കർശനമായ ദിനചര്യ കുട്ടികളിൽ അച്ചടക്കം വളർത്തുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഓരോ കുട്ടിയും വ്യത്യസ്തരാണ്. ഓരോ പ്രായത്തിലും ഒരോ തരത്തിലുള്ള ഗൈഡിങ്ങാണ് കുട്ടികൾക്ക് ആവശ്യം. ആറ് വയസ്സുള്ള ഒരു കുട്ടിക്ക് നന്നായി വർക്കാകുന്ന ഒരു പഠന ടൈംടേബിൾ ബോർഡ് പരീക്ഷകൾക്ക് തയാറെടുക്കുന്ന ഒരു കൗമാരക്കാരന് യോജിച്ചതായിരിക്കില്ല. 'എല്ലാവർക്കും യോജിക്കുന്ന' ഒരു രീതി ഇല്ല എന്നതാണ് വാസ്തവം. കുട്ടികൾ എങ്ങനെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്നതുമായി പൊരുത്തപ്പെടുന്ന തരത്തിൽ പ്രായത്തിനനുസരിച്ചുള്ള പഠന രീതികളാണ് തെരഞ്ഞെടുക്കേണ്ടത്.
അഞ്ച് മുതൽ ഏഴ് വയസ്സുവരെ
ഈ പ്രായത്തിൽ കളികളിലൂടെയും കഥകളിലൂടെയുമാണ് കുട്ടികൾ ഏറ്റവും നന്നായി പഠിക്കുന്നത്. ചൈൽഡ് സൈക്കോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഈ പ്രായത്തിൽ ശ്രദ്ധാ ദൈർഘ്യം ഏകദേശം 10–15 മിനിറ്റാണ്. അതായത് ഒരു വിഷയത്തെ 15 മിനിറ്റിൽ താഴെ മാത്രമേ കുട്ടികൾക്ക് ശ്രദ്ധിക്കാൻ കഴിയു എന്നർത്ഥം. സ്കൂൾ കഴിഞ്ഞതിനുശേഷം 1–2 മണിക്കൂർ നിർബന്ധിത പഠനം ഉൽപ്പാദനക്ഷമമോ ആരോഗ്യകരമോ അല്ല. സ്കൂൾ കഴിഞ്ഞുള്ള ഹ്രസ്വമായ പഠനമായിരിക്കും നല്ലത്. ചിത്രരചന, ഗെയിമുകൾ അല്ലെങ്കിൽ കഥപറച്ചിൽ അടിസ്ഥാനമാക്കിയുള്ള പഠനം എന്നിവ ഉത്തമമാണ്.
എട്ട് മുതൽ പത്ത് വയസ്സ് വരെ
കുട്ടികൾക്ക് സ്കൂൾ പഠനം വർധിച്ചുവരുന്ന സമയമാണിത്. ഈ ഘട്ടത്തിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് പഠനം സമ്മർദമാകാൻ പാടില്ല എന്നതാണ്. ഈ പ്രായത്തിലാണ് പഠനം ഒരു ശീലമായി മാറേണ്ടത്. ദിവസേനയുള്ള അമിതഭാരം പഠനത്തോടുള്ള വെറുപ്പ് വർധിപ്പിക്കുന്നു. ഈ പ്രായത്തിലുള്ള കുട്ടികളെ ദീർഘനേരം പഠിക്കാൻ പ്രേരിപ്പിക്കുന്നതിന് പകരം വിഭജിക്കപ്പെട്ട സെഷനുകൾ പരീക്ഷിക്കാം. ഇത് മികച്ച പ്രകടനം കാഴ്ചവെക്കാൻ കാരണമാകുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
11–13 വയസ്സ്
കുട്ടികൾക്ക് ഈ ഘട്ടം മുതൽ തന്നെ മത്സര പരീക്ഷകൾക്ക് തയാറെടുക്കാൻ തുടങ്ങാം. വൈകാരിക പരിവർത്തനങ്ങളുടെ ഒരു കാലഘട്ടമാണിത്. പഠനഭാരം മാനസിക തളർചയിലേക്ക് നയിക്കും. ഈ ഘട്ടത്തിൽ സ്ഥിരത, പുനരവലോകന ശീലങ്ങൾ, ആത്മവിശ്വാസം എന്നിവ വികസിപ്പിക്കണം. ഈ പ്രായത്തിലെ കുട്ടികൾക്ക് വൈകുന്നേരങ്ങളിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
14–16 വയസ്സ്
കൂടുതൽ പഠന സമയം മികച്ച സ്കോറുകൾക്ക് തുല്യമാണ്. ഈ പ്രായത്തിൽ ഗുണനിലവാരം അളവിനേക്കാൾ കൂടുതലാണ്. കൗമാരക്കാർക്ക് ഒരു സെഷനിൽ 45-50 മിനിറ്റ് ആഴത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ദീർഘവും നിർബന്ധിതവുമായ മണിക്കൂറുകൾ വിരസതക്കും കുറഞ്ഞ ഓർമ നിലനിർത്തലിനും കാരണമാകുന്നു.
17–18 വയസ്സ്
കൗമാരക്കാരിൽ മുതിർന്നവരാണിവർ. കൂടുതൽ പഠിക്കേണ്ടത് അത്യാവശ്യമായ സമയമാണ്. അക്കാദമിക് സമ്മർദം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുമ്പോൾ, അമിത പഠനം തിരിച്ചടിയാകും. ഉറക്കം തടസപ്പെടുന്നത് ഓർമ നിലനിർത്തലിനെ ദുർബലപ്പെടുത്തുന്നു.
കുട്ടികളുടെ വിവിധ പ്രായത്തെ അനുസരിച്ച് ഇങ്ങനെ പഠന സമയങ്ങൾ ക്രമീകരിക്കാവുന്നതാണ്. എന്നാൽ അവ കുട്ടികൾക്ക് സ്വീകരിക്കാനാവുന്നതാണോ എന്നുകൂടി രക്ഷിതാക്കൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യങ്ങൾ കണക്കിലെടുത്ത് മാത്രം പഠന സമയം തെരഞ്ഞെടുക്കുക എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.