‘കൂലി’യിൽ ആമിറിന്റെ റോളിനായി ആദ്യം സമീപിച്ചത് മറ്റൊരു ബോളിവുഡ് താരത്തെ! 'ഗ്രേറ്റ് എസ്കേപ്പ്' എന്ന് നെറ്റിസൺസ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. എന്നാൽ സിനിമക്ക് തിയറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമയെ കുറിച്ചും ലോകേഷിനെ കുറിച്ചും നിരവധി പേർ സംസാരിക്കുന്നുണ്ട്. ചിത്രത്തിൽ ആമിർ ഖാൻ കാമിയോ റോളിൽ എത്തിയിരുന്നു. എന്നാൽ ‘കൂലി’യിൽ ആമിറിന്റെ റോളിനായി ലോകേഷ് ആദ്യം സമീപിച്ചത് മറ്റൊരു ബോളിവുഡ് താരത്തെയായിരുന്നു.

കൂലിയിൽ ദാഹ എന്ന അധോലോക നായകനെയാണ് ആമിർ ഖാൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അവസാനമാണ് ആമിർ എത്തുന്നത്. മോശം പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. ആമിറിന്റെ സ്റ്റാർഡത്തിനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ലോകേഷിന് സാധിച്ചില്ലെന്നും പലരും കുറിക്കുന്നുണ്ട്. കിങ് ഖാൻ ഷാരൂഖ് ഖാനെ ആയിരുന്നു ആദ്യം ‘ദാഹ’ എന്ന ഈ കഥാപാത്രം ചെയ്യാനായി ലോകേഷ് സമീപിച്ചത്. എന്നാൽ ഷാരൂഖ് ഈ ഓഫർ നിരസിക്കുകയും തുടർന്ന് കഥാപാത്രം ആമിർ ഖാനിലേക്ക് എത്തിയെന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എസ്.ആർ.കെ ഈ റോൾ ഒഴിവാക്കിയത് നന്നായി എന്നും നടന് ചെയ്യാൻ വേണ്ടി മാത്രം ഒന്നും ആ റോളിൽ ഒന്നും ഇല്ലെന്നാണ് കമന്റുകൾ. 'ഗ്രേറ്റ് എസ്കേപ്പ്' എന്നും പലരും കുറിക്കുന്നുണ്ട്.

പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 300 കോടി കടന്നിരിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. തമിഴിൽ 300 കോടി ക്ലബിലെത്തുന്ന പത്താമത്തെ തമിഴ് സിനിമയാണിത്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്. 

Tags:    
News Summary - Another Bollywood star was first approached for Aamir's role in 'Coolie'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.