പ്രതീകാത്മക ചിത്രം
മംഗളൂരു: ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ട കണ്ണൂർ ഇരിട്ടി സ്വദേശിനിയായ യുവതി സൈബർ തട്ടിപ്പിന് ഇരയായി. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏകദേശം നാല് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
ഈ മാസം 16ന് കണ്ണൂരിൽ നിന്ന് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് 41 കാരിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്. വിവരം അവർ ഉടൻ തന്നെ കനറാ ബാങ്ക് കസ്റ്റമർ കെയറിലും ജിയോ കസ്റ്റമർ സർവിസിലും അറിയിച്ചു.
18ന്, യുവതിയുടെ സഹോദരൻ കാണാതായ നമ്പറിലേക്ക് വിളിച്ചപ്പോൾ രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് ഫോണെടുത്തത്. സേലം-കോയമ്പത്തൂർ റൂട്ടിൽ ഫോൺ കണ്ടെത്തിയെന്നും വൈകീട്ട് 5.30 ഓടെ കോയമ്പത്തൂർ റെയിൽവേ പൊലീസിന് കൈമാറുമെന്നും അയാൾ ഉറപ്പുനൽകി. അയാളുടെ വാക്കുകൾ വിശ്വസിച്ച് പരാതിക്കാരി മറുപടിക്കായി കാത്തിരുന്നു. എന്നാൽ, ഒരു അപ്‌ഡേറ്റും ലഭിക്കാത്തതിനാൽ, കണ്ണൂർ ഇരിട്ടി പൊലീസ് സ്റ്റേഷനിൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി നൽകി.
പുതിയ മൊബൈൽ ഹാൻഡ്‌സെറ്റും സിം കാർഡും വാങ്ങിയ ശേഷം അവർ കനറാ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 16നും 18നും ഇടയിൽ സംശയാസ്പദമായ ഒന്നിലധികം ഇടപാടുകൾ കണ്ടെത്തി. ആകെ 4,09,000 രൂപ പിൻവലിച്ചിരുന്നു. ഉടൻ ഹെൽപ് ലൈനിൽ (1930) പരാതി നൽകി.
ബാങ്ക് സ്റ്റേറ്റ്‌മെന്റ് കൂടുതൽ പരിശോധിച്ചപ്പോൾ അജ്ഞാത അക്കൗണ്ട് യുവതിയുടെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചതായും പിന്നീട് ഒന്നിലധികം ഇടപാടുകളിലൂടെ അത് പിൻവലിച്ചതായും കണ്ടെത്തി. മൊത്തത്തിൽ, പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്ന് ഏകദേശം നാല് ലക്ഷം രൂപ തട്ടിയെടുത്തു. മംഗളൂരു സൗത്ത് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.