‘ഡോക്ടർമാരെ സമീപിച്ചിരുന്നു, സർജറി ചെയ്യാൻ പോലും ആലോചിച്ചു’; അതിനുശേഷം ഞാൻ എങ്ങനെ കാണപ്പെടുന്നുവെന്ന് ആരും ശ്രദ്ധിക്കില്ല -ബോഡി ഷേയ്മിങ്ങിനെ കുറിച്ച് മഞ്ജിമ മോഹൻ

ബാലതാരമായി വന്ന മഞ്ജിമ മോഹന് ഒരു കാലഘട്ടത്തിൽ വലിയ ആരാധക നിരയുണ്ടായിരുന്നു. എന്നാൽ ഒരു വടക്കൻ സെൽഫിയിലൂടെ തിരിച്ചുവരവ് നടത്തിയതിന് ശേഷം താരത്തിന് ബോഡി ഷേയ്മിങ് നേരിടേണ്ടി വന്നു. ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് മഞ്ജിമ മോഹൻ പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. ശരീരഭാരം കൂടിയതിന്റെ പേരിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും മഞ്ജിമ അഭിമുഖങ്ങളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും പങ്കുവെച്ചിട്ടുണ്ട്. നെഗറ്റീവ് കമന്റുകളും സ്റ്റൈലിസ്റ്റ് അഭിപ്രായങ്ങളും തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്ന് മഞ്ജിമ പറയുന്നു. പി.സി.ഒ.ഡിയുമായുള്ള പോരാട്ടത്തെക്കുറിച്ചും ശസ്ത്രക്രിയ പോലും പരിഗണിച്ച് ശരീരഭാരം കുറക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും മഞ്ജിമ മോഹൻ സംസാരിച്ചു. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബോഡി ഷേമിങ്ങിനെ കുറിച്ച് സംസാരിച്ചത്.

‘ഞാൻ കരയും, തളർന്നുപോകും. വല്ലാതെ ആധി പിടിക്കും. എന്താണ് നടക്കുന്നതെന്ന് നമുക്ക് ആദ്യം മനസിലായാലല്ലേ നമുക്ക് അടുത്ത നടപടി ആലോചിക്കാനാകൂ. സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി എന്ത് ചെയ്യാനാകും എന്നാണ് നമ്മൾ ആലോചിക്കേണ്ടത്. പക്ഷെ അത് അത്ര എളുപ്പമല്ല. നമ്മൾ ഏറെ ബുദ്ധിമുട്ടിലായിരിക്കുമ്പോൾ ലോജിക്കലായി ആലോചിക്കാൻ പ്രയാസമാണ്. തലച്ചോറല്ല, ഹൃദയമായിരിക്കും അവിടെ തീരുമാനങ്ങളെടുക്കുക. പക്ഷെ ഇപ്പോൾ പ്രശ്‌നങ്ങളെ ആക്‌സെപ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ജോലിക്കപ്പുറം എനിക്ക് മറ്റ് ലക്ഷ്യങ്ങളുണ്ട്.

എനിക്ക് പി.സി.ഒ.ഡി ഉണ്ടായിരുന്നു. അല്പം ഭാരം കൂടിയെങ്കിലും ഞാൻ ആരോഗ്യവതിയാണെന്ന് ഞാൻ കരുതി. പക്ഷേ പി.സി.ഒ.ഡി നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരുന്നു. എങ്ങനെയെങ്കിലും ശരീരഭാരം കുറക്കണമെന്ന് കരുതി. ശസ്ത്രക്രിയയിലൂടെ ശരീരഭാരം കുറക്കാൻ കഴിയുമോ എന്ന് അറിയാൻ ഞാൻ ഡോക്ടർമാരെ പോലും സമീപിച്ചിരുന്നു. എല്ലാവരും ഭാരത്തെക്കുറിച്ച് വലിയ പ്രശ്നമായി സംസാരിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ആരോഗ്യമാണ് പ്രധാനം. സിനിമ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഞാൻ ശരീരഭാരം കുറക്കുകയും വ്യത്യസ്തമായി കാണപ്പെടുകയും ചെയ്താൽ ഒരുപക്ഷേ എനിക്ക് കുറച്ച് സിനിമകൾ കൂടി ലഭിച്ചേക്കാം. പക്ഷേ അതിനുശേഷം, ഞാൻ എങ്ങനെ കാണപ്പെടുന്നുവെന്ന് ആരും ശ്രദ്ധിക്കില്ല’ മഞ്ജിമ പറഞ്ഞു.

ഇപ്പോൾ ഞാൻ മെഡിറ്റേഷനും, മ്യൂസിക്കും, സ്പിരിച്ച്വാലിറ്റിയുമായാണ് അത്തരം സന്ദർഭങ്ങളെ നേരിടാൻ ശ്രമിക്കുന്നത്. അപ്പോൾ ചിലർ വന്ന്, ഇതൊന്നും ഒരു പ്രശ്‌നമല്ല അവരുടെ ജീവിതത്തിൽ അതിലും വലിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നത് നമ്മളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. ഇത്തരം സന്ദർങ്ങളിൽ ഭർത്താവിനോട് ഏറെ സംസാരിക്കാറുണ്ട്. പിന്നെ വീട്ടിലെ പൂച്ചകളും ഉണ്ട്. തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവ എന്നെ കേട്ടിരിക്കും. കൂടെ നിൽക്കും’ മഞ്ജിമ പറഞ്ഞു. 

Tags:    
News Summary - Manjima Mohan opens up about weight struggles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.