സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളിലേക്ക് ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. (പരസ്യ നമ്പർ സി.ആർ.പി.ഡി/സി.ആർ/2025-26/06). വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി ബാക്ക് ലോഗ് അടക്കം ആകെ 5583 ഒഴിവുകളുണ്ട്.
തിരുവനന്തപുരം എസ്.ബി.ഐ സർക്കിളിന്റെ പരിധിയിലുള്ള കേരളത്തിൽ 255 ഒഴിവുകളും ലക്ഷദ്വീപിൽ അഞ്ച് ഒഴിവുകളുമാണുള്ളത്. ഒരാൾക്ക് ഏതെങ്കിലുമൊരു സംസ്ഥാന കേന്ദ്ര ഭരണ പ്രദേശത്തേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം. വിശദ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://bank.sbi/web/careers/current-openings നിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം/തത്തുല്യം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം 2025 ഡിസംബർ 31നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പ്രായപരിധി 1.4.2025ൽ 20 വയസ്സ് തികയണം. 28 വയസ്സ് കവിയരുത്. പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്.
അപേക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 750 രൂപ. എസ്.സി-എസ്.ടി-ഭിന്നശേഷി-വിമുക്തഭടന്മാർ വിഭാഗത്തിൽപ്പെടുന്നവർക്ക് ഫീസില്ല. ഓൺലൈനിൽ ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം.
സെലക്ഷൻ: ഓൺലൈൻ പ്രിലിമിനറി, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കൊച്ചി, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ നഗരത്തിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. തുടക്കത്തിൽ അഡ്വാൻസ് ഇൻക്രിമെന്റടക്കം പ്രതിമാസം 46,000 രൂപ ശമ്പളം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.