കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ബന്ദ്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാൻ കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താൻ നടപടി സ്വീകരിക്കാത്തത് സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്.
വകുപ്പുകൾ തമ്മിൽ പഴിചാരുന്നത് അപഹാസ്യമാണെന്നും പൊതുവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും അനുകൂല സമീപനം സ്വീകരിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഈ സംഭവത്തിൽ കേരള സമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും എബിവിപി സംസ്ഥാന ജോ. സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.