ന്യൂഡൽഹി: നിർമിത ബുദ്ധി (എ.ഐ) മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ തയ്യാറാക്കിയ പട്ടികയില്‍ ഇടംനേടി ഐ.ഐ.ടി മദ്രാസിലെ അസോസിയേറ്റ് പ്രൊഫസര്‍ മിതേഷ് ഖപ്ര.
ഇലോൺ മസ്ക്, സാം ആൾട്ട്മാൻ എന്നിവരടക്കം എ.ഐ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പമാണ് മിതേഷും പട്ടികയിൽ ഇടംനേടിയത്. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ ഇന്ത്യൻ ഭാഷകൾ കേന്ദ്രീകരിച്ച് നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അംഗീകാരം.
എ.ഐയുടെ ഭാവി രൂപപ്പെടുത്തുന്ന ഗവേഷകര്‍, സംരംഭകര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന ടെക് ലോകത്തെ ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നാണ് ടൈം 100 എ.ഐ പട്ടിക. ആഗോള എ.ഐ കമ്പനികളെ നയിക്കുന്ന പട്ടികയിലുള്ള മറ്റ് പലരിൽ നിന്നും വ്യത്യസ്തമായി, വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഖപ്ര.
ഇന്ത്യൻ ഭാഷകളിൽ എ.ഐ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഓപ്പണ്‍ സോഴ്സ് ടൂളുകളും ഡാറ്റാസെറ്റുകളും വികസിപ്പിക്കുന്ന ‘എഐ4ഭാരത് (AI4Bharat)’ എന്ന സംരംഭത്തിന്റെ സഹ സ്ഥാപകനാണ് അദ്ദേഹം. ടൈം മാഗസിൻ റിപ്പോർട്ട് പ്രകാരം, പ്രാദേശിക ഭാഷകളിൽ വോയ്‌സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മിക്കവാറും എല്ലാ ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ഖപ്രയും സംഘവും വികസിപ്പിച്ചെടുത്ത ഡാറ്റാസെറ്റുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
പ്രാതിനിധ്യം കുറഞ്ഞ ഇന്ത്യൻ ഭാഷകളിൽ പാശ്ചാത്യ എ.ഐ മോഡലുകൾക്കുണ്ടായിരുന്ന പരിമിതി മറികടക്കാൻ ലക്ഷ്യമിട്ട് ഖപ്രയുടെ ഗവേഷണ ലാബായ എഐ4ഭാരത് രാജ്യത്തെ 500 ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് മണിക്കൂർ ദൈർഘ്യമുള്ള ശബ്ദ രേഖകൾ ശേഖരിച്ചിരുന്നു. വൈവിധ്യമാർന്ന വിദ്യാഭ്യാസ, സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളുടെ സംഭാഷണങ്ങൾ ഗവേഷകരുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ശേഖരിച്ചു. ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളും ഇത്തരത്തിൽ ഉൾക്കൊള്ളിക്കാൻ ദൗത്യത്തിനായി.
നിലവിൽ, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകള്‍ക്കായുള്ള തങ്ങളുടെ എ.ഐ മോഡലുകള്‍ മെച്ചപ്പെടുത്തുന്നതിന് ആഗോള ടെക് ഭീമന്മാര്‍ പോലും എഐ4ഭാരതിന്റെ ഡാറ്റാസെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. എ.ഐയുടെ സഹായത്തോടെ പ്രാദേശിക ഭാഷകളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ ഭാഷിണി ദൗത്യത്തിലും മിതേഷ് ഖപ്രയുടെയും എഐ4ഭാരതിന്റെയും സംഭാവനകള്‍ നിര്‍ണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.