ഊർധ്വശ്വാസം വലിച്ചുവലിച്ചുകൊണ്ടാണ് കെ.എസ്.ആർ.ടി.സി ബസ് ചുരം കയറിക്കൊണ്ടിരിക്കുന്നത്. നേരം വെളുത്തുവരുന്നതേയുള്ളൂ. നല്ല തണുപ്പ്. ഞാനിരിക്കുന്നത് വിൻഡോ സീറ്റിലാണ്. തൊട്ടടുത്ത സീറ്റിൽ നല്ല ഉറക്കത്തിലാണ് മനു. ഷട്ടർ മെല്ലെ ഉയർത്തി പുറത്തേക്ക് നോക്കി. മേഘങ്ങൾ കൂട്ടത്തോടെ ഇറങ്ങിവന്നിരിക്കുന്നു. അവ കാഴ്ചയെ മറയ്ക്കുന്നതുകൊണ്ടാവാം ബസ് വളരെ പതുക്കെയാണ് ചുരം കയറുന്നത്. ‘ആ ഷട്ടറൊന്നു താഴ്ത്തൂ’ മനു തല ഉയർത്തി ഒരു ദീർഘനിശ്വാസത്തോടെ സീറ്റിലേക്ക് തന്നെ ചാഞ്ഞു. അകത്തേക്ക് തള്ളിക്കയറിയ തണുത്ത കാറ്റ് അവന്റെ ഉറക്കത്തെ അലോസരപ്പെടുത്തിയിരിക്കണം. ഷട്ടർ താഴ്ത്തി ഞാനും സീറ്റിലേക്ക് ചാഞ്ഞു.
മാനുകൾ ആനന്ദനൃത്തമാടുന്ന വാടിയിലേക്കാണ്, മാനന്തവാടിയിലേക്കാണ് ഞങ്ങളുടെ യാത്ര. കൃത്യമായി പറഞ്ഞാൽ മാനന്തവാടിയെത്തുന്നതിന് മുമ്പുള്ള ദ്വാരക എന്ന കൊച്ചുഗ്രാമത്തിലേക്ക്. മഞ്ഞിനും കുളിരിനുമൊപ്പം മലമുകളിലെത്തി കവാടം കടന്ന് നേരെ ലക്കിടി. ഇവിടം ഇപ്പോഴും സായിപ്പിന്റെ ഓർമകൾ കുടികൊള്ളുന്നുണ്ട്. അതിന്റെ അവശേഷിപ്പായി കരിന്തണ്ടൻ തളച്ചിടപ്പെട്ട ചങ്ങലമരം. കന്യാവനങ്ങൾ നിറഞ്ഞ വയനാട്. ഇപ്പോൾ സഹ്യനെ തുരന്ന് ദുരാഗ്രഹികളുടെ അധിനിവേശത്തിന്റെ അടയാളങ്ങളായി മാറി. പ്രകൃതിയെ, ജൈവഘടനയെ, ജീവജാലങ്ങളെ മണ്ണിനെ, മനുഷ്യനെതന്നെയും തൃണവൽഗണിച്ചുകൊണ്ടുള്ള ക്രൂര താണ്ഡവം.
മുലപ്പാൽ കുടിച്ചു വളർന്നവർതന്നെ സ്വന്തം അമ്മയുടെ മാറുപിളർക്കുന്നതു കണ്ട് ഹൃദയംപൊട്ടിയുള്ള കവിയുടെ വിലാപം പതിക്കുന്നത് ബധിര കർണങ്ങളിലാണ്. മാധവ് ഗാഡ്ഗിൽ എന്ന ശാസ്ത്രപ്രവാചകൻ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നതെല്ലാം വിഫലമായ അധരവ്യായാമങ്ങളാവുന്നു. അതിന്റെ പരിണതിയാണ് മുണ്ടക്കൈ, ചൂരൽമലകൾ സാക്ഷ്യപ്പെടുത്തുന്നത്. എത്രയെത്ര ദുരന്തങ്ങൾ... ഒന്നും നമ്മെ ഒരു പാഠവും പഠിപ്പിക്കുന്നില്ല. കറുപ്പുബാധിച്ച ജനത ആഗോള പ്രതിഭാസമായും കാലാവസ്ഥാ വ്യതിയാനമായും വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
എന്തൊക്കെയോ അസ്വസ്ഥചിന്തകൾ പിന്നെയും മനസ്സിലേക്ക് ഒന്നിനുപിറകെ ഒന്നായി അലകളായി അടിച്ചു കൊണ്ടേയിരുന്നു. കണ്ണുകൾ മുറുക്കിയടച്ച് ഒന്നുകൂടി സീറ്റിൽ അമർന്നു. ദാ, ദ്വാരകയെത്തി, കണ്ടക്ടർ വന്നു തട്ടിവിളിച്ചപ്പോഴാണ് മയക്കത്തിൽ നിന്നുണർന്നത്. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഗ്രാമീണ സാഹിത്യോത്സവം നടക്കുകയാണ് ഇവിടെ. അവിടേക്ക് പ്രവേശിച്ചപ്പോൾ ആദ്യം കണ്ടത് വിനോദ് കൃഷ്ണയെയാണ്. വിനോദ് തന്റെ നോവൽ ‘9 എം.എം ബരേറ്റ’യെക്കുറിച്ച് സംസാരിക്കുകയായിരുന്നു. തന്റെ തോക്കെഴുത്തിനെക്കുറിച്ച്. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നത് 9 എം.എം ബരേറ്റ എന്ന പിസ്റ്റൾ ഉപയോഗിച്ചാണ്. ഡൽഹി ഗാന്ധി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ആ പിസ്റ്റൾ. എന്നാൽ, ഒരു ദിവസം തോക്ക് അവിടെനിന്നും അപ്രത്യക്ഷമായി. എങ്ങനെയാണ് അത് നഷ്ടപ്പെട്ടത്? അത് അവിടെ സൂക്ഷിച്ചാൽ ആർക്കാണ് പ്രയാസം. അതേക്കുറിച്ചുള്ള അന്വേഷണമാണ് 9 എം.എം ബരേറ്റ എന്ന നോവൽ.
അന്ന് രാത്രി ഹോട്ടൽ റൂമിൽ വന്നു കിടന്നപ്പോഴും മനസ്സിലെ ചിന്ത ആ പിസ്റ്റളിനെക്കുറിച്ചായിരുന്നു. മ്യൂസിയത്തിൽനിന്നും ആ തോക്ക് സന്ദർശകരോടെല്ലാം എന്തൊക്കെയോ വിളിച്ചുപറഞ്ഞിട്ടുണ്ടാവണം. അതിൽ ആരൊക്കെയോ അസ്വസ്ഥരായിട്ടുണ്ടാവണം. നമ്മുടെ രാഷ്ട്രപിതാവിന്റെ നെഞ്ചുപിളർന്ന ആ തോക്ക് ഒരുപാട് നെഞ്ചും ശിരസ്സും പിളർന്നുകൊണ്ട് കാലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഇന്ത്യൻ മതേതരത്വത്തിന്റെ ശബ്ദമാണ് അത് ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നത്. ദാഭോൽകർ, പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ്... പട്ടിക നീളുന്നു. ഫാഷിസ്റ്റ് കഴുകൻമാർ നമ്മുടെ സ്വച്ഛതയുടെ ആകാശത്ത് കാതടപ്പിക്കുന്ന ഹുങ്കാരശബ്ദത്തോടെ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു. നമ്മിൽപ്പെട്ട പലരെയും ആ കാണ്ടാമൃഗം പിടികൂടിക്കൊണ്ടിരിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയവും അപരവിദ്വേഷവും വളരെ ബോധപൂർവമായി നമുക്കിടയിൽ വ്യാപരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിൽ നമ്മുടെ സഹോദരർക്കിടയിൽ ഹിംസ സാധ്യമാക്കിക്കൊണ്ടിരിക്കുന്നത് എങ്ങനെയാണ്?
ചിന്താഭാരത്താൽ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണപ്പോൾ ആരോ വാതിലിൽ ശക്തമായി മുട്ടുന്നു. മുട്ടുകയല്ല, ശരിക്കും പൊളിഞ്ഞുവീഴും വണ്ണം ഇടിക്കുകയാണ്. അത്ര ശക്തിയിൽ... എന്റെ ശ്വാസഗതി കൂടി... ഹൃദയത്തിന്റെ താളം വർധിച്ചു. കണ്ണടച്ചുകൊണ്ട് ബെഡിൽതന്നെ കമിഴ്ന്നുകിടന്നു. ക്രമേണ ശബ്ദം നിന്നു. ഞാനെഴുന്നേറ്റ് വാതിലിനടുത്തേക്ക് നീങ്ങി. വിറച്ചു വിറച്ചു വാതിൽ തുറന്നു. അസാധാരണമായ ഒരു ശബ്ദത്തോടെയാണ് വാതിൽ തുറന്നത്. ഞാനൊന്ന് നടുങ്ങി. കോറിഡോറിൽ രണ്ടു പാടും നീളെ നോക്കി ആരെയും കാണുന്നില്ല. അങ്ങേ അറ്റത്തെ മൂലയിൽനിന്നും ഒരു ആൾരൂപം മാറുന്നതുപോലെ കാണപ്പെട്ടു. ഞാനാ മൂലയിലേക്ക് ഓടി. കോണിപ്പടികൾ ഇറങ്ങുന്ന ബൂട്ടിന്റെ പടപടാ ശബ്ദം. കോണിപ്പടിയുടെ മുകളിൽനിന്നും താഴേക്ക് നോക്കി. ഒരു നിഴൽരൂപം പുറത്തേക്ക്. റിസപ്ഷനിലെ ഗ്ലാസ്ഡോർ തുറന്ന് അടയുന്ന ശബ്ദം. താഴെയിറങ്ങി. ദൂരെനിന്നും പട്ടികളുടെ കൂട്ടമായ ഓരിയിടൽ! ഞാൻ പുറത്തുകടന്നു. ആ സമയം ഒരു മഴ പെയ്തു തോർന്നിട്ടേയുള്ളൂ... ഇലകൾ പെയ്തു കൊണ്ടിരിക്കുന്നു. റോഡിലൂടെ കുറച്ചുദൂരം നടന്നു. ദേഹത്തു വീഴുന്ന വെള്ളത്തുള്ളികൾ, ശരീരം പൊള്ളുന്ന തണുപ്പ്... റോഡരികിലെ കുഴികളിൽ വെള്ളം നിറഞ്ഞിരിക്കുന്നു.
അതിനപ്പുറം റോഡിനോരത്ത് പാമ്പുകളെപ്പോലെ തമ്മിൽ പിണഞ്ഞുകിടക്കുന്ന കൂറ്റൻ അരയാലിന്റെ വേരുകൾ. അതും കടന്ന് ഞാൻ നടന്നു. ഇടക്ക് മിന്നൽ വെളിച്ചത്തിൽ പെട്ടെന്ന് വന്ന് മറയുന്ന നിഴൽരൂപങ്ങൾ. ഞാൻ നടന്നു നടന്ന് ഒരു ജങ്ഷനിലെത്തി. അവിടെ മുനിഞ്ഞു കത്തുന്ന സ്ട്രീറ്റ്ലൈറ്റിന്റെ നിഴലിൽ ഒരാൾരൂപം. പെട്ടെന്ന് ആ രൂപം തിരിഞ്ഞതും എന്റെ അടുത്തെത്തിയതും ഒരുമിച്ചായിരുന്നു. ആ മുഖം എനിക്കെവിടെയോ പരിചയമുള്ളപോലെ. കണ്ണുകൾ തീക്കട്ട കണക്കെ ജ്വലിച്ചിരുന്നു. ആ ചൂടിൽ എന്റെ മുഖം പൊള്ളാൻ തുടങ്ങി. ഒന്നും ചെയ്യാൻ വയ്യാതെ, എന്റെ പാദങ്ങളിൽനിന്നും വേരുകൾ താഴോട്ടിറങ്ങുന്നത് ഞാനറിഞ്ഞു. രൂപം എന്നെ രൂക്ഷമായി നോക്കി. ആ നോട്ടത്തിൽ തീ പാറുന്നുണ്ടായിരുന്നു ‘എങ്ങോട്ടാ?’ പരുക്കനെങ്കിലും പതിഞ്ഞ ശബ്ദത്തിലായിരുന്നു ചോദ്യം. ‘ദ്വാരക’, ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു. രൂപം ഒന്നമർത്തി മൂളി. ‘പേരെന്താ?’ ആ ചോദ്യം നല്ല മൂർച്ചയുള്ളതായിരുന്നു. ശരിക്കും എന്റെ നെഞ്ച് തുളച്ചുകളഞ്ഞു. ഞാൻ ഒന്നും മിണ്ടാനാവാതെ തലതാഴ്ത്തി നിന്നു. എന്റെ താടി പിടിച്ചുയർത്തിക്കൊണ്ട് ‘പേരെന്താന്ന്?’ അതൊരു ഗർജനമായിരുന്നു. അപ്പോഴാണ് ആ രൂപത്തിന്റെ മറ്റേ കൈ ശ്രദ്ധിച്ചത്.
ഒരു പിസ്റ്റൾ! ‘ഹമ്മേ...’ സകല ശക്തിയും സംഭരിച്ച് കാൽ പറിച്ചെടുത്ത് ജീവനുംകൊണ്ട് തിരിഞ്ഞോടി. തോക്കുചൂണ്ടിക്കൊണ്ട് ആ രൂപം എന്റെ പിന്നാലെ. ഞാൻ ഓടി. പാമ്പുകളായി പിണഞ്ഞുകിടക്കുന്ന അരയാലിന്റെ വേരുകൾ കാലിൽതട്ടി കമിഴ്ന്നടിച്ചുവീണു. എന്റെ മുഖം വെള്ളക്കുഴിയിൽ ആഞ്ഞിടിച്ചു. വെള്ളം അതിശക്തിയായി പുറത്തേക്ക് ചിതറി.
ഏറെ പ്രയാസപ്പെട്ട് കണ്ണ് തുറന്നുനോക്കുമ്പോൾ പാതി വെള്ളമുള്ള ഒരു വാട്ടർബോട്ടിലുമായി മനു മുന്നിൽ നിൽക്കുന്നു. ‘എന്ത് പറ്റിയെടാ? വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ.’ ഞാൻ ചുറ്റുപാടും നോക്കി. ശ്വാസമെടുത്തു വിടാൻ വല്ലാതെ പാടുപെട്ടു. ‘രാത്രി മുഴുവൻ നീ പിച്ചും പേയും പറയുന്നുണ്ടായിരുന്നു’ ഞാനെഴുന്നേറ്റ് മനുവിൽനിന്നും വാട്ടർ ബോട്ടിൽ വാങ്ങി അവശേഷിക്കുന്ന വെള്ളം മുഴുവൻ ഒറ്റയടിക്ക് വായിലേക്ക് കമിഴ്ത്തി. അപ്പോഴും ആ വെടിയുടെ ശബ്ദം അന്തരീക്ഷത്തെ വിഴുങ്ങുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.