക്കുകയും വേണം.
(തുടരും)
(ലേഖകൻ ഗ്ലോബൽ മണിഎക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.