വിജയം വരിച്ചിരിക്കുന്ന കുട്ടികളിൽ അവരുടെ രക്ഷിതാക്കൾ നേരത്തേതന്നെ ശുഭപ്രതീക്ഷ വിതറിയിട്ടുണ്ടാകും. അവരുടെ ലോജിക്കലായ ഇഷ്ടങ്ങളിലേക്ക് പറക്കാൻ പ്രചോദിപ്പിച്ചിട്ടുണ്ടാകും. തേടിപ്പിടിച്ച് പഠിക്കാൻ അവരെ അനുവദിച്ചിട്ടുണ്ടാകും. കുട്ടികളിലവർ കൗതുകം നിറക്കും. സ്നേഹംകൊണ്ട് നയിക്കുകയും ചെയ്യും.അറിവ് നേടാൻ കുട്ടികളിൽ അവർ സ്വാഭാവികമായ ഇഷ്ടം വളർത്തുന്നു. കാര്യങ്ങൾ സ്വതന്ത്രമായി മനസ്സിലാക്കിയെടുക്കാൻ ആ കുട്ടികൾ പ്രാപ്തരായിരിക്കും. ഇത്തരം രക്ഷിതാക്കളാണ്, കുട്ടികളുടെ ഭാവി വിജയത്തിന്റെ അടിത്തറ.
പാരന്റിങ് എളുപ്പപ്പണിയല്ല. ഒരു കുഞ്ഞിനെ വളർത്താൻ ഒരു ഗ്രാമം മുഴുവൻ ചേരണമെന്ന് പറയാറുണ്ട്. അതായത്, അവന്റെ ചുറ്റുമുള്ള സമൂഹം, കുടുംബം, സുഹൃത്തുക്കൾ, ആ പ്രദേശത്തെ ജനത എന്നിവരെല്ലാംകൂടി ചേർന്നായിരിക്കണം കുട്ടിയെ മികച്ചവനാക്കി വളർത്തിയെടുക്കേണ്ടത്.
ചുറ്റിലുമുള്ള മനുഷ്യരിൽകൂടി അവന് മനസ്സിലാക്കാൻ ഏറെയുണ്ട്. എന്നാലിന്ന് അങ്ങനെ സംഭവിക്കാറുണ്ടോ? ഇല്ല എന്നായിരിക്കും പലപ്പോഴും ഉത്തരം. ചിലർക്ക് നല്ല പാരന്റിങ് കഴിവുകളുണ്ടാകും. ചിലർക്ക് കുറച്ചെന്തൊക്കെയോ അറിയാം. മറ്റു ചിലർക്കാകട്ടെ ഒന്നുമറിയില്ല. അറിയുന്നവർ അറിയാത്തവർക്ക് പറഞ്ഞുകൊടുക്കുന്നത് പാരന്റിങ്ങിന്റെ കാര്യത്തിൽ നാം അധികം കാണാറില്ല.
അതുകൊണ്ടുതന്നെ ആധുനിക കാലത്ത് പാരന്റിങ്ങിനെക്കുറിച്ച് പല വഴികളിൽനിന്ന് അറിവ് നേടേണ്ടതാണ്. നല്ല വിജയം വരിച്ച കുട്ടികളുടെ രക്ഷിതാക്കൾ, തങ്ങളുടെ കുട്ടികളെ വളർത്താൻ എടുത്ത വ്യത്യസ്ത വഴികൾ ചിലത് അറിഞ്ഞുവെക്കാം:
കുട്ടികൾക്ക് കഴിയാത്തതൊന്നുമില്ലെന്ന് അവരുടെ മനസ്സിൽ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും നിറക്കുന്നവരാണ്, വിജയം വരിച്ച രക്ഷിതാക്കൾ. കുട്ടികളിൽ അവർ അത്രമേൽ വിശ്വാസം അർപ്പിക്കും.
പ്രതികൂല സാഹചര്യങ്ങളിലും അവർ കുട്ടികൾക്ക് പരമാവധി സ്വപ്നം കാണാനും പ്രതീക്ഷ നൽകാനും പോസിറ്റിവായി കാര്യങ്ങളെ കാണാനും ശ്രമിക്കും. ‘എന്തു സ്വപ്നവും കാണാം’ എന്നായിരിക്കും അവരുടെ വീട്ടിലെ മുദ്രാവാക്യംതന്നെ.
കുട്ടികളെ തെറ്റായ വഴിയിൽ പ്രചോദിപ്പിക്കുന്നവരെയാണ് കൂടുതലും കാണാനാകുന്നത്. ഒരേ ഷൂസ് എല്ലാവർക്കും എന്നപോലെ, മെഡിസിനും എൻജിനീയറിങ്ങും ‘നിനക്ക് പറ്റും’ എന്ന് എല്ലാ കുട്ടികളെയും പ്രചോദിപ്പിക്കുന്നതല്ല, ശരിയായ മോട്ടിവേഷൻ. കുട്ടികളുടെ സ്വപ്നം മനസ്സിലാക്കി, പ്രചോദനം ആ വഴിയിലൂടെ മാത്രം നൽകുന്നതാണ് ശരിയായ പാരന്റിങ്.
ക്ലാസ് മുറിയിലും പുസ്തകങ്ങളിലും മാത്രമല്ല, വീട്ടുജോലി മുതൽ വ്യക്തിപരമായ കാര്യങ്ങൾ വരെ സ്വയം ചെയ്യുന്നതിലൂടെ അറിവ് നേടാമെന്ന് പറഞ്ഞുകൊടുക്കുകയും അത് പരിശീലിപ്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കളുണ്ട്. അവർ സ്പൂൺ ഫീഡിങ്ങിലൂടെ കുട്ടിയെ പഠിപ്പിക്കില്ല.
കഠിനാധ്വാനം പ്രധാനംതന്നെ; പക്ഷേ, കൗതുകമുള്ളവരാക്കി കുട്ടിയെ മാറ്റുന്നതാണ് അതിനേക്കാൾ പ്രധാനം. പണിയെടുക്കാൻ വെറുതെ പ്രേരിപ്പിക്കുന്നതിന് പകരം, ശരിയായ കൗതുകം കുട്ടികളിൽ ഉണർത്താനുള്ള ട്രിക്കുകൾ കൈവശമുള്ളവരാണ് മികച്ച പാരന്റ്സ്. യാത്ര, പുതിയ പുസ്തകം, വലിയ ചോദ്യങ്ങൾ തുടങ്ങിയവ അതിനുള്ള വഴികളാണ്.
പട്ടാളച്ചിട്ട പഠിപ്പിക്കുന്നതല്ല പാരന്റിങ്. കോച്ചിന്റെ വിസിലിനേക്കാൾ സ്നേഹത്തിന്റെ സംഗീതമാണ് കുട്ടികൾക്കിഷ്ടം. അങ്ങനെ സംഗീതം പൊഴിക്കുന്ന രക്ഷിതാക്കൾ, വലിയ ഫലം കിട്ടാൻ വേണ്ടി കുട്ടികളിൽ സമ്മർദം സൃഷ്ടിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.