ആമിർ ജെസീക്കയുമായി പ്രണയത്തിലായിരുന്നു; ദ്രോഹിക്കണം എന്ന് ചിന്തിക്കുന്നയാളല്ല, ഭിന്നതയുണ്ടാകാന്‍ ബന്ധുക്കള്‍ ബ്രെയിന്‍വാഷ് ചെയ്തതാണ് -ആമിർ ഖാനെതിരെ വീണ്ടും ആരോപണങ്ങളുമായി ഫൈസൽ ഖാൻ

ആമിർ ഖാനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സഹോദരൻ ഫൈസൽ ഖാൻ. വർഷങ്ങൾക്ക് മുമ്പ് ആമിർ ഖാൻ തന്നെ മുംബൈയിലെ വീട്ടിൽ ഒരു വർഷത്തിലേറെ പൂട്ടിയിട്ടുവെന്നും നിർബന്ധിപ്പിച്ച് മരുന്നുകൾ കഴിപ്പിച്ചെന്നും പറഞ്ഞ് ഫൈസൽ ഖാൻ രംഗത്തെത്തിയിരുന്നു. ഭ്രാന്തനാണെന്നും സ്കീസോഫ്രീനിയ ഉണ്ടെന്നുമാണ് കുടുംബം ആക്ഷേപിക്കുന്നതെന്നും ഫൈസൽ ഖാൻ പറയുന്നു. ഇതിൽ പ്രതികരണവുമായി ആമിർ ഖാനും കുടുംബവും എത്തിയിരുന്നു. ഇപ്പോഴിതാ ആമിർ ഖാനെതിരെ വീണ്ടും ആരോപണങ്ങളായി എത്തിയിരിക്കുകയാണ് ഫൈസൽ ഖാൻ.

‘എല്ലാ കുടുംബബന്ധങ്ങളും ഞാൻ വിച്ഛേദിച്ചിരിക്കുന്നു. ബുദ്ധിമുട്ടുള്ളതാണെങ്കിലും എന്റെ രോഗശാന്തിക്കും വളർച്ചക്കും ഈ ഘട്ടം അത്യാവശ്യമാണ്. ജീവിതം ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും സ്വയം കണ്ടെത്തലിന്റെയും പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുന്നു. അതിനെ ഞാൻ പോസിറ്റീവിറ്റിയോടെ സ്വീകരിക്കുന്നു’. പത്രസമ്മേളനത്തിനിടെ കുടുംബവുമായുള്ള വിള്ളലിലേക്ക് നയിച്ച യഥാർത്ഥ സംഭവമെന്താണെന്ന് ഫൈസൽ വെളിപ്പെടുത്തി.

ബ്രിട്ടീഷ് മാധ്യമപ്രവർത്തകയായ ജെസീക്ക ഹൈൻസുമായി ആമിർ ഖാന് ബന്ധമുണ്ടായിരുന്നെന്നും അവർക്ക് ഒരു കുട്ടിയുണ്ടെന്നും ഫൈസൽ ഖാൻ ആരോപിച്ചു. ആമിർ ഖാൻ ആദ്യ ഭാര്യ റീന ദത്തയുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് ഈ ബന്ധം ഉണ്ടായത്. ജെസീക്കയിൽ ഒരു കുട്ടി ജനിച്ച സമയത്ത് ആമിർ ഖാൻ കിരൺ റാവുവിനൊപ്പം താമസിക്കുകയായിരുന്നു എന്നും ഫൈസൽ ഖാൻ ആരോപിച്ചു. 2005 മുതൽ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

20കളുടെ തുടക്കത്തിൽ ജെസീക്ക ഒരു മകനെ പ്രസവിച്ചു. ജാൻ എന്നായിരുന്നു അവന്റെ പേര്.പിന്നീട്, ജെസീക്ക താമസം മാറി ലണ്ടനിലെ ബിസിനസുകാരനായ വില്യം ടാൽബോട്ടിനെ വിവാഹം കഴിച്ചുമെന്നാണ് ഫൈസൽ പറയുന്നത്. വിവാഹം കഴിക്കാൻ കുടുംബം തന്നെ നിർബന്ധിച്ചുവെന്നും, കുടുംബാംഗങ്ങളുടെ ജീവിതത്തിലെ ചില കാര്യങ്ങളെ ചോദ്യം ചെയ്ത് ഒരു കത്തെഴുതിയപ്പോൾ അവർക്ക് തന്നോട് ദേഷ്യം തോന്നിയെന്നും ഫൈസൽ പറഞ്ഞു. 2002 ൽ ഞാൻ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. ഞാൻ അവരെ ജനുവരിയിൽ കണ്ടുമുട്ടി. ആഗസ്റ്റിൽ ഞങ്ങൾ വിവാഹിതരായി. 2022 ഡിസംബറിൽ വിവാഹമോചനം നേടി. അന്നുമുതൽ എന്റെ അമ്മയുടെ ആദ്യ കസിനായ എന്റെ അമ്മായിയെ വിവാഹം കഴിക്കാൻ എന്റെ കുടുംബം സമ്മർദ്ദം ചെലുത്താൻ തുടങ്ങി.

ആമിര്‍ കനിവുള്ളവനാണെന്നും ഫൈസല്‍ പറയുന്നുണ്ട്. ദ്രോഹിക്കണം എന്ന് ചിന്തിക്കുന്നയാളല്ല. തങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാന്‍ ബന്ധുക്കളാണ് ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ ആമിര്‍ ഖാനെ ബ്രെയിന്‍വാഷ് ചെയ്തതാണെന്നും ഫൈസല്‍ പറയുന്നു. ആമിറും ഫൈസലും തമ്മിൽ സംഘർഷഭരിതമായ ബന്ധമാണ് നിലനിൽക്കുന്നത്. കുടുംബവുമായി ഫൈസൽ നിയമയുദ്ധത്തിലായിരുന്നു. സിഗ്നേറ്ററി അവകാശം ഉപേക്ഷിക്കാൻ കുടുംബം ആവശ്യപ്പെട്ടപ്പോൾ ഫൈസൽ കോടതിയെ സമീപിച്ചിരുന്നു.

Tags:    
News Summary - Faisal Khan again makes allegations against Aamir Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.