ഏറനാടൻ പ്രകൃതിയെയും ജീവിതാവസ്ഥകളെയും അടയാളപ്പെടുത്തിയ രചനകൾ ഏറെയുണ്ടായിട്ടുണ്ട്. ആ നിരയിലേക്ക് പുതിയ തലമുറയിൽനിന്ന് ഹായ്... പൂയ്... കൂയ്... എന്നാർത്തുകൊണ്ട് ‘കള്ളരാമ’നെയുംകൊണ്ട് വരികയാണ് ചിത്രകാരനും കഥാകൃത്തുമായ മുഖ്താർ ഉദരംപൊയിൽ. ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചും ദേശത്തെ അടയാളപ്പെടുത്താതെ എഴുതുക സാധ്യമല്ല എന്ന് പറയാറുണ്ട്. കാരണം, അയാൾ അവതരിപ്പിക്കേണ്ടിവരുന്നത് തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ ഉപ്പ് രുചിക്കുന്ന ജീവിതാവസ്ഥകളാണല്ലോ. തന്റെ ദേശത്തിന്റെ പുരാവൃത്തങ്ങളെയും മിത്തുകളെയും നാട്ടറിവുകളെയും ഭാഷാവഴക്കങ്ങളെയും ജൈവവൈവിധ്യങ്ങളെയും ആഹാര സമ്പ്രദായങ്ങളെയുമൊക്കെ നിയതമായ സ്ഥലരാശിയുടെയും സമയരാശിയുടെയും അച്ചുതണ്ടിൽ നിന്നുകൊണ്ട് കഥനവത്കരിക്കാനാണ് മുഖ്താർ ഈ കൃതിയിലൂടെ ശ്രമിക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ ഈ പുസ്തകം ഓർമക്കൂട്ടുകളുടെ ഒരു പത്തായമാണ്. എഴുതിവെച്ചത് കഥയാണോ ഓർമക്കുറിപ്പാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധമാണ് അതിന്റെ അതിർവരമ്പുകൾ.
‘മഞ്ഞീല്’ എന്ന ആദ്യകഥയിൽ ഏറനാടൻ നാട്ടുമ്പുറങ്ങൾക്ക് ചിരപരിചിതമായ മൺസൂൺകാല മത്സ്യബന്ധനത്തിന്റെ നേർച്ചിത്രം കാണാം. മഴപെയ്തു പുഴയും തോടും കുളവും നിറയുമ്പോൾ ഏറ്റുമീൻ കയറുന്നതും അവയെ പിടിക്കാൻ കുത്തുവലയും കുരുത്തിയുമൊക്കെയായി ആബാലവൃദ്ധം ഗ്രാമീണരും പുഴയിലും പാടത്തും നിറയുന്നതും ഒരു കാലത്ത് ഇവിടെ സാധാരണ കാഴ്ചയായിരുന്നു. പട്ടിണിമുറ്റിയ വീടുകളിൽ മീൻ മണത്തോടെ അടുപ്പുപുകയുന്ന ആ കാലഘട്ടത്തിലേക്ക് മീൻരുചിയെ ഏറെ പ്രണയിച്ച വല്യുപ്പയുടെ ഓർമയെ സ്മാരകമാക്കുകയാണ് ‘മഞ്ഞീല്’ എന്ന കഥ.
മറ്റുള്ളവരുടെ ജീവിതദുരിതങ്ങളൊക്കെയും ഒരു കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം കഥ എഴുതാനുള്ള അസംസ്കൃതവസ്തുവാണ് എന്ന് ഒട്ടൊരു കുസൃതിയോടെ വിവരിക്കുന്ന കഥയാണ് ‘ഗുലാഫീ... സുലാഫീ...’. അതുപോലെ നാട്ടുമ്പുറത്തെ പതിറ്റാണ്ടുകൾക്കു മുമ്പുള്ള ഒരു പ്രൈമറി സ്കൂളിലെ കുട്ടികളുടെ കുസൃതിത്തരങ്ങളെ സരസമായി ഓർമിച്ചെടുക്കുന്ന ‘ഹായ്... കൂയ്... പൂയ്...’ വായിച്ചുവായിച്ചു ചിരിക്കാനും ഒടുവിൽ ആ ചിരികളെയൊക്കെയും ഒരിറ്റ് കണ്ണീരുകൊണ്ട് നനക്കാനും പ്രേരിപ്പിക്കുന്നു. പൊട്ടത്തി സൂറയുടെ പാട്ടുകളുടെ കഥ കൂടിയാണ് ഇത്. ഏറനാടിന്റെ ഫോക് കൾചറുമായി ഏറെ ബന്ധമുള്ള ഇത്തരം പാട്ടുകൾ ഇത്രയധികം തന്മയത്വത്തോടെ ഉൾച്ചേർത്തുവെച്ച മറ്റൊരു കഥ മലയാളത്തിൽ വേറെയില്ല എന്ന് പറയാം. അടിയുടെ വേദനയെപ്പോലും പാട്ടിന്റെ താളംകൊണ്ട് പ്രതിരോധിക്കുന്ന പൊട്ടത്തിസൂറ കഥാവസാനം മനസ്സിൽ വിഷാദമാവുന്നതും വായനക്കാർ അനുഭവിക്കുന്നു.
പൊട്ടത്തി സൂറയോട് ചേർത്തുവെക്കാൻ ഒരു കിറുക്കത്തി സൈനുവിനെയും അവതരിപ്പിക്കുന്നുണ്ട് ‘കിറ്ക്കത്തി’ എന്ന കഥയിൽ. അസാധാരണ സ്വഭാവമുള്ള ഒരു കള്ളനെ അവതരിപ്പിക്കുന്ന ‘കള്ളരാമൻ’ രസകരമായി വായിച്ചു പോകാം. പ്രണയം എങ്ങനെയാണ് പ്രാകൃതനെപ്പോലും സംസ്കാരമുള്ളവനാക്കുന്നത് എന്ന കാര്യം കൂടി നർമത്തിൽ ചാലിച്ച് പറയുന്ന ഈ കഥ എത്ര മാറിയാലും അടിസ്ഥാനസ്വഭാവങ്ങളെ മാറ്റുക സാധ്യമല്ല എന്നും കൂടി കാണിച്ചുതരുന്നു. ജീവിതംകൊണ്ട് മുറിവേറ്റ ഹസീന എന്ന പെൺകുട്ടിയുടെ നൊമ്പരക്കഥ പറയുന്ന ‘കുർസൂം... കുർസൂം...’, ബാല്യത്തിന്റെ കൗതുകങ്ങളിലൂടെ ബാപ്പയുടെയും വളർത്തുനായയുടെയും സ്നേഹബന്ധം നോക്കിക്കാണുന്ന ‘കൊട്ടംചുക്കാദി’ എന്നീ കഥകളും നല്ല വായന പ്രദാനം ചെയ്യുന്നവയാണ്.
ഏറനാടൻ നാട്ടുഭാഷയുടെ ചന്തം നന്നായി സ്വാംശീകരിച്ച കഥകളാണ് ‘കള്ളരാമ’നിലുള്ളത്. ചില വാക്കുകളും പ്രയോഗങ്ങളുമൊക്കെ ഏറനാട്ടുകാർക്ക് മാത്രം സ്വന്തം. ഒരു കുണ്ട്രസ് കിട്ടണില്ല (ഒരു ഉഷാർ ഇല്ല), പാത്താംപോണം (മൂത്രമൊഴിക്കാൻ പോകണം), പൂതപ്പിടിച്ചിരിക്കുക (മടിപിടിച്ചിരിക്കുക), അറ്റങ്ങലായി (പാടത്തുനിന്ന് വെള്ളം വീഴുന്ന ഇടം), നീറീൻ (ആറ്റുമീൻ), ഉസ്റും പുളീം (നാണവും മാനവും), മാങ്ങിക്കോളീം (വാങ്ങിച്ചോളൂ) എന്നിവ ഉദാഹരണം. ഇതുകൂടാതെ, ഹിമാറ്, ബലാല്, ഔറത്ത്, ഹമുക്ക് തുടങ്ങിയ അറബിപദാവലികളിൽനിന്ന് രൂപപ്പെട്ട നാട്ടുമൊഴികളും കാണാം. പൊട്ടിച്ചൂട്ട്, ചാത്തനേറ്, ജിന്നുകൂടൽ തുടങ്ങിയ നാട്ടുമിത്തുകളും പലതരം പുരാവൃത്തങ്ങളും അതിശയോക്തികളുമൊക്കെ കഥകളിൽ ചിതറിക്കിടക്കുന്നു.
അതിലേറെ ആകർഷകമായി തോന്നിയ മറ്റൊരു കാര്യം കഥാകാരൻ കഥപറച്ചിലിൽ ഉപയോഗിച്ച വാക്കുകളുടെ താളമാണ്. കഥാപാത്രങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെ പലപ്പോഴും ഈ താളബോധമുള്ള പദാവലികളെവെച്ചാണ് കഥാകൃത്ത് പൊലിപ്പിച്ചെടുക്കുന്നത്. അതിലൊന്ന് മുഖ്താറിന്റെ (കഥപറച്ചിലിന്റെ) സമാനതകളില്ലാത്ത നർമമാണ്. പൊട്ടിച്ചിരിയുടെ അകമ്പടിയോടെ മാത്രമേ പലകഥകളും വായിച്ചുപോകാനാവൂ. എന്നാൽ, അവ വെറും നർമകഥകളല്ല താനും. കൗമാരത്തിലേക്കു പ്രവേശിക്കുന്ന ഒരു കുട്ടിയുടെ വീക്ഷണകോണിലൂടെയാണ് കഥകളോരോന്നും വികസിക്കുന്നത്. ഏറനാടൻ പ്രകൃതി അതിന്റെ എല്ലാ സൗകുമാര്യത്തോടെയും കഥകളിലാകെ പടർന്നു കിടക്കുന്നത് കാണാം. ദേശത്തിന്റെ ജൈവവ്യവസ്ഥയെയും പ്രകൃതിസൗന്ദര്യത്തെയും ഋതുഭേദങ്ങളെയുമൊക്കെ കഥയുടെ ഒഴുക്കിനൊപ്പം സന്നിവേശിപ്പിച്ചെടുക്കുന്ന മിടുക്ക് അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഏറനാടിന്റെ ജനജീവിതത്തിന്റെയും ഭാഷാവഴക്കങ്ങളുടെയും കഥ എന്നതിനൊപ്പം ജൈവവിസ്താരങ്ങളുടെ കഥകൾകൂടിയായിട്ടായിരിക്കും കാലം ഈ പുസ്തകത്തെ അടയാളപ്പെടുത്തിവെക്കുക.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.