ന്യൂഡല്‍ഹി: കീം പ്രവേശന പരീക്ഷ റാങ്ക് പട്ടിക റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതോടെ വിധി സ്റ്റേ ചെയ്യണമെന്ന കേരള സിലബസ് വിദ്യാർഥികളുടെ ആവശ്യം ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് തള്ളി. ഇതോടെ ഈ വർഷത്തെ പ്രവേശന നടപടികള്‍ പുതുക്കിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായി. ആദ്യമിറക്കിയ റാങ്ക് പട്ടിക പ്രകാരം പ്രവേശനം നേടാനുള്ള കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ നീക്കത്തിന് ഇത് തിരിച്ചടിയുമായി.
ഹൈകോടതി ഉത്തരവിനെതിരെ കേരള സിലബസിൽ പഠിച്ച 12 വിദ്യാർഥികൾ സമർപ്പിച്ച ഹരജി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിയ സുപ്രീംകോടതി ഇതിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. എ.ഐ.സി.ടി.ഇ ആഗസ്റ്റ് 14നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അപ്പീല്‍ നല്കിയാല് പ്രവേശന നടപടികള്‍ വൈകുമെന്നും സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
അതേസമയം, പ്രവേശന പരീക്ഷയിലെ മാർക്ക് സമീകരണം സംബന്ധിച്ച് കേരള സിലബസ് വിദ്യാർഥികൾ ഉന്നയിച്ച വിഷയം കേരളം അംഗീകരിക്കുന്നുണ്ടെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് പൂര്‍ണമായും യോജിക്കുന്നു. അതുമായി ബന്ധപ്പെട്ട് വിശദമായ വാദം കേള്‍ക്കല്‍ അത്യാവശ്യമാണ്. അവർ നേരിടുന്നത് അനീതിയാണ്.
അടുത്ത വർഷം മുതൽ അത് പരിഹരിക്കാനുള്ള നടപടി കേരളം കൈക്കൊള്ളും. പ്രവേശന നടപടികള്‍ വൈകിയേക്കുമെന്നതുകൊണ്ടാണ് മാറ്റിയ നയം ഈ വർഷം നടപ്പാക്കിക്കിട്ടാൻ അപ്പീൽ നൽകാത്തത് -അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് ഈ വർഷത്തെ പ്രവേശന നടപടികൾ തടസ്സപ്പെടുമെന്നതിനാൽ സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ആവശ്യം അംഗീകരിച്ച് വിഷയത്തിൽ നാലാഴ്ചക്ക് ശേഷം വിശദമായ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
എൻജിനീയറിങ് പ്രവേശനത്തിനുള്ള കീം റാങ്ക് പട്ടികക്കായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന മാറ്റം റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നുണ്ടോ എന്ന് അറിയിക്കണമെന്നാണ് സുപ്രീംകോടതി ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നത്. കേരള സർക്കാർ അപ്പീൽ നൽകുമോ എന്നറിഞ്ഞ ശേഷമേ അനുകൂലവും പ്രതികൂലവുമായി വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ ബുധനാഴ്ച പരിഗണിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രോസ്പെക്ടസ് ഭേദഗതിചെയ്ത ശേഷം പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റ് ഹൈകോടതി റദ്ദാക്കിയതിനെതിരെ കേരള സിലബസിലെ 12 വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.