ബംഗളൂരു: സ്ത്രീകളും കുട്ടികളുമടക്കം കൊല്ലപ്പെട്ട നൂറിലേറെ പേരെ നിർബന്ധപൂർവം കുഴിച്ചിടേണ്ടിവന്നെന്ന ധർമസ്ഥല മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദ അന്വേഷണത്തിനായി കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.ജി.പി ഡോ. പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥരായ റിക്രൂട്ട്മെന്റ് വിഭാഗം ഡി.ഐ.ജി എം.എൻ. അനുഛേദ്, സെൻട്രൽ ആംഡ് റിസർവ് ഡി.സി.പി സൗമ്യ ലത, ആഭ്യന്തര സുരക്ഷാ വിഭാഗം എസ്.പി ജിതേന്ദ്ര കുമാർ ദയാമ എന്നിവരാണ് അംഗങ്ങൾ.
മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ എസ്.ഐ.ടിയെ നയിച്ചയാളുകൂടിയാണ് ടീമിലെ അംഗമായ എം.എൻ. അനുഛേദ്. ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലാണ് ക്ഷേത്ര നഗരിയായ ധർമസ്ഥല സ്ഥിതി ചെയ്യുന്നത്. 48 കാരനായ മുൻ ശുചീകരണ തൊഴിലാളി കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ധർമസ്ഥല പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 211 എ വകുപ്പുചേർത്ത് 39/2025 എന്ന നമ്പറിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ലോക്കൽ പൊലീസിന്റെ അന്വേഷണം ഇഴയുന്ന സാഹചര്യത്തിൽ, കൂട്ടക്കൊല സംബന്ധിച്ച വസ്തുതകൾ പുറത്തുകൊണ്ടുവരാൻ എസ്.ഐ.ടി അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിരുന്നു.
കർണാടക വനിത കമീഷനും റിട്ട. സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് വി. ഗോപാല ഗൗഡയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കൂട്ടായ്മയും വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയുടെ അഭിഭാഷകരും മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ, ധർമസ്ഥല മേഖലയിൽ സംഭവിച്ച വിദ്യാർഥിനികളുടെയും സ്ത്രീകളുടെയും കാണാതാവൽ കേസുകൾ, അസ്വാഭാവിക മരണങ്ങൾ, കൊലപാതകങ്ങൾ, ലൈംഗിക പീഡനങ്ങൾ തുടങ്ങിയ കേസുകൾ ഉന്നത തല എസ്.ഐ.ടി ടീം അന്വേഷിക്കണമെന്നായിരുന്നു വനിത കമീഷന്റെ ആവശ്യം.
കേസിൽ നിഷ്പക്ഷവും വിശദവുമായ അന്വേഷണം എസ്.ഐ.ടി നടത്തുമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു. ധർമസ്ഥലയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമെ, സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്താലും എസ്.ഐ.ടി അന്വേഷണ പരിധിയിൽ ഉൾപ്പെടും. കഴിയുന്നത്ര വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്.ഐ.ടിക്ക് നൽകിയ നിർദേശം.
ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ താൻ നിർബന്ധിതനായെന്നായിരുന്നു 20 വർഷത്തോളം ധർമസ്ഥലയിൽ ജോലി ചെയ്ത ദലിത് ജീവനക്കാരന്റെ വെളിപ്പെടുത്തൽ. സാക്ഷിയായ ജീവനക്കാരൻ ഭാരതീയ ന്യായ സംഹിതയിലെ 183 വകുപ്പു പ്രകാരം, മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകുകയും കുറ്റകൃത്യങ്ങൾക്ക് കാരണക്കാരായവരുടെ പേരുകൾ മൊഴിയിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന മൃതദേഹങ്ങളിലൊന്നിന്റെ അവശിഷ്ടങ്ങളും സാക്ഷി പുറത്തെടുത്തിരുന്നു. രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തലിൽ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് വ്യാപക വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ എസ്.ഐ.ടി രൂപവത്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.