NIMHANS
ദേശീയ പ്രാധാന്യമുള്ള ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) 2025-26 വർഷത്തെ മെഡിക്കൽ ഡിവൈസസ് ടെക്നോളജി പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂറോളജി ആൻഡ് ബയോ മെഡിക്കൽ എൻജിനീയറിങ് വകുപ്പിന് കീഴിലാണ് ഒരു വർഷത്തെ കോഴ്സ് നടത്തുന്നത്. കോഴ്സ് ഫീസ് 86,300 രൂപ.
സീറ്റുകൾ: 20 (നോൺ സ്റ്റൈപ്പന്ററി കാറ്റഗറി). അഖിലേന്ത്യ വിഭാഗത്തിൽ 15 (സംവരണം ചെയ്യാത്തത് 8, ഒ.ബി.സി 3, എസ്.സി 2, എസ്.ടി 1, ഇ.ഡബ്ല്യു.എസ് 1) കർണാടക ഡൊമിസൈൽ വിഭാഗത്തിൽ 5. വ്യവസായാധിഷ്ഠിത മെഡിക്കൽ ഡിവൈസസ് സ്കിൽ ഡെവലപ്മെന്റ്, റിയൽ ടൈം പ്രോബ്ലം സോൾവിങ് എന്നിവക്ക് ഊന്നൽ നൽകിയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്. വൈദ്യശാസ്ത്ര- സാങ്കേതിക മേഖലയിലെ വിടവ് നികത്തി പരിശീലനത്തിന്റെയും ഗവേഷണത്തിന്റെയും പിൻബലത്തോടെ പുതിയ ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യംകൂടി ഈ പാഠ്യപദ്ധതിക്കുണ്ട്.
പ്രവേശന യോഗ്യത: ബി.ഇ/ ബി.ടെക് (ബയോ മെഡിക്കൽ, ബയോ ടെക്നോളജി, മെഡിക്കൽ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെക്കാട്രോണിക്സ്, ഐ.ടി, കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ എം.ബി.ബി.എസ്/ ബി.ഫാം മൊത്തം 60 ശതമാനം മാർക്കിൽ 6.75 സി.ജി.പി.എയിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 30 വയസ്സ്. നിയമാനുസൃത ഇളവുണ്ട്.
വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nimhans.ac.inൽ ലഭിക്കും. ഓൺലൈനിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 1000 രൂപ. പട്ടിക വിഭാഗത്തിന് 750 രൂപ മതി. ഭിന്നശേഷിക്കാർക്ക് ഫീസില്ല. 2025 സെപ്റ്റംബർ ഏഴിന് നടത്തുന്ന പ്രവേശന പരീക്ഷ, 16ന് നടത്തുന്ന ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ 20ന് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ഒക്ടോബർ ആറിന് പ്രവേശനം നടത്തി കോഴ്സ് ആരംഭിക്കും. അന്വേഷണങ്ങൾക്ക് admissions@nimhans.net എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.