യു.പി സ്കൂൾ ടീച്ചർ: ഭൂരിഭാഗം പേരും നിയമനം ലഭിക്കാതെ പുറത്തേക്ക്

മലപ്പുറം: ഒക്ടോബർ ഒമ്പതിന് കാലാവധി അവസാനിക്കുന്ന മലപ്പുറം യു.പി സ്കൂൾ ടീച്ചർ പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ലഭിക്കാതെ 75 ശതമാനം പേരും പുറത്തേക്ക്. 2019ൽ വിജ്ഞാപനമിറക്കുകയും 2022 ഒക്ടോബർ പത്തിന് നിലവിൽ വരുകയും ചെയ്ത കാറ്റഗറി നമ്പർ 517/2019ലെ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്കാണ് ഈ ദുരവസ്ഥ. കേരള വിദ്യാഭ്യാസച്ചട്ടം 2022ലെ ഭേദഗതിക്കുശേഷം തസ്തിക നിർണയത്തിൽ വന്ന മാറ്റങ്ങൾ അധ്യാപക നിയമനത്തെ സാരമായി ബാധിച്ചതായി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബർ ഒന്നിന് നിലവിൽ വരേണ്ട തസ്തികകൾ അക്കാദമിക വർഷം കഴിഞ്ഞ് അനുവദിക്കപ്പെടുന്നത് സ്‌കൂളുകളിൽ സ്ഥിരാധ്യാപകർ ഇല്ലാത്ത സാഹചര്യം രൂപപ്പെടുത്തുന്നുണ്ട്. ഈ അവസ്‌ഥ ഡിവിഷൻ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഈ വർഷം മാത്രം എഴുപതിൽ കൂടുതൽ തസ്തികകളാണ് യു.പി വിഭാഗത്തിൽ നഷ്ടമായത്. തസ്തികകൾ റിപ്പോർട്ട്‌ ചെയ്യാൻ വൈകുന്ന സാഹചര്യവും നിയമനങ്ങളെ ബാധിച്ചു. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയ റാങ്ക് പട്ടിക മലപ്പുറം ജില്ലയിലേതായിട്ടും ഏറ്റവും കുറഞ്ഞ നിയമനം മാത്രമാണ് ഇവിടെ നടന്നത്. 1957 പേരുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ജില്ലയിൽ 509 പേർക്ക് (26 ശതമാനം) മാത്രമാണ് ഇതുവരെ അഡ്വൈസ് ലഭിച്ചത്. 641 പേരുള്ള കാസർകോട്ടെ റാങ്ക് ലിസ്റ്റിൽനിന്ന് 400 പേർക്കും (62.4 ശതമാനം) 589 പേരുള്ള തിരുവനന്തപുരത്തെ ലിസ്റ്റിൽനിന്ന് 365 പേർക്കും (62 ശതമാനം) 540 പേരുള്ള തൃശൂരിലെ ലിസ്റ്റിൽനിന്ന് 235 പേർക്കും (43.5 ശതമാനം) അഡ്വൈസ് ലഭിച്ചു. 647 പേരുള്ള കോഴിക്കോട് ജില്ലയിൽ റാങ്ക് ലിസ്റ്റിലെ 362 പേർക്ക് (56 ശതമാനം) നിയമനം ലഭിച്ചു.

മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിൽ 2024-25ലെ തസ്തികനിർണയ നടപടികൾ പൂർത്തിയായത് ഈ വർഷം ജൂലൈയിലായിരുന്നു. ഡിവിഷനുകൾ നഷ്ടമായതിനാൽ ഇതിൽനിന്ന് നിയമനം നടന്നില്ല.

2025-26ലെ തസ്തികനിർണയം നടന്നുവരുന്നതേയുള്ളൂ. കെ.ഇ.ആർ ഭേദഗതി പ്രകാരം ഒക്ടോബർ ഒന്നിന് തസ്തിക നിർണയം പൂർത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും നടപടികൾ പൂർത്തിയാക്കാൻ കാലതാമസമെടുക്കുന്നുണ്ട്. 

Tags:    
News Summary - UP school teachers: Most of them leave without getting appointments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.