മുംബൈ: മുതിർന്ന ഹിന്ദി- മറാത്തി ചലച്ചിത്ര നടൻ അച്യുത് പോട്ധാർ 91ാം വയസ്സിൽ അന്തരിച്ചു. ബോളിവുഡിലെ ശ്രദ്ധേയ ചിത്രമായ ‘ത്രീ ഇഡിയറ്റ്സി’ലെ കോളജ് പ്രഫസറുടെ വേഷത്തിലൂടെ അദ്ദേഹം ചലച്ചിത്ര ലോകത്തെ സുപരിചിത മുഖമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം താനെയിലെ ജുപീറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. നിർമാതാവ് ഹൻസൽ മേത്തയടക്കം ബോളിവുഡിലെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലി അർപിച്ചു.
മധ്യപ്രദേശിലെ ജബൽപൂരിൽ ജനിച്ച പോട്ധാർ, 1961ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. തുടർന്ന് ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. 1967ൽ ഇന്ത്യ-ചൈന യുദ്ധ വേളയിൽ അദ്ദേഹം ക്യാപ്റ്റൻ ആയി വിരമിച്ചു. ശേഷം 25 വർഷത്തോളം ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ഉദ്യോഗസ്ഥനായി പ്രവൃത്തിച്ചു. ഈ സമയത്താണ് അഭിനയ രംഗത്തേക്കു വന്നത്.
1980ൽ നസീറുദ്ദീൻ ഷാ, ഓം പുരി എന്നിവർക്കൊപ്പം സ്മിത പാട്ടീലിന്റെ ‘ആക്രോഷി’ൽ അഭിനയിച്ചു. അതിനുശേഷം ഹിന്ദി-മറാത്തി ഭാഷകളിലുള്ള 125ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു അമീർ ഖാൻ നായകനായ ‘ത്രീ ഇഡിയറ്റ്സി’ലെ പ്രഫസറുടേത്.
ലഗേ രഹോ മുന്നാഭായ്, രംഗീല, പരിണീത, വാസ്തവ്, ദഭാങ് 2, വെന്റിലേറ്റർ തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും വേഷമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.