കേന്ദ്ര പ്രതിരോധ സേനയുടെ ഭാഗമായ തീരദേശ സംരക്ഷണ സേനയിൽ അസിസ്റ്റന്റ് കമാൻഡൻഡന്റുമാരെ തിരഞ്ഞെടുക്കുന്നു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ബ്രാഞ്ചുകളിൽ 2027 ബാച്ചിലേക്കാണ് നിയമനം. ഗ്രൂപ് എ ഗസറ്റഡ് ഓഫിസർ തസ്തികയാണിത്. ഊർജസ്വലരായ യുവാക്കൾക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://joinindiancoastguard.cdac.in ൽ ലഭിക്കും.
ഒഴിവുകൾ: ആകെ 170. ജനറൽ ഡ്യൂട്ടി (ജിഡി)-140 ; ടെക്നിക്കൽ (എൻജിനീയറിങ്/ഇലക്ട്രിക്കൽ)-30. അടിസ്ഥാന ശമ്പളം 56,100 രൂപ. താമസ സൗകര്യം, ചികിത്സസഹായം, സൗജന്യ റേഷൻ, കാന്റീൻ സൗകര്യം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. യോഗ്യത: അസിസ്റ്റന്റ് കമാൻഡന്റ് ജനറൽ ഡ്യൂട്ടി- അംഗീകൃത സർവകലാശാല ബിരുദം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം. ഡിപ്ലോമക്കുശേഷം ബിരുദം പൂർത്തിയാക്കിയവരെയും പരിഗണിക്കും. ഡിപ്ലോമയുടെ കരിക്കുലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും അടങ്ങിയിരിക്കണം.
എ.സി- ടെക്നിക്കൽ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്) - ബി.ഇ/ബി.ടെക് (നേവൽ ആർക്കിടെക്ചർ/ മെക്കാനിക്കൽ/ മറൈൻ/ ഓട്ടോമോട്ടിവ്/ മെക്കാട്രോണിക്സ്/ ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ/ മെറ്റലർജി/ഡിസൈൻ/എയ്റോനോട്ടിക്കൽ / എയ്റോസ്പേസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 2026 ജൂലൈ ഒന്നിന് 21-25 വയസ്സ് (2001 ജൂലൈ ഒന്നിനും 2005 ജൂൺ 30നും മധ്യേ ജനിച്ചവരാകണം). കോസ്റ്റ് ഗാർഡ് ജീവനക്കാർക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്. പട്ടികജാതി/ വർഗ വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
വിജ്ഞാപനത്തിൽ നിഷ്‍കർഷിച്ച ശാരീരിക യോഗ്യതകളും മെഡിക്കൽ ഫിറ്റ്നസും ഉണ്ടായിരിക്കണം. അപേക്ഷ/ പരീക്ഷഫീസ് 300 രൂപ. (പട്ടിക വിഭാഗത്തിന് ഫീസില്ല. ഓൺലൈനിൽ ജൂലൈ 23 വരെ അപേക്ഷിക്കാം. സെലക്ഷൻ: കോസ്റ്റ്ഗാർഡ് കോമൺ അഡ്മിഷൻ ടെസ്റ്റ് , പ്രിലിമിനറി സെലക്ഷൻ ബോർഡ് ടെസ്റ്റ്, പേഴ്സനാലിറ്റി ടെസ്റ്റ്/ ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദവിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.