തിരുവനന്തപുരം: ശാസ്ത്ര വിഷയങ്ങളിലടക്കം സംഘ്പരിവാർ, ഹിന്ദുത്വ ആശയങ്ങളും പുരാണവും ഇതിഹാസവും കുത്തിനിറച്ച പാഠ്യപദ്ധതി യു.ജി.സി നടത്തുന്ന കോളജ് അധ്യാപക യോഗ്യത പരീക്ഷയുടെ (നെറ്റ്,ജെ.ആർ.എഫ്) സിലബസിലേക്കും. കെമിസ്ട്രി പി.ജി പാഠ്യപദ്ധതി ചട്ടക്കൂടിലാണ് ഈ വിഷയത്തിലുള്ള യു.ജി.സി -സി.എസ്.ഐ.ആർ -നെറ്റ്, ജെ.ആർ.എഫ് പരീക്ഷക്കുള്ള മാതൃക സിലബസ് ഉൾക്കൊള്ളിച്ചത്. ഇതിലാണ് പുരാണ, ഇതിഹാസ ഭാഗങ്ങൾ ഉൾപ്പെടുത്തിയത്.
സിലബസിൽ പുരാതന ഇന്ത്യയിലെ രസതന്ത്രം എന്ന അധ്യായം ഉൾപ്പെടുത്തിയിട്ടുണ്ട്. പുരാതന ഇന്ത്യയിലെ ലോഹശാസ്ത്രം, പുരാതന ഇന്ത്യയിലെ കെമിസ്ട്രി ലബോറട്ടറികൾ, ചൂളകളും മറ്റ് ഉപകരണങ്ങളും, പുരാതന മരുന്ന് സമ്പ്രദായങ്ങൾ എന്നിവയും കെമിസ്ട്രി സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെമിസ്ട്രി പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ആമുഖ പേജിലാണ് യു.ജി.സിയുടെ ചിഹ്നത്തിന് പകരം സരസ്വതി ദേവിയുടെ ചിത്രവും പ്രാർഥനയും ഉൾപ്പെടുത്തിയത്. കോളജ്, സർവകലാശാല അധ്യാപകരാകാനും ഗവേഷണത്തിന് ചേരാനുമുള്ള ദേശീയ യോഗ്യത പരീക്ഷയാണ് നെറ്റ്/ജെ.ആർ.എഫ് പരീക്ഷ.
പ്രതിവർഷം രണ്ട് സെഷനുകളിലായി 20 ലക്ഷത്തോളം വിദ്യാർഥികളാണ് നെറ്റ്/ജെ.ആർ.എഫ് പരീക്ഷക്ക് അപേക്ഷിക്കുന്നത്. ഭാഷ-മാനവിക-കോമേഴ്സ് വിഷയ സ്ട്രീമുകളിലായി 85 വിഷയങ്ങളിൽ യു.ജി.സി നെറ്റ്, ജെ.ആർ.എഫ് പരീക്ഷ നടക്കുമ്പോൾ സയൻസ് വിഷയങ്ങൾക്കായുള്ള സി.എസ്.ഐ.ആർ -യു.ജി.സി നെറ്റ്, ജെ.ആർ.എഫ് പരീക്ഷ അഞ്ച് സ്ട്രീമുകളിലായാണ് നടത്തുന്നത്. ഈ പരീക്ഷയുടെ സിലബസിൽ കൂടി ഹിന്ദുത്വ ആശയങ്ങളും പുരാണ, ഇതിഹാസ ഭാഗങ്ങളും ശാസ്ത്രവും സാമൂഹിക ശാസ്ത്രവുമായി ഇടംപിടിക്കുന്നതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെ വിദ്യാർഥികളും ഇത് പഠിക്കാൻ ബാധ്യസ്ഥമാകും.
ഇത് ശാസ്ത്രീയ, മതേതര പാഠ്യപദ്ധതി പിന്തുടരുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കും. ഇതര വിഷയങ്ങളുടെ നെറ്റ്, ജെ.ആർ.എഫ് വിഷയങ്ങളുടെ സിലബസിലും ശാസ്ത്രീയ പിൻബലമില്ലാത്ത ഹിന്ദുത്വ ആശയങ്ങൾ കടത്തിക്കൂട്ടാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഒമ്പത് വിഷയങ്ങളുടെ മാതൃക പാഠ്യപദ്ധതി ചട്ടക്കൂടാണ് ഇതിനകം പൊതുജനങ്ങളിൽനിന്ന് പ്രതികരണത്തിനായി യു.ജി.സി വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. ബാക്കിയുള്ളവ വൈകാതെ പുറത്തുവരും. ബിരുദ, ബിരുദാനന്തര പാഠ്യപദ്ധതികളിൽ ഇന്ത്യൻവത്കരണം എന്ന മറവിലാണ് ഹിന്ദുത്വ ആശയങ്ങൾ കുത്തിനിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.