എനിക്ക് ഇങ്ങനെ ജീവിക്കാൻ കഴിയില്ല, വളരെക്കാലമായി ഞാൻ സമ്മർദത്തിലാണ്; ഉത്തർപ്രദേശിൽ അധ്യാപകരുടെ മാനസിക പീഡനത്തിൽ ജീവനൊടുക്കി വിദ്യാർഥിനി

ലഖ്നൗ: ഉത്തർപ്രദേശിൽ വിദ്യാർഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ. ശാരദ സർവകലാശാല രണ്ടാം വർഷ ബി.ഡി.എസ് വിദ്യാർഥിനി ജ്യോതി ശർമയാണ് ആത്മഹത്യ ചെയ്തത്. മരണവുമായി ബന്ധപ്പെട്ട് രണ്ട് സർവകലാശാല ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജ്യോതിയുടെ മുറിയിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ രണ്ട് പ്രൊഫസർമാരിൽ നിന്നും സർവകലാശാലാ ഭരണകൂടത്തിൽ നിന്നും വളരെക്കാലമായി മാനസിക പീഡിനത്തിനിരയായതായി ആരോപിക്കുന്നു. 'അവർ എന്നെ മാനസികമായി പീഡിപ്പിച്ചു, അപമാനിച്ചു. വളരെക്കാലമായി ഞാൻ ഈ സമ്മർദത്തിലാണ്. അവരെ ജയിലിൽ അടക്കണമെന്നാണ് എന്റെ ആഗ്രഹം'. എന്നാണ് ജ്യോതി തന്‍റെ ആത്മഹത്യക്കുറിപ്പിൽ എഴുതിയത്.

വിദ്യാർഥിനിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് സർവകലാശാല അധ്യാപകരെ അറസ്റ്റ് ചെയ്തതെന്ന് ഗ്രേറ്റർ നോയിഡ അഡീഷനൽ ഡി.സി.പി സുധീർ കുമാർ വ്യക്തമാക്കി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ സർവകലാശാല ഭരണകൂടത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ച് രംഗത്തെത്തി. പ്രകടനത്തിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വിദ്യാർഥനിയുടെ കുടുംബത്തിനും സർവകലാശാല വിദ്യാർഥികൾക്കും സർവകലാശാല ഭരണകൂടത്തിനെതിരെയുള്ള രോഷമാണ് സംഘർഷത്തിലേക്ക് എത്തിച്ചെതെന്നും സംഭവസ്ഥലത്ത് സമാധാനം പുന:സ്ഥാപിച്ചതായും ഡി.സി.പി സുധിർ കുമാർ പറഞ്ഞു. സംഭവത്തിൽ അന്വഷണം പുരോഗമിക്കുകയാണ്.

അതേസമയം, രണ്ട് ഫാക്കൽറ്റി അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതായി സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഒഫീസർ ഡോ. അജിത് കുമാർ പറഞ്ഞു. 'ഇപ്പോൾ രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിഷയം അന്വേഷിക്കാൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കും', അദ്ദേഹം പറഞ്ഞു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)

Tags:    
News Summary - Noida student dies by suicide cites harassment by professors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.