പ്രതീകാത്മക ചിത്രം
മുംബൈ: മുംബൈയിലെ റെയിൽവേ സ്റ്റേഷനിൽ ശുചിമുറി വൃത്തിയാക്കുന്നതിനിടയിൽ മാലിന്യ കൊട്ടയിൽ നിന്നും അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ട്രെയിൻ സ്റ്റേഷനിൽ എത്തിയ ശേഷം വൃത്തിയാക്കാൻ വന്ന ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
കുർളയിലെ ലോകമാന്യ തിലക് ടെർമിനലിൽ സർവീസ് കഴിഞ്ഞെത്തിയ കുശിനഗർ എക്സ്പ്രസ് (22537) ട്രെയിനിന്റെ എസി കോച്ചുകളുടെ ശുചിമുറി വൃത്തിയാക്കുമ്പോഴാണ് തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. ശേഷം ഇവർ റെയിൽവേ സ്റ്റേഷൻ മാനേജ്മെന്റിൽ വിവരമറിയിച്ചതിനെത്തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കാണാതായവരെക്കുറിച്ച് പൊലീസിന് ലഭിച്ച പരാതികൾ പരിശോധിക്കുന്നതിനിടയിൽ മരിച്ച കുട്ടിയുടെ അമ്മ പരാതി നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ സൂറത്തിലുള്ള തന്റെ 25 വയസ്സുള്ള ബന്ധു വികാസ് ഷാ തന്റെ മകനെ തട്ടിക്കൊണ്ടുപോയതായി അവർ പരാതിയിൽ പറയുന്നുണ്ട്.
ഉത്തർ പ്രദേശിലെ ഗോരഖ്‌പൂർ സ്റ്റേഷനും കുർള ലോകമാന്യ തിലക് ടെർമിനലിനുമിടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ് കുശിനഗർ എക്സ്പ്രസ്. കുട്ടി എങ്ങനെ മരിച്ചുവെന്നും മൃതദേഹം ശുചിമുറിയിലെമാലിന്യ കൊട്ടയിൽ എങ്ങനെ എത്തി എന്നും കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് റെയിൽവേ മാനേജ്മെന്റും റെയിൽവേ പൊലീസ് (ജി.ആർ.പി) ഉദ്യോഗസ്ഥരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.