കൊല്ലപ്പെട്ട ശാന്ത, ഒളിവിൽ പോയ രാജേഷ്

മാലിന്യടാങ്കിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ശാന്തയുടേത്, 12 പവൻ ആഭരണം കാണാനില്ല; കൊലപാതകിക്കായി തിരച്ചിൽ ഊർജിതം

കോതമംഗലം: ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്‍റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴം ബേബിയുടെ ഭാര്യ ശാന്തയാണ് (61) മരിച്ചത്. നേര്യമംഗലത്ത് വാടകക്ക്​ താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്‍റെ പിന്നിലെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശി ഫാ. മാത്യൂസ് കണ്ടോത്തറക്കലിന്‍റേതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കളഭാഗത്തെ വർക്ക്​ ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾക്കുമുമ്പ്​ വീട്ടിൽ മോഷണശ്രമം നടന്നതായി ഊന്നുകൽ സ്റ്റേഷനിൽ ഫാ. മാത്യൂസ് പരാതി നൽകിയിരുന്നു.

വീട്ടിൽനിന്ന്​ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന്‍റെ വർക്ക് ഏരിയയുടെ ഗ്രില്ല് തകർത്ത നിലയിലാണ്. മാന്‍ഹോളില്‍നിന്ന് പുറത്തെടുത്ത മൃതദേഹത്തിൽ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ചനിലയിലാണ്. വീടിന്‍റെ വര്‍ക്ക് ഏരിയയിൽവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഓടയിൽ ഒളിപ്പിക്കുകയായിരുന്നു. ശാന്തയുടെ ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മെഡിക്കൽ കോളജിലെത്തി ശനിയാഴ്ച മൃതദേഹം തിരിച്ചറിഞ്ഞു.

18 മുതൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇവർ ധരിച്ചിരുന്ന 12 പവനോളം ആഭരണവും നഷ്ടമായിട്ടുണ്ട്. കൊല്ലപ്പെട്ട ശാന്തയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. നഷ്ടപ്പെട്ട സ്വർണവും പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കണ്ടെടുത്തതായി സൂചനയുണ്ട്. ശാന്തയുടെ മക്കൾ: ബിജിത്ത്, ബിന്ദു. മരുമകൾ: ഐശ്വര്യ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം നേര്യമംഗലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

Tags:    
News Summary - Body found in garbage tank belongs to missing Shantha, 12-carat jewelry missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.