പാലക്കാട്: കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ഇ.പി.എഫ്.ഒ തൊഴിൽബന്ധിത പ്രോത്സാഹന (ഇ.എൽ.ഐ) പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ നടപ്പാവും. ഇ.എൽ.ഐ പദ്ധതി ആനുകൂല്യങ്ങൾ 2025 ആഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31നും ഇടയിൽ സൃഷ്ടിക്കപ്പെടുന്ന ജോലികൾക്കാണ് ബാധകമാകുക.
എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിലവസരക്ഷമതയും സാമൂഹികസുരക്ഷയും വർധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി. ഉൽപാദനമേഖലയിൽ പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കും.
ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ വേതനം 15,000 രൂപ വരെ ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തൊഴിലുടമകൾക്ക് ഒരുവർഷം മുതൽ രണ്ടുവർഷം വരെ പ്രോത്സാഹനം നൽകും. കൂടാതെ, നിർമാണമേഖലക്ക് രണ്ടു വർഷത്തേക്കുകൂടി ആനുകൂല്യങ്ങൾ നൽകും. പദ്ധതിയിൽ രണ്ടു ഭാഗങ്ങളിൽ ഭാഗം എ ആദ്യമായി ജോലി ചെയ്യുന്നവരെ കേന്ദ്രീകരിച്ചുള്ളതാണ്. ഭാഗം ബി തൊഴിലുടമകളെ കേന്ദ്രീകരിച്ചും.
ഇ.പി.എഫ്.ഒയിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് 15,000 രൂപ വരെ രണ്ടു ഗഡുക്കളായി വേതന പ്രോത്സാഹനം ലഭിക്കും. ആറു മാസവും 12 മാസവും സേവനം പൂർത്തിയാക്കുകയും സാമ്പത്തിക സാക്ഷരത പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നവർക്കാണ് ഈ സഹായം ലഭിക്കുക.
ഒരു ലക്ഷം രൂപവരെ ശമ്പളമുള്ള പുതിയ ജീവനക്കാരെ നിയമിക്കുന്ന തൊഴിലുടമകൾക്ക് രണ്ടു വർഷത്തേക്ക് പ്രതിമാസം 3000 രൂപ വരെ സഹായം ലഭിക്കും.
ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനം വഴിയും തൊഴിലുടമകൾക്ക് അവരുടെ പാനുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലേക്കുമാണ് ആനുകൂല്യം കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.