മമ്മൂട്ടി
കൊച്ചി: നടൻ മമ്മൂട്ടി രോഗമുക്തി നേടി ആരോഗ്യം വീണ്ടെടുത്തുവെന്ന വാർത്തയിൽ സന്തോഷം പ്രകടിപ്പിച്ച് സഹപ്രവർത്തകർ. ''ഇതിൽ കുടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും ശുശ്രൂഷിച്ച എല്ലാവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. യെസ് ദ കിങ് ഈസ് ബാക്ക്. സന്തോഷം, നന്ദി. പ്രാർഥനകൾക്ക് ഫലം ഉണ്ടായിരിക്കുന്നു''-എന്നാണ് മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചത്.
എല്ലാം ഒ.കെ ആണ് എന്നായിരുന്നു രമേഷ് പിഷാരടിയുടെ കുറിപ്പ്. മമ്മൂട്ടിയുടെ ഒപ്പമുള്ള ചിത്രങ്ങളും രമേഷ് പിഷാരടി പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടി രോഗമുക്തനായി ആരോഗ്യം വീണ്ടെടുത്തുവെന്ന വിവരം ആദ്യം പങ്കുവെച്ചത് നിർമാതാവ് ആന്റോ ജോസഫ് ആണ്. ''ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനക്ക് ഫലം കണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി'' എന്നായിരുന്നു ആന്റോ ജോസഫിന്റെ പോസ്റ്റ്. പെട്ടെന്നാണ് ഈ പോസ്റ്റ് ആളുകൾ ഏറ്റെടുത്തത്.
മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റും മേക്കപ് മാനുമായ എസ്. ജോർജും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ''സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽനിൽക്കുന്നു. പ്രാർഥിച്ചവർക്കും കൂടെ നിന്നവർക്കും ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി'' എന്നാണ് ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏഴുമാസത്തോളമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു മമ്മൂട്ടി. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് തിയേറ്ററിലെത്തുന്ന മമ്മൂട്ടിയുടെ അടുത്ത ചിത്രം. വിനായകനും ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.