തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിൽ ന്യൂനപക്ഷ പദവി മറികടന്നുള്ള അലോട്ട്മെന്റ് മൂന്നാം ഘട്ടത്തിലും നടന്നു. ന്യൂനപക്ഷ പദവിയുള്ള കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലേക്കാണ് മൂന്നാം ഘട്ടത്തിലും പ്രവേശന പരീക്ഷ കമീഷണറേറ്റ് നിയമവിരുദ്ധമായി സാമ്പത്തിക പിന്നാക്ക വിഭാഗ (ഇ.ഡബ്ല്യു.എസ്) സംവരണത്തിൽ അലോട്ട്മെന്റ് നടത്തിയത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നാലാം അലോട്ട്മെന്റിൽ (സ്ട്രേ വേക്കൻസി റൗണ്ട്) ടി.കെ.എം കോളജിലെ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് ഇ.ഡബ്ല്യു.എസ് സംവരണത്തിൽ അലോട്ട്മെന്റ് നടത്തിയത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് പ്രവേശന പരീക്ഷ കമീഷണറേറ്റ് നടത്തിയ പരിശോധനയിലാണ് മൂന്നാം അലോട്ട്മെന്റിലും ഇതേ ബ്രാഞ്ചിലേക്ക് ഇ.ഡബ്ല്യു.എസ് സംവരണത്തിൽ അലോട്ട്മെന്റ് നൽകിയതായി വ്യക്തമായത്. മൂന്നാം ഘട്ടത്തിലെ അലോട്ട്മെന്റ് നാലാം ഘട്ടത്തിൽ നിലനിർത്തുകയും ചെയ്തു. ഇ.ഡബ്ല്യു.എസ് സംവരണം നടപ്പാക്കാൻ പത്ത് ശതമാനം സീറ്റ് അധികമായി അനുവദിച്ചാണ് അലോട്ട്മെന്റ് നടത്തേണ്ടത്. എന്നാൽ, ടി.കെ.എം കോളജിൽ നിലവിലുള്ള മെറിറ്റ് സീറ്റെടുത്താണ് ഇ.ഡബ്ല്യു.എസ് സംവരണ പ്രകാരം അലോട്ട്മെന്റ് നൽകിയത്. ഫലത്തിൽ മെറിറ്റിൽ പ്രവേശനം ലഭിക്കേണ്ട ഏതാനും വിദ്യാർഥികളുടെ സീറ്റാണ് സർക്കാർ അലോട്ട്മെന്റിലൂടെ കവർന്നത്.
സർക്കാർ, എയ്ഡഡ് മേഖലയിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സി.ഇ.ടി), കൊല്ലം ടി.കെ.എം കോളജുകളിൽ മാത്രമാണ് ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് കോഴ്സുള്ളത്. സി.ഇ.ടിയിൽ 69ഉം ടി.കെ.എമ്മിൽ 54ഉം സീറ്റുകളിലേക്കാണ് ഈ ബ്രാഞ്ചിൽ പ്രവേശന പരീക്ഷ കമീഷണറേറ്റ് അലോട്ട്മെന്റ് നടത്തിയത്. രണ്ട് കോളജുകളിലും അനുവദിക്കപ്പെട്ട സീറ്റ് 60 വീതമാണ്.
നിശ്ചിത ശതമാനം മാനേജ്മെന്റ് ക്വോട്ട കഴിഞ്ഞുള്ള സീറ്റാണ് ടി.കെ.എമ്മിൽ പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെന്റിന് നൽകുന്നത്. എന്നാൽ, പത്ത് ശതമാനം വർധന കൂടി ചേർത്തുള്ള സീറ്റിലേക്കാണ് സി.ഇ.ടിയിൽ അലോട്ട്മെന്റ് നടത്തുന്നത്. രണ്ട് കോളജുകളിലെയും ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ച് ഒന്നിച്ചെടുത്ത് മെറിറ്റ്, സംവരണ സീറ്റുകൾ നിശ്ചയിച്ചതോടെയാണ് ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽനിന്ന് വിദ്യാർഥികൾ സംവരണത്തിലൂടെ ടി.കെ.എം കോളജിൽ പ്രവേശനം നേടുന്ന സാഹചര്യമുണ്ടായത്.
അലോട്ട്മെന്റ് ഫ്ലോട്ടിങ് സംവരണം നിലനിൽക്കുന്നതിനാൽ -പ്രവേശന പരീക്ഷ കമീഷണർ
കൊല്ലം ടി.കെ.എം കോളജിലേക്ക് ഇ.ഡബ്ല്യു.എസ് സംവരണ വിഭാഗത്തിൽ അലോട്ട്മെന്റ് നടത്തേണ്ടിവന്നത് ഫ്ലോട്ടിങ് സംവരണ രീതി നിലനിൽക്കുന്നതുകൊണ്ടാണെന്ന് പ്രവേശന പരീക്ഷ കമീഷണർ ഡോ. അരുൺ എസ്. നായർ. കോളജുകളിലേക്ക് വെവ്വേറെ അലോട്ട്മെന്റ് നടത്തുന്നതിന് പകരം സ്ഥാപനങ്ങളെ ഒറ്റ യൂനിറ്റാക്കി അലോട്ട്മെന്റ് നടത്തുന്നതുകൊണ്ടാണ് ഫ്ലോട്ടിങ് സംവരണത്തിലൂടെ ടി.കെ.എം കോളജിലും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്ന് അലോട്ട്മെന്റ് നടത്തേണ്ടിവന്നതെന്നും കമീഷണർ വിശദീകരിച്ചു. വരും വർഷങ്ങളിൽ പ്രശ്നം എങ്ങനെ പരിഹരിക്കാനാകുമെന്ന് പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് സർക്കാറിലേക്ക് പ്രപ്പോസൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.