കണ്ണൂരിൽ വൻ കവർച്ച നടന്ന വീട്ടിലെ യുവതി കർണാടകയിലെ ഹുൺസൂരിൽ കൊല്ലപ്പെട്ട നിലയിൽ

ഇരിക്കൂര്‍ (കണ്ണൂർ): കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകൽ വൻ കവർച്ച നടന്ന വീട്ടിലെ യുവതിയെ ഹുൺസൂരിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചുങ്കസ്ഥാനം പടിഞ്ഞാറെക്കരയിൽ താമസിക്കുന്ന അഞ്ചാംപുര ഹൗസില്‍ കെ.സി. സുമതയുടെ വിദേശത്തുള്ള മകൻ എ.പി. സുഭാഷിന്റെ ഭാര്യ കർണാടക ഹുൺസൂർ സ്വദേശിനി ദർഷിത (22) യെയാണ് മൈസുരു സാലിഗ്രാമത്തിലെ ലോഡ്ജിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കർണാടക പൊലീസ് കസ്റ്റഡിയിലാണ്.

വെള്ളിയാഴ്ച പട്ടാപ്പകല്‍ നടന്ന വൻ കവര്‍ച്ചയിൽ സുമതയുടെ വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങളും നാല് ലക്ഷം രൂപയുമാണ് മോഷണം പോയിരുന്നത്. കവർച്ചയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദര്‍ഷിതയെ മരിച്ചനിലയിൽ കണ്ടെത്തിയതായി ഡിവൈ.എസ്.പിക്ക് വിവരം ലഭിച്ചത്. വെള്ളി രാവിലെ സുമതയും ഡ്രൈവറായ മകന്‍ സൂരജും രാവിലെ ജോലിക്ക് പോയിരുന്നു.

ഗള്‍ഫിലുള്ള സുഭാഷിന്റെ ഭാര്യ ദര്‍ഷിത രാവിലെ 9.30 ഓടെ കർണാടക ഹുന്‍സൂറിലെ അവരുടെ വീട്ടിലേക്കും പോയിരുന്നതായാണ് പറഞ്ഞിരുന്നത്. വൈകുന്നേരം സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയിൽപെട്ടത്. വീടിന്റെ മുന്‍വശത്തെ താക്കോല്‍ ഒരുവശത്ത് ഒളിപ്പിച്ചുവെച്ചാണ് കുടുംബം പുറത്തുപോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയതെന്നായിരുന്നു പരാതി. മോഷണത്തിന്റെ അന്വേഷണത്തിൽ ദർഷിതയോട് വിവരങ്ങൾ അന്വേഷിക്കാൻ പൊലീസ് ബന്ധപ്പെട്ടപ്പോൾ ദർശിത വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ലൊക്കേഷൻ മാറി സഞ്ചരിക്കുന്നതായി മനസ്സിലായി.

സംശയം ബലപ്പെട്ടതിനാൽ പൊലീസ് ഹുൺസൂരിലേക്ക് പോകാനിരിക്കെയാണ് കൊലപാതക വിവരം ലഭിച്ചത്. കർണാടക സ്വദേശിയായ ഒരാളെയാണ് കർണാടക സാലിഗ്രാമ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിലും മോഷണത്തിലും ഇയാൾക്കും ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മോഷണത്തിലും കൊലപാതകത്തിലും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയവുമുണ്ട്. അന്വേഷണസംഘം ഹുൺസൂരിലെത്തിയിട്ടുണ്ട്. ദർഷിതക്ക് രണ്ടരവയസ്സുള്ള മകളുണ്ട്. കുട്ടിയെ ഹുൺസൂരിലെ വീട്ടിലാക്കിയാണ് ദർഷിത സുഹൃത്തിനൊപ്പം പോയതെന്നാണ് വിവരം

Tags:    
News Summary - Woman whose house was robbed in Kannur found murdered in Hunsur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.