മുണ്ടൂർ (പാലക്കാട്): പുതിയ സൗഹൃദങ്ങളുടെയും പ്രവേശനോത്സവ നിമിഷങ്ങളുടെയും ആഹ്ലാദത്തിനിടയിലും പിതാവ് മഹേഷിന്റെയും അനിയത്തി ആരാധ്യയുടെയും ഓർമകളിൽ അവ്യക്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. വയനാട് ഉരുൾ ദുരന്തത്തിന്റെ നോവുന്ന ഓർമകൾ മായുംമുമ്പാണ് അവ്യക്ത് അമ്മയുടെ കൈപിടിച്ച് ഇന്നലെ മുണ്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ പടികടന്നെത്തിയത്.
പിതാവും അനിയത്തിയും കൂടെയില്ലാത്തതിന്റെ സങ്കടം ആ മുഖത്ത് പ്രകടമായിരുന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലാണ് ഇരുവരെയും നഷ്ടമായത്. ഉരുൾപൊട്ടലിൽ അത്ഭുതകരമായാണ് രമ്യയും അവ്യക്തും രക്ഷപ്പെട്ടത്. ഭർത്താവിനെയും മകളെയും ഭർത്താവിന്റെ മാതാപിതാക്കളായ വാസു, ഓമന എന്നിവരെയും ദുരന്തത്തിൽ നഷ്ടമായതോടെ രമ്യ മുണ്ടൂരിലെ തന്റെ വീട്ടിലാണ് ഇപ്പോൾ താമസം.
കഴിഞ്ഞവർഷം ജൂൺ മൂന്നിന് പിതാവ് മഹേഷിന്റെ ജീപ്പിൽ അമ്മ രമ്യക്കും അനിയത്തി ആരാധ്യക്കുമൊപ്പമാണ് അവ്യക്ത് വയനാട് വെള്ളാർമല സ്കൂളിൽ നാലാം ക്ലാസിൽ എത്തിയത്. മുണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് സി ഡിവിഷനിലാണ് തുടർപഠനം. പുതിയ സ്കൂളിൽ ചേരാൻ ചൂരൽമലയോട് യാത്രപറയുമ്പോൾ വെള്ളാർമല സ്കൂളിലെ അധ്യാപകർ അവ്യക്തിന് ബാഗും കുടയും സമ്മാനിച്ചിരുന്നു.
ക്ലാസ് അധ്യാപിക ആതിരയും പുതിയ കൂട്ടുകാരുമാണ് ഇനി അവ്യക്തിന്റെ സന്തോഷങ്ങളിൽ ഒപ്പമുണ്ടാകുക. രമ്യയുടെ മാതാപിതാക്കളായ രാമചന്ദ്രന്റെയും പ്രേമയുടെയും സഹോദരങ്ങളുടെയും കൂടെയാണ് താമസം. മുണ്ടൂർ സ്കൂളിൽ അവ്യക്തിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ആനയിച്ചത്. ഉരുൾ ദുരന്തത്തിനിരയായവർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന മാതൃക ടൗൺഷിപ് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ മുഖ്യമന്ത്രി ‘അതിജീവനത്തിന്റെ സന്ദേശമാണ് ഈ കൊച്ചുകുട്ടി’യെന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.